ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ രണ്ടായിരത്തോളം തടവുകാർക്ക് മോചനം
Mail This Article
അബുദാബി ∙ ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ രണ്ടായിരത്തോളം തടവുകാർക്ക് മോചനം. രാജ്യത്തെ വിവിധ ജയിലുകളിൽ തടവനുഭവിക്കുന്ന 1,138 പേരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായിലെ ജയിലുകളിൽ നിന്ന് 686 പേരെ മോചിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉത്തരവിട്ടു.
ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇയുടെ മാനുഷിക പദ്ധതികളുമായി പ്രസിഡന്റ് നൽകിയ മാപ്പ് യോജിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കാനും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകാനും ഇത് അവസരം നൽകുന്നുവെന്നും വ്യക്തമാക്കി. എല്ലാ വർഷവും റമസാനിലും ബലിപെരുന്നാളിലും ശിക്ഷാകാലത്ത് മികച്ച സ്വഭാവം കാണിക്കുന്നവരടക്കം തിരഞ്ഞെടുത്ത തടവുകാര്‍ക്ക് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ മോചനം നൽകാറുണ്ട്. എന്നാൽ ഏത് രാജ്യക്കാരെല്ലാമാണ് മോചിതരാവുക എന്ന് വ്യക്തമാക്കിയിട്ടില്ല.