രണ്ട് വർഷമായി ഇറാന്റെ തടവിൽ; ഒമാൻ ഇടപെട്ടു, ലൂയിസ് അര്‍നൗഡ് മോചിതനായി
Mail This Article
മസ്കത്ത് ∙ ഇറാനില്‍ തടങ്കലിലായിരുന്ന ഫ്രഞ്ച് പൗരനെ മോചിപ്പിച്ചു. ഒമാന്റെ ഇടപെടലിലൂടെയാണ് ലൂയിസ് അര്‍നൗഡ് എന്നയാളുടെ മോചനം സാധ്യമായത്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഇറാനില്‍ തടവില്‍ കഴിയുകയായിരുന്നു. ഇദ്ദേഹം നാട്ടിലെത്തിയതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
ലൂയിസ് അര്നൗഡിന്റെ മോചനത്തിന് ഇടപ്പെട്ട ഒമാന്‍ സര്‍ക്കാറിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നന്ദി അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ ഒമാനി സുഹൃത്തുകള്‍ക്കും ഈ വിഷയത്തില്‍ ഇടപ്പെട്ട മറ്റുള്ളവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് മാക്രോണ്‍ എക്സില്‍ കുറിച്ചു.
തടവിലുള്ള ഫ്രഞ്ച് തടവുകാരായ സെസിലി, ജാക്വസ്, ഒലിവിയര്‍ എന്നിവരെ കൂടി മോചിപ്പിക്കാന്‍ ഇറാനോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളിലും പ്രചാരണത്തിലും പങ്കെടുത്തുവെന്നാരോപിച്ച് 2022 സെപ്തംബറില്‍ ആണ് 30 വയസ്സുകാരനായ ലൂയിസ് അര്‍നോഡ് ഇറാനില്‍ അറസ്റ്റിലാകുന്നത്.