ADVERTISEMENT

അബുദാബി ∙ പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിലെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും സജ്ജമായതോടെ ബലിപെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. വമ്പൻ ഓഫറുകളുമായി വ്യാപാര സ്ഥാപനങ്ങളും ആഘോഷത്തിന് തയാറെടുപ്പ് തുടങ്ങി. ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്.

പെരുന്നാൾ അവധി നാളെയാണ് തുടങ്ങുന്നതെങ്കിലും ഇന്നലെ വൈകിട്ടു തന്നെ നഗരത്തിൽ തിരക്ക് അനുഭവപ്പെട്ടു. മലയാളികൾ തിങ്ങിപ്പാർക്കുന്ന ദുബായിലെ കരാമ, ഖിസൈസ്, ഷാർജയിലെ റോള, അജ്മാൻ, റാസൽഖൈമ, ഫുജൈറ, മുസഫ, ബനിയാസ്, ഷഹാമ, ഖാലിദിയ, മദീനാ സായിദ്, മുഷ്റിഫ്, അൽഐൻ തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. പെരുന്നാൾ വസ്ത്രം എടുക്കാനും സാധനങ്ങൾ വാങ്ങാനും ജനം പുറത്തിറങ്ങിയതോടെ പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ പാർക്കിങ് കിട്ടാത്തതിനാൽ ഇഷ്ടപ്പെട്ട കടയിൽനിന്ന് പെരുന്നാൾ കോടി വാങ്ങാനാകാതെ പലർക്കും മടങ്ങേണ്ടിവന്നു. ഇന്നു വൈകിട്ടും നാളെയും തിരക്കേറുമെന്നതിനാൽ നഗരത്തിൽനിന്ന് മാറി ഉൾപ്രദേശങ്ങളെ ഷോപ്പിങ് മാളുകളെ ആശ്രയിക്കുകയായിരുന്നു പലരും. 

ആദായ വിൽപന പ്രഖ്യാപിച്ച വ്യാപാര സ്ഥാപനങ്ങളിലും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളും വിൽക്കുന്ന കടകളിലുമാണ് തിരക്ക് അനുഭവപ്പെട്ടത്. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളും വസ്ത്ര വിപണികളിലും ഇറച്ചിക്കടകളിലും തിരക്കുണ്ട്. 

ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ഹാഫ് പേ ബാക്ക് ഓഫറായിരുന്നു ആകർഷണം. 200 ദിർഹത്തിന് വസ്ത്രം, ചെരിപ്പ് എന്നിവ വാങ്ങുമ്പോൾ 100 ദിർഹത്തിന്റെ വൗച്ചർ തിരിച്ചു നൽകുന്ന ആനുകൂല്യം ഒട്ടേറെ പേർ ഉപയോഗപ്പെടുത്തുന്നുണ്ട്.

പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നാളെ മുതൽ 18 വരെയാണ് അവധി. ഏതാനും ദിവസം കൂടി ലീവെടുത്ത് ഒരാഴ്ചത്തേക്കു വിദേശ വിനോദ യാത്ര നടത്തുന്നവരുമുണ്ട്. പെരുന്നാളിനോടൊപ്പം വാർഷിക അവധിയും ചേർത്ത് നാട്ടിലേക്കും പോയവരും പോകാനിരിക്കുന്നവരുമുണ്ട്.

പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പ്രധാന റോഡുകളിലും പാർക്കിലും ബീച്ചിലും മറ്റു വിനോദ കേന്ദ്രങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റോഡിൽ വാഹനവുമായി അഭ്യാസപ്രകടനം  നടത്തുന്നവർക്കെതിരെയും അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതോടെ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കു പോകാൻ സാധിക്കാത്ത പ്രവാസി കുടുംബങ്ങളമുണ്ട്.  നാലംഗ കുടുംബത്തിനു നാട്ടിലേക്കു പോയി വരാൻ ടിക്കറ്റ് ഇനത്തിൽ മാത്രം 4 ലക്ഷത്തോളം  രൂപ ചെലവാകും. രണ്ടാഴ്ചയ്ക്കു ശേഷം യുഎഇയിൽ വേനൽ അവധി ആരംഭിക്കുന്നതിനാൽ അതിനുശേഷമാകും ഭൂരിഭാഗം കുടുംബങ്ങളും നാട്ടിലേക്കു തിരിക്കുക.

English Summary:

UAE ready to Celebrate Eid ul Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com