ADVERTISEMENT

ദോഹ ∙ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും   ബലിപെരുന്നാൾ ആഘോഷത്തിനായി ഖത്തര്‍ ഒരുങ്ങി. കത്താറ കള്‍ചറല്‍ വില്ലേജ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഈദ് ആഘോഷങ്ങള്‍ നടക്കും. വാരാന്ത്യമായതിനാല്‍ സര്‍ക്കാര്‍ മേഖല ഇന്നു മുതല്‍ ഈദ് അവധിയില്‍ പ്രവേശിച്ചു കഴിഞ്ഞു. 16 മുതല്‍ 20 വരെയാണ് അവധി. വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ഇത്തവണയും 9 അവധി ദിനങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. ആശുപത്രികളും സര്‍ക്കാര്‍ സേവന വകുപ്പുകളും ഈദ് അവധി ദിനങ്ങളിലെ പ്രവര്‍ത്തന സമയക്രമവും പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാള്‍ നാട്ടിലെ കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ പ്രവാസികളില്‍ പലരും നാട്ടിലേക്കുള്ള യാത്രാ തിരക്കിലാണ്. 

കത്താറ, മിഷെറീബ് ഡൗണ്‍ ടൗണ്‍, അല്‍ ഷഖബ് തുടങ്ങി രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലും മാള്‍ ഓഫ് ഖത്തര്‍, പ്ലേസ് വിന്‍ഡോം, ദോഹ ഫെസ്റ്റിവല്‍ സിറ്റി ഉള്‍പ്പെടെയുള്ള ഷോപ്പിങ് മാളുകളിലും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യമായ ആഘോഷ പരിപാടികള്‍ നടക്കുക. കൂടാതെ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തില്‍ 18ന് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ അല്‍ മയാസ തീയറ്ററില്‍ അന്തരിച്ച തുനീസിയന്‍ ഗായിക തിക്രയോടുള്ള ആദരസൂചകമായി 'തിക്രയെ ഓര്‍മിക്കുന്നു' എന്ന തലക്കെട്ടില്‍ പ്രത്യേക സംഗീത പരിപാടി ആസ്വദിക്കാം. അസ്മ, ഉമെയ്മ താലിബ് എന്നിവരാണ് ഷോ നയിക്കുന്നത്. 19ന് ലൈലത്ത് എല്‍സമാന്‍ എല്‍ജമീല്‍ എന്ന തലക്കെട്ടില്‍ മെയ് ഫറൂഖ്, റിഹാം അബ്ദല്‍ഹക്കീം എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും. 

കത്താറയില്‍ വെടിക്കെട്ട് കാണാം
ബലിപെരുന്നാളിന്റെ ആദ്യ ദിനമായ 16 മുതല്‍ 19 വരെ 4 ദിവസമാണ് രാജ്യത്തിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ ഈദ് ആഘോഷങ്ങള്‍ നടക്കുക. കത്താറ കോര്‍ണിഷിലും വിസ്ഡം സ്‌ക്വയറിലുമായി വൈകിട്ട് 6.00 മുതല്‍ രാത്രി 10.00 വരെയാണ് പരിപാടികള്‍. ഈദിന്റെ ആദ്യ 4 ദിവസങ്ങളിലും കത്താറ സ്ട്രീറ്റിലൂടെ കാറുകളില്‍ കടന്നു പോകുന്ന കുട്ടികള്‍ക്കായി സമ്മാനങ്ങളും വിതരണം ചെയ്യും. കത്താറ കോര്‍ണിഷില്‍ ഖത്തരി അര്‍ധ, പൊലീസ് മ്യൂസിക് ബാന്‍ഡ് ഷോ, സ്‌റ്റേജ് ഷോകള്‍, ഹെന്ന കോര്‍ണര്‍, ഹെറിറ്റേജ് ശില്‍പശാലകള്‍, ലളിതകലാ പ്രദര്‍ശനം, തല്‍സമയ ഡ്രോയിങ്, ചുമര്‍ചിത്രരചന തുടങ്ങി വ്യത്യസ്തമായ ആഘോഷപരിപാടികള്‍ 3 ദിവസങ്ങളിലായി നടക്കുക. 12-ാം നമ്പര്‍ കെട്ടിടത്തില്‍ വൈകിട്ട് 4.00 മുതല്‍ പുലര്‍ച്ചെ 12.00 വരെ കുട്ടികള്‍ക്കായി ഇലക്ട്രോണിക് ഗെയിമുകളും സംഘടിപ്പിച്ചിട്ടുണ്ട്. കത്താറ കോര്‍ണിഷില്‍ രാത്രി 10.00 മുതല്‍ 10.10 വരെ നീളുന്ന വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനത്തോടെയാണ് ദിവസേനയുള്ള ആഘോഷ പരിപാടികള്‍ സമാപിക്കുന്നത്. 

