ADVERTISEMENT

മനാമ∙ ബഹ്‌റൈനിലെ മനാമ സൂഖിൽ കഴിഞ്ഞ ദിവസം ഉണ്ടായ അഗ്നിബാധയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ചെറുതും വലുതുമായ 25 ഓളം കടകളാണ് മണിക്കൂറുകൾ കൊണ്ട് ചാമ്പലായത്. ബലി പെരുന്നാൾ അടുത്ത് വന്നത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ  കൂടുതൽ സ്റ്റോക്ക് എത്തിച്ച നിരവധി കടക്കാരുടെ സ്വപ്നങ്ങളാണ് നിമിഷ നേരം കൊണ്ട് കത്തിച്ചാമ്പലായത്. 

പഴയ മനാമ മാർക്കറ്റിലെ നിരവധി കെട്ടിടങ്ങളിലേക്കും  കടകളിലേക്കും  ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസിന്‍റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് നിയന്ത്രണ വിധേയമാക്കാനായത്. അഗ്നിബാധ ആരംഭിച്ച് നിമിഷ നേരം കൊണ്ട് തന്നെ അധികം ദൂരെയല്ലാത്ത അഗ്നിശമന സേനയ്ക്ക് സൂഖിലേക്ക് ഏതാണ് കഴിഞ്ഞതും വലിയ ദുരന്തം ഒഴിവാക്കുന്നതിന് കാരണമായി. പഴയ സൂഖിനോട് ചേർന്നുതന്നെ ആരംഭിക്കുന്ന മറ്റു സൂഖുകളും  അതിന്‍റെ തുടർച്ചയെന്നോണമുള്ള കെട്ടിട സമുച്ചയങ്ങളുമെല്ലാം വളരെ അടുത്താണ് സ്‌ഥിതി ചെയ്യുന്നത്. ഡിഫൻസ് ഫോഴ്‌സിന്‍റെ അവസരോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഗോൾഡ് സിറ്റി അടക്കമുള്ള തലസ്‌ഥാന നഗരിയെ അപ്പാടെ തീ വിഴുങ്ങുമായിരുന്നു.രക്ഷാപ്രവർത്തകർ ഉണർന്നു പ്രവർത്തിക്കുകയും  തീ അണയ്ക്കുകയും അത് നിയന്ത്രിക്കുകയും അത് വ്യാപിക്കുന്നത് തടയുകയും ചെയ്തുവെന്ന് പബ്ലിക് സെക്യൂരിറ്റി മേധാവിയും നാഷനൽ കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്‍റ്  ജനറൽ താരിഖ് ബിൻ ഹസൻ അൽ-ഹസ്സൻ പറഞ്ഞു.

ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട ചിത്രം
ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട ചിത്രം

∙ അടഞ്ഞുകിടക്കുന്ന മനാമ സൂഖ്,കാഴ്ചക്കാർ മാത്രമായി ഉടമകളും തൊഴിലാളികളും 
എന്നും തിരക്കുകളാൽ സജീവമായ മനാമ സൂഖ് ഇന്ന് ആളും അനക്കവുമില്ലാതെ നഗരമധ്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്നു. സൂഖിലെ ജീവനക്കാരും  ചില കടയുടമകളും മാത്രം ഡിഫൻസ് ഫോഴ്സ് ഏർപ്പെടുത്തിയ  'ലക്ഷ്മണ രേഖ 'യ്ക്ക്  പുറത്ത് സ്വന്തം സ്‌ഥാപനത്തിൽ പോലും കടന്നുചെല്ലാനാകാതെ  കഴിഞ്ഞ ദിവസത്തെ അഗ്നിബാധയുടെ നടുക്കത്തിൽ മനസ്സ് മരവിച്ച്  കൂട്ടം കൂടി നിൽക്കുന്നു. ഇടയ്ക്ക് ഇനിയും കെട്ടടങ്ങിയില്ലാത്ത അഗ്നിഗോളങ്ങൾക്കിടയിൽ  ഉയരുന്ന പുകച്ചുരുകൾക്ക് അപ്പുറത്ത് ഡിഫൻസ്,പൊലീസ്  ഉദ്യോഗസ്‌ഥരുടെ   നിർത്താതെയുള്ള  കഠിന ശ്രമങ്ങൾ. എങ്ങും വസ്ത്രങ്ങളും,ചെരിപ്പുകളും മറ്റും കത്തിയ ഗന്ധം. ഇന്നലെ തീപ്പിടുത്തം ഉണ്ടായ  മനാമ സൂഖിലെ  കാഴ്ചകളാണ് മേൽ വിവരിച്ചത്.

