ഈദ് നമസ്‌കാരത്തിനായി ഖത്തറില്‍ 675 പള്ളികള്‍ സജ്ജം
Mail This Article
ദോഹ ∙ ഈദ് നമസ്‌കാരത്തിനായി വിശ്വാസികളെ വരവേല്‍ക്കാന്‍ ഖത്തറിലെ പള്ളികള്‍ സുസജ്ജം. ഇത്തവണ 675 പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പ്രാര്‍ത്ഥന നടക്കുക. ബലിപെരുന്നാള്‍ ദിനമായ 16ന് പുലര്‍ച്ചെ 4.58നാണ് രാജ്യത്തുടനീളമായുള്ള 675 പള്ളികളിലും ഈദ് ഗാഹുകളിലുമായി ഈദ് നമസ്‌കാരം നടക്കുന്നത്.
സ്ത്രീകള്‍ക്കായി എല്ലായിടങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഈദ് നമസ്‌കാരം നടക്കുന്ന പള്ളികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകളില്‍ ഇംഗ്ലിഷുകളിലും മലയാളത്തിലുമായി പെരുന്നാള്‍ ഖുത്തുബയുടെ പരിഭാഷയുണ്ടാകും. അല്‍ റയാനിലെ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍സദ്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലും ഈദ് നമസ്‌കാരം നടക്കും. അല്‍സദ്ദില്‍ ഇംഗ്ലിഷിലാണ് പെരുന്നാള്‍ ഖുത്തുബ നടക്കുക. പ്രാര്‍ത്ഥനക്ക് ശേഷം കുട്ടികള്‍ക്കായി ഈദ് സമ്മാനങ്ങളും വിതരണം ചെയ്യും.
ലോകകപ്പ് വേദിയിലും ഈദ് നമസ്‌കാരം
ഇത്തവണയും ഫിഫ ലോകകപ്പ് വേദികളിലൊന്നായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദ് നമസ്‌കാരം നടക്കും. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പുലര്‍ച്ചെ 3.00 ന് തുറക്കും. ഈദ് നമസ്‌കാരത്തിന് ശേഷം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി വിനോദ പരിപാടികളും ഖത്തര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ബലൂണ്‍ കലാകാരന്മാരുടെ പ്രകടനങ്ങള്‍, ഫെയ്‌സ് പെയിന്റിങ്, ഹെന്ന എന്നിവയുമുണ്ടാകും. വ്യത്യസ്ത ഈദ് രുചികളുമായി ഫുഡ് കിയോസ്‌കികളും സജീവമാകും. എജ്യൂക്കേഷന്‍ സിറ്റിയിലെ ട്രാം പുലര്‍ച്ചെ 1.30 മുതല്‍ രാവിലെ 9.00 വരെ പ്രവര്‍ത്തിക്കും. വെസ്റ്റ് കാര്‍ പാര്‍ക്ക്, എജ്യൂക്കേഷന്‍ സിറ്റി ഹോസ്പിറ്റാലിറ്റി പാര്‍ക്കിങ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. കൂടാതെ ഓക്‌സിജന്‍ പാര്‍ക്ക്, അല്‍ ഷഖാബ് എന്നിവിടങ്ങിലെ പാര്‍ക്കിങ് സൗകര്യങ്ങളും വിനിയോഗിക്കാം.