ഈദ്: ഖത്തറിൽ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു
Mail This Article
ദോഹ∙ ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ (പിഎച്ച്സിസി) കീഴിലെ ഹെല്‍ത്ത് സെന്ററുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. 11 ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസം 16 മുതല്‍ 20 വരെയാണ് ബലിപെരുന്നാള്‍ അവധി. ഈ ദിനങ്ങളില്‍ രാജ്യത്തെ 31 ഹെല്‍ത്ത് സെന്ററുകളില്‍ 20 എണ്ണവും പ്രവര്‍ത്തിക്കും. അല്‍ വക്ര, അല്‍ മതാര്‍-ഓള്‍ഡ് എയര്‍പോര്‍ട്ട്, അല്‍ മഷാഫ്, അല്‍ തുമാമ, റൗദത്ത് അല്‍ ഖെയ്ല്‍, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, അല്‍ സദ്ദ്, ലിബൈബ്, ഗരാഫത്ത് അല്‍ റയാന്, മദീനത്ത് ഖലീഫ, അബു ബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയാന്, മിസൈമീര്‍, മൈതര്‍, അല്‍ഖോര്‍, അല്‍റുവൈസ്, അല്‍ ഷിഹാനിയ, വെസ്റ്റ് ബേ, അല്‍ ജുമൈലിയ (ഓണ്‍ കോള്‍), ഉം സലാല്‍ എന്നീ 20 ഹെല്‍ത്ത് സെന്ററുകളാണ് ഈദ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുക.
ഈ കേന്ദ്രങ്ങളിലെല്ലാം രാവിലെ 7.00 മുതല്‍ രാത്രി 11.00 വരെ ഫാമിലി മെഡിസിനും അനുബന്ധ സേവനങ്ങളും വെസ്റ്റ് ബേ, ഉം സലാല്‍ എന്നിവിടങ്ങളില്‍ ഒഴികെ രാത്രി 10.00 വരെ ദന്തല്‍ സേവനങ്ങളും ലഭിക്കും. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും ഓണ്‍ കോള്‍ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. സ്പെഷാലിറ്റി ക്ലിനിക്കുകള്‍ മുന്‍-അപ്പോയ്ന്‍മെന്റുകള്‍ക്ക് അനുസരിച്ച് രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെയും വൈകിട്ട് 4.00 മുതല്‍ രാത്രി 10.00 വരെയും 2 ഷിഫ്റ്റുകളായിട്ട് പ്രവര്‍ത്തിക്കും. ലിബൈബ്, റൗദത്ത് അല്‍ ഖെയ്ല്‍ എന്നീ കേന്ദ്രങ്ങളിലെ ഒഫ്താല്‍മോളജി, ഡെര്‍മെറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ദിവസേന പ്രവര്‍ത്തിക്കും.
അല്‍ മഷാഫ് കേന്ദ്രത്തിലെ പ്രീ-മാരിറ്റല്‍ പരിശോധനാ ക്ലിനിക്ക് 17ന് വൈകിട്ട് 4.00 മുതല്‍ രാത്രി 10.00 വരെയും അല്‍ റയാനിലേത് 18ന് രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെയും ലിബൈബിലേത് 20ന് രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെയുമാണ് പ്രവര്‍ത്തിക്കുക. അടിയന്തര പരിചരണ സേവനങ്ങള്‍ക്കായി അല്‍ ഷിഹാനിയ, അബു ബക്കര്‍ സിദ്ദിഖ്, അല്‍ കാബന്, ഗരാഫത്ത് അല്‍ റയാന്, റൗദത്ത് അല്‍ ഖെയ്ല്‍, അല്‍ കരാന (മുതിര്‍ന്നവര്‍ക്ക് മാത്രം), മൈതര്‍, അല്‍ റുവൈസ്, ഉം സലാല്‍, അല്‍ മഷാഫ്, അല്‍ സദ്ദ് എന്നീ 11 കേന്ദ്രങ്ങള്‍ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഹെല്‍ത്ത് സെന്ററുകളിലെ മരുന്നുകളുടെ ഹോം ഡെലിവറി സേവനം 16, 17 തീയതികളില്‍ ഉണ്ടായിരിക്കില്ല. 18 മുതല്‍ സേവനം തുടര്‍ന്നും ലഭിക്കും. മെഡിക്കല്‍ കണ്സല്റ്റേഷന് സേവനങ്ങള്‍ക്കായുള്ള കോള്‍ സെന്റര്‍ (16000) 24 മണിക്കൂറും പ്രവര്‍ത്തിക്കും.