വൈകീട്ട് 3 30 0 ഓടെയാണ്  സൂഖിനെ അഗ്നി വിഴുങ്ങിയതെന്ന് ഇവിടത്തെ തൊഴിലാളികൾ പറഞ്ഞു. ഉച്ചവിശ്രമം സമയം കഴിഞ്ഞ് കട വീണ്ടും തുറക്കാൻ തുടങ്ങുന്ന സമയം ആയത് കൊണ്ട് തന്നെ സൂഖിൽ ആളുകൾ വളരെ കുറവായിരുന്നു. അതുകൊണ്ടു തന്നെ അപകടത്തിന്‍റെ വ്യാപ്തി കുറയാൻ കാരണമെന്ന് വടകര സ്വദേശി പറഞ്ഞു. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ദിനാറിന്‍റെ വസ്ത്രങ്ങളും ചെരിപ്പുകളുമാണ് കടയിൽ സൂക്ഷിച്ചിരുന്നതെന്നും ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായിപ്പോയെന്ന് കാഞ്ഞങ്ങാട് സ്വദേശിയായ സൂഖ് വ്യാപാരി പറഞ്ഞു.

∙ ഉണർന്ന് പ്രവർത്തിച്ച് മലയാളി സംഘടനകൾ 
തീപിടിത്തം ഉണ്ടായ ഉടനെ തന്നെ എല്ലാം ഇട്ടെറിഞ്ഞു ഓടിയ സൂഖിലെ താമസക്കാർക്കും തൊഴിലാളികൾക്കും സഹായമായി എത്തിയത് മലയാളി സംഘടനകൾ. ലഭ്യമായ എല്ലാ പ്രവർത്തകരെയും അപകട സ്‌ഥലത്തേയ്‌ക്ക് എത്തിക്കുകയും  സമൂഹ മാധ്യമങ്ങൾ വഴി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയും മലയാളി സംഘടനകൾ  ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. തീ അണയ്ക്കാൻ അഹോരാത്രം പണിപ്പെടുന്ന ഡിഫൻസ് അംഗങ്ങൾക്ക് അടക്കം കുടിവെള്ളവും ആവശ്യമായ സഹായവും നൽകാൻ സന്നദ്ധ പ്രവർത്തകർ ഓടിയെത്തിയിരുന്നു. ബഹ്‌റൈൻ കെ എം സി സി, ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം പ്രവർത്തകർ, ഐ വൈ സി സി ,ബഹ്‌റൈൻ പ്രതിഭ, ഐ സി എഫ് ബഹ്‌റൈൻ,മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ, സുന്നി സെന്റർ, സമസ്ത ബഹ്‌റൈൻ,പ്രവാസി വെൽഫെയർ തുടങ്ങി എല്ലാ സംഘടനകളും ഹെൽപ്പ് ലൈൻ തുറന്നു. ഭക്ഷണവും വസ്ത്രങ്ങളും താമസ സ്‌ഥലം അടക്കം നൽകാൻ തയ്യാറായി  ഈ സംഘടനകൾ ഇപ്പോഴും ദുരന്തത്തിന് ഇരയായവർക്കൊപ്പം കൈത്താങ്ങായി നിൽക്കുന്നുണ്ട്.

English Summary:

Bahrain Fire: Roads to Manama Souq are closed, causing inconvenience for many

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com