കുവൈത്ത് ദുരന്തം: മൃതദേഹങ്ങളുമായി വിമാനം ആദ്യം കൊച്ചിയിലെത്തും, പിന്നീട് ഡൽഹിയിലേക്ക്
Mail This Article
കുവൈത്ത് സിറ്റി∙ മംഗഫിലെ അഗ്നിബാധയിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പുലർച്ചെ നാലരയോടെയുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, 4 ഉത്തർപ്രദേശുകാർ, 3 ആന്ധ്രപ്രദേശ് സ്വദേശികൾ, ബിഹാർ, ഒഡിഷ 2 വീതം, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമബംഗാൾ സ്വദേശികൾ ഒന്നു വീതം എന്നിങ്ങനെ ആകെ 46 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇന്നലെ അധികൃതർ പുറത്തുവിട്ട റിപ്പോർട്ട്. കുവൈത്ത് സമയം അർധരാത്രി 12.30ന് ചാർട്ടേർഡ് വിമാനത്തില്‍ ആദ്യം കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കുമാണ് മൃതദേഹങ്ങളെല്ലാം കൊണ്ടുപോയത്. മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിൽ ബന്ധുക്കൾക്ക് വിട്ടുകൊടുത്തശേഷം ബാക്കി മൃതദേഹങ്ങളുമായി അവിടെ നിന്ന് വിമാനം അതാത് സംസ്ഥാനങ്ങളിലേക്ക് പറക്കും.
മരിച്ച മലയാളികൾ: അരുൺ ബാബു, നിതിന്‍ കൂത്തുർ, അനീഷ് കുമാർ ഉണ്ണാൻകണ്ടി, സിബിൻ തിവറോട്ട് ഏബ്രഹാം, തോമസ് ചിറയിൽ ഉമ്മൻ, മാത്യു തോമസ്, ആകാശ് ശശിധരൻ നായർ, രഞ്ജിത് കുണ്ടടുക്കം, ഷിബു വർഗീസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സജു വർഗീസ്, കേളു പൊന്മലേരി, സ്റ്റെഫിൻ ഏബ്രഹാം സാബു, ബാഹുലേയൻ മറക്കടത്ത്പറമ്പിൽ, നൂഹ് കുപ്പന്‍റെപുരയ്ക്കൽ, ലൂക്കോസ് വടക്കോട്ടു ഉണ്ണുണ്ണി, സാജൻ ജോർജ്, പുളിനിക്കുന്ന വാസുദേവൻ മുരളീധരൻ നായർ, വിശ്വാസ് കൃഷ്ണൻ, ശ്രീഹരി പ്രദീപ്, ബിനോയ് തോമസ്, ഷമീർ ഉമറുദ്ദീൻ, സുമേഷ് പിള്ള സുന്ദരൻ.
തമിഴ്നാട് സ്വദേശികൾ: വീരചാമി മാരിയപ്പൻ, ചിന്നദുരൈ കൃഷ്ണമൂർത്തി, ശിവശങ്കർ ഗോവിന്ദൻ, രാജു എബമേശൻ, കറുപ്പണ്ണൻ രാമു, ഭുനാഫ് റിചാർഡ് റോയ് അനന്തമനോഹരൻ, മുഹമ്മദ് ഷരീഫ്.
പ്രവീൺ മാധവ് സിങ്, ജയ്റാം ഗുപ്ത, അങ്കാദ് ഗുപ്ത(ഉത്തര്‍പ്രദേശ്), സത്യ നാരായണ മൊല്ലേട്ടി, ഈശ്വരുഡു മീസല, ലോകനാഥം തമദ(ആന്ധ്രപ്രദേശ്), ഷിയോ ശങ്കർ സിങ്, മുഹമ്മദ് ജവുർ, വിജയകുമാർ പ്രസന്ന, ഡെന്നി ബേബി കരുണാകരൻ, സന്തോഷ്കുമാർ ഗൗഡ, ദ്വാരകേഷ് പട്ടനായക്, മുഹമ്മദ് അലി ഹസൻ, അനിൽഗിരി, ഹിമത് റായ് എന്നിവരാണ് മരിച്ച മറ്റുള്ളവർ.
നാളെ ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് തന്നെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ കുവൈത്ത് ഭരണാധികാരി നിർദേശം നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ തമ്പടിച്ച് നടപടികൾ പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകി.
ബുധനാഴ്ച പുലർച്ചെ നാലരയോടെ മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തുണ്ടായ വൻ അഗ്നിബാധയിലാണ് ഇവർ മരിച്ചത്. ഈജിപ്തുകാരനായ കെട്ടിട കാവൽക്കാരന്‍റെ മുറിയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായിരുന്നു വൻ ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല