കുവൈത്ത് ദുരന്തം : ലോക കേരളസഭ നിര്‍ത്തിവയ്ക്കണമെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള
Mail This Article
തിരുവനന്തപുരം ∙ ലോക കേരളസഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് - ഇന്‍കാസ് ഗ്ലോബൽ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആവശ്യപ്പെട്ടു. കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവരോടുള്ള അനാദരവുകൂടിയാണ് ഇത്. ലോക കേരളസഭയ്ക്കായി മാറ്റിവച്ച പണം മരിച്ച പ്രവാസികളുടെ കുടുംബത്തിന് നല്‍കണം. പ്രവാസികള്‍ക്കുവേണ്ടിയുള്ള സഭയാണ് ലോക കേരളസഭയെങ്കില്‍ ഇത്തരമൊരു ദുരിതസമയത്ത് സാമാന്യ മര്യാദപുലര്‍ത്താനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇതില്‍ നിന്നുതന്നെ സമ്പന്നരായ പ്രവാസികളെ ലക്ഷ്യംവച്ചു മാത്രം സര്‍ക്കാര്‍ നടത്തുന്ന പ്രഹസനമാണ് ലോക കേരളസഭയെന്ന് വ്യക്തമാക്കുകയാണ്.
ഈ ധൂര്‍ത്ത് സഭ ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കും. ഉദ്ഘാടന പരിപാടികളും കലാമാമാങ്കവും മാറ്റിവച്ചതുകൊണ്ടു മാത്രം കാര്യമില്ല. സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത് അവരുടെ താല്‍പര്യം സംരക്ഷിക്കുന്നിതിനായി മാത്രമാണ്. മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ തലസ്ഥാനത്ത് എത്തുമ്പോഴും ലോക കേരളസഭ നടത്തുന്നത് പ്രവാസികളോടുള്ള അങ്ങേയറ്റത്തെ അവഗണനയുടെ സൂചനയാണ്. സര്‍ക്കാരിന്റെ ഈ ഗര്‍വാണ് ജനങ്ങള്‍ തിരിച്ചറിയേണ്ടത്.
ലോക കേരളസഭ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കാന്‍ വേണ്ടി മാത്രം നടത്തുന്ന തട്ടിപ്പ് പരിപാടിയാണ്. ഈ സഭകൊണ്ടുണ്ടായ നേട്ടം എന്ത് എന്ന് ഇപ്പോഴും വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ചര്‍ച്ചകളും സംവാദങ്ങളുംകൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രവാസി പ്രശ്‌നങ്ങള്‍. കേരളത്തില്‍ എത്ര പ്രവാസികളുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ലാത്ത ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. പ്രവാസികളുടെ കൃത്യമായ എണ്ണം അടയാളപ്പെടുത്തുമെന്ന് കഴിഞ്ഞ സഭയില്‍ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അതിനിപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എത്ര പ്രവാസികളുണ്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാരാണ് പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് കൗതുകം. ബജറ്റിലെ പ്രഖ്യാപനങ്ങളും കോവിഡ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പാക്കേജുമൊക്കെ സര്‍ക്കാര്‍ തന്നെ മറന്നിട്ടുണ്ടെന്നും കുമ്പളത്ത് ശങ്കരപ്പിള്ള കൂട്ടിച്ചേർത്തു.