130-ാം വയസ്സിൽ ആദ്യ ഹജ്; സുർഹുദ മുത്തശ്ശിയെ വരവേറ്റ് സൗദി
Mail This Article
മക്ക ∙ പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഹജ്ജിന് എത്തിയിരിക്കുകയാണ് 130ാം വയസ്സിലേക്കു ചുവടുവയ്ക്കുന്ന അൾജീരിയൻ സ്വദേശിനി സുർഹുദ സ്തിതി. ഇത്തവണത്തെ പ്രായം കൂടിയ ഹജ് തീർഥാടകയാണ് സുർഹുദ.
1894 ജൂലൈ 6നു ഗുൽമ പ്രവിശ്യയിലെ ഐൻ എൽ അർബിയിൽ ജനിച്ച സുർഹുദയ്ക്ക് ആദ്യ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചത് 130ാമത്തെ വയസ്സിലും. ഇതുവരെ ഹജ് നിർവഹിച്ചവരിൽ ഏറ്റവും പ്രായമേറിയ തീർഥാടക എന്ന റെക്കോർഡിലേക്ക് സുർഹുദ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രായമായ കൊച്ചുമകൾ ജാനറ്റിനൊപ്പമാണ് അവർ ഹജ്ജിനെത്തിയത്.
വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും ഭക്തിയുടെയും മാർഗത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ വനിത. വിമാനത്താവളത്തിൽ മാലയിട്ട് സ്വീകരിച്ച സൗദി അധികൃതരുടെ ഓരോ ചോദ്യത്തിനും ചുറുചുറുക്കോടെ മറുപടി പറഞ്ഞത് കേട്ടുനിന്നവർക്കും പ്രചോദനമായി. വീൽചെയറിലാണെങ്കിലും ഹജ്ജിന്റെ പവിത്രമായ കർമങ്ങൾ നിർവഹിക്കാനുള്ള ആരോഗ്യവും മനക്കരുത്തും ഉണ്ടെന്ന് സുർഹുദ പറഞ്ഞു. സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യം ഉൾക്കൊള്ളുന്ന മുത്തശ്ശി ഒട്ടേറെ തലമുറയ്ക്ക് പ്രചോദനമായതായി ജാനറ്റ് പറഞ്ഞു.
ജീവിതത്തിൽ രണ്ടുതവണ ഉംറ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഹജ് നിർവഹിക്കുന്നതെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുഹൂർത്തമാകുമെന്നും സുർഹുദ പറഞ്ഞു. ഹജ്ജിനുശേഷം ജൂലൈ 6ന് സൗദിയിൽ വച്ച് 130ാമത്തെ ജന്മദിനം ആഘോഷിച്ചാകും ഇവരുടെ മടക്കം.