മിഷെറിബില്‍ പരിപാടികളേറെ
മിഷെറീബ് ഡൗണ്‍ടൗണില്‍ ഈദ് ദിനങ്ങളില്‍ വിപുലമായ പരിപാടികളാണ് നടക്കുക. മിഷെറീബ് ഗല്ലേറിയയിലാണ് ആഘോഷം. തല്‍സമയ വിനോദ പരിപാടികളുമുണ്ടാകും. കുട്ടികള്‍ക്കായി ട്രഷര്‍ ഹണ്ട് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ആക്ടിവിറ്റികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

കുതിരകള്‍ക്കൊപ്പം ആഘോഷിക്കാം
അല്‍ ഷഖബില്‍ 18 മുതല്‍ 20 വരെ വൈകിട്ട് 4.00 മുതല്‍ രാത്രി 8.00 വരെയാണ് ഈദ് ആഘോഷം. അറേബ്യന്‍ കുതിരകള്‍, കുഞ്ഞന്‍ കുതിരകള്‍ എന്നിവയുടെ മേല്‍ സവാരി നടത്താം. ഫെയ്‌സ് പെയിന്റിങ് വരക്കാം. ഇന്‍ഫ്‌ളേറ്റബിള്‍ ഒബ്സ്റ്റക്കിള്‍ കോഴ്‌സില്‍ പങ്കെടുക്കാം. ഹെന്ന ഇടാം, 360 ഡിഗ്രിയില്‍ ചിത്രങ്ങളുമെടുക്കാം. 

ഷോപ്പിങ് മാളുകളിലും 
ഷോപ്പിങ് മാളുകളില്‍ 22 വരെയാണ് ഈദ് ആഘോഷം. മാള്‍ ഓഫ് ഖത്തറില്‍ 15ന് ഒഴികെയുള്ള ദിനങ്ങളില്‍ ഉച്ചയ്ക്ക് 1.00 മുതല്‍ രാത്രി 10.00 വരെയാണ് പരിപാടികള്‍. മാളിലെ ഒയാസിസ് സ്റ്റേജില്‍ അല്‍ റയാന്‍ ടിവിയുടെ കിഡ്‌സ് ലൈവ് ഷോ, ഫണ്‍ ആക്ടിവിറ്റികള്‍, ആര്‍ട്-ക്രാഫ്റ്റ് പരിപാടികള്‍, ഫെയ്‌സ് പെയിന്റിങ് എന്നിവക്ക് പുറമെ മത്സരങ്ങളും സമ്മാനങ്ങളും സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്. 

ലുസെയ്‌ലിലെ പ്ലേസ് വിന്‍ഡോമിലെ രണ്ടാം നിലയില്‍ ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 10.00 വരെ കുട്ടികള്‍ക്കായി കാര്‍ റേസ് ഉള്‍പ്പെടെയുള്ള പരിപാടികളാണ് നടക്കുക. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഇന്ന് മുതല്‍ 22 വരെ ആംഗ്രി ബേര്‍ഡ്‌സ് വേള്‍ഡില്‍ ഫ്‌ളോക്ക് ഷോ, 14 മുതല്‍ 16 വരെ സര്‍ക്കസ്, 17 മുതല്‍ 19 വരെ അല്ലാദ്ദീന്‍ ഷോ, 20 മുതല്‍ 22 വരെ ആലീസിന്റെ അത്ഭുത ലോകം ഷോ, 17 മുതല്‍ 19 വരെ സ്‌നോ ഡ്യൂണ്‍സില്‍ ഫ്രോസ്റ്റി സര്‍ക്കസ് ഷോ, 20 മുതല്‍ 22 വരെ പറക്കും പിയാനോ ഷോ, വെര്‍ച്ചോ സിറ്റിയില്‍ 20 മുതല്‍ 22 വരെ ഇലക്ട്രോണ്‍ ഡാന്‍സ് ഷോ, 17 മുതല്‍ 19 വരെ ലേസര്‍ ഷോ എന്നിവയാണ് നടക്കുക.

English Summary:

Qatar ready to celebrate Eid al-Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com