അറബികളെ അറബിക് പഠിപ്പിക്കുന്ന മലയാളി; ജോലിയിലെ മികവ് നസീമിനെ എത്തിച്ചത് ഷെയ്ഖ് ഹംദാന്റെ ഓഫിസിൽ
Mail This Article
‘‘അസ്സലാമു അലൈക്കും, വഅലൈക്കുമുസ്സലാം’’, രണ്ട് അറബിക് അഭിവാദ്യവാക്യങ്ങള്‍ പഠിപ്പിച്ച് സിനിമയില്‍ ദാസനും വിജയനും കടല്‍ കടക്കാന്‍ ആത്മവിശ്വാസം നല്‍കിയ,മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗഫൂർക്ക, ഇന്ന് കാലം മാറി, കഥയും.
ഷാർജ സർവകലാശാലയിലെ കോളേജ് വരാന്തയില്‍ കാതോർത്താല്‍ അറബിക് ഭാഷ പഠനം കേള്‍ക്കാം, പഠിപ്പിക്കുന്നതാകട്ടെ നല്ല അസ്സല്‍ മലയാളി, മലപ്പുറം ദേവതിയാല്‍ സ്വദേശി നസീം ദേവതിയാല്‍. ഷാർജ യൂണിവേഴ്സിറ്റി സ്കൈലൈൻ യൂണിവേഴ്സിറ്റി കോളേജിലെ അറബിക് പ്രഫസറാണ് നസീം. അവിടെ അറബിക് ഭാഷ പഠിപ്പിക്കുന്നതാകട്ടെ യുഎഇ സ്വദേശികള്‍ ഉള്‍പ്പടെയുളള വിദ്യാർഥികള്‍ക്ക്. സർവകലാശാലകളില്‍ മിക്ക കോഴ്സുകളിലും അറബിക് ഭാഷ പഠിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുളള വിദ്യാർഥികള്‍ മറ്റ് കോഴ്സുകള്‍ക്കൊപ്പം തന്നെ അറബികും പഠിക്കണം. അവരെ അറബിക് പഠിപ്പിക്കുകയെന്നുളളതാണ് നസീം ദേവതിയാലിന്‍റെ ചുമതല. 2 മാസത്തേക്കുളള സമ്മർ കോഴ്സിലേക്കാണ് നിലവില്‍ നിയമനമെങ്കിലും അതുകഴിഞ്ഞ് റെഗുലർ കോഴ്സിലേക്ക് മാറും.
നസീമിന് അറബിക് എന്നാൽ ആശയവിനിമയോപാധിക്കുള്ളൊരു ഭാഷ മാത്രമല്ല, ഹൃദയത്തോട് ചേർന്നുനില്‍ക്കുന്ന ഇഷ്ടവും കൂടിയാണ്. ആ ഇഷ്ടവും താല്‍പര്യവുമൊന്നുകൊണ്ടുതന്നെയാണ് അറബിക്കിനെ കുറിച്ച് കൂടുതലറിയാനും അതില്‍ തന്നെ കരിയർ തുടരാനും നസീം തീരുമാനിച്ചതും. അറബിക്കില്‍ ബിരുദവും ബിരുദാനന്തരബിരുദവും കൂടാതെ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2010 ലാണ് യുഎഇയിലെത്തുന്നത്. 9 വർഷം ഖത്തർ ആഭ്യന്തര വകുപ്പിൽ വിവർത്തകനായി ജോലി ചെയ്തതിന് ശേഷമായിരുന്നു യുഎഇയിലേക്ക് എത്തുന്നത്.
ദുബായ് മുനിസിപ്പാലിറ്റിയിലെ ജോലി മികവ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്‍റെ ഓഫിസിലേക്ക് എത്താനുളള അവസരമൊരുക്കി. അറബിയുൾപ്പെടെ നാല്പതോളം രാജ്യാന്തര ഭാഷകളിൽ