ADVERTISEMENT

മനാമ ∙ വർഷം തോറും നടന്നുവരാറുള്ള ബഹ്‌റൈനിലെ ഏറ്റവും അറിയപ്പെടുന്നതും ആയിരക്കണക്കിന് കാണികളെ ആകർഷിക്കുന്നതുമായ ഇന്ത്യൻ ക്ലബ് മേയ് ക്വീൻ 2024 ന്റെ മത്സര വേദിയിൽ മെയ് ക്വീനായി തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥിക്ക് ലഭിച്ച കിരീടം തെറ്റായി നൽകിപ്പോയതെന്ന് സംഘാടകർ.

പുതിയ മത്സര ഫലം അനുസരിച്ച് കർണാടകയിൽ നിന്നുള്ള 24 കാരിയായ ആസ്ട്രൽ കുടിൻഹ മേയ് ക്വീനായും മലയാളിയായ ഇഷിക പ്രദീപ് ഫസ്റ്റ് റണ്ണർ അപ് ആയും തിരഞ്ഞെടുക്കപ്പെട്ടതായി സംഘാടകർ പറഞ്ഞു. വേദിയിൽ മേയ് ക്വീനായി തെറ്റായി പ്രഖ്യാപിച്ച വിജയിയോട് കിരീടം തിരികെ നൽകാൻ സംഘാടകർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യഥാർഥ മത്സര വിജയിയെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന മെയ് ക്വീൻ മത്സരത്തിൽ നിന്ന്.
ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന മത്സരത്തിൽ നിന്ന്.

മത്സര വേദിയിൽ വച്ച് തന്നെ ഫലം പ്രഖ്യാപിക്കാൻ വേണ്ടി വിധികർത്താക്കൾ ഇട്ട മാർക്കുകൾ കൂട്ടിയപ്പോൾ ടാബുലേഷൻ ടീമിനുണ്ടായ കൈപ്പിഴവിൽ വിധിനിർണ്ണയം മാറിപ്പോയതാണെന്ന് സംഘാടകകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണക്കുകൂട്ടലിലെ പിഴവ് കാരണം യഥാർത്ഥ വിജയിയായ കർണാടകയിൽ നിന്നുള്ള 24 കാരിയായ ആസ്ട്രൽ കുടിൻഹയെ ഫസ്റ്റ് റണ്ണറപ്പായി തെറ്റായി പ്രഖ്യാപിച്ചു എന്ന് സംഘാടകർ പറഞ്ഞു.

പ്രസ് മീറ്റില്‍ നിന്ന്.
പ്രസ് മീറ്റില്‍ നിന്ന്.

വേദിയിൽ വച്ച് മേയ് ക്വീൻ ആയി പ്രഖ്യാപിച്ച മേരി ആനിൻ ജേക്കബ് സെക്കൻഡ് റണ്ണറപ്പായി മാറി. സെക്കൻഡ് റണ്ണർ അപ്പ് ആയി വേദിയിൽ പ്രഖ്യാപിക്കപ്പെട്ട ഇഷിക പ്രദീപ് ഇപ്പോൾ ഫസ്റ്റ് റണ്ണറപ്പ് സ്‌ഥാനത്തേക്കും മാറി.  വേദിയിൽ സംഭവിച്ച പിഴവിന് മത്സരാർഥികളോട് ക്ഷമാപണം നടത്തുന്നുവെന്നും അർഹരായവർക്ക് തന്നെ സമ്മാനം ലഭിക്കണമെന്നുള്ളത് കാരണമാണ് തെറ്റ് ഏറ്റുപറയുന്നതെന്നും സംഘാടകർ പറഞ്ഞു.

മെയ് ക്വീനായി തിരെഞ്ഞെടുക്കപ്പെട്ട ആസ്ട്രൽ കുടിൻഹ. ചിത്രത്തിന് കടപ്പാട്: നന്ദകുമാർ
ആസ്ട്രൽ കുടിൻഹ. ചിത്രം: നന്ദകുമാർ

മത്സരഫലം വന്നതിന് ശേഷം വിധികർത്താക്കൾക്ക് തോന്നിയ സംശയമാണ് സ്‌കോർ ഷീറ്റ് വീണ്ടും പരിശോധിക്കാൻ ഇടയായത്. അപ്പോഴേക്കും സോഷ്യൽ മീഡിയ വഴി വേദിയിൽ പ്രഖ്യാപിച്ച ഫലം പ്രചരിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ നൽകിയ വിധിനിർണ്ണയം തന്നെ നടപ്പിലാക്കാൻ വിധികർത്താക്കൾ സംഘാടകരോട് ആവശ്യപ്പെടുകയും, മത്സരത്തിന്റെ സുതാര്യത നിലനിർത്തുവാന്‍ വേണ്ടി സംഘാടകർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുകയുമായിരുന്നു. വാർത്താസമ്മേളനത്തിൽ വിധികർത്താക്കളുടെ പ്രതിനിധിയും പങ്കെടുത്തു.

40 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഇന്ത്യൻ ക്ലബ് മേയ് ക്വീൻ മത്സരത്തിൽ വിലപ്പെട്ട സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്. മേയ് 31 നാണ് ഇന്ത്യൻ ക്ലബ്ബിൽ വച്ച് മേയ് ക്വീൻ മത്സരം നടന്നത്.

English Summary:

Indian Club May Queen 2024 Wrongly Awarded the Title to a Contestant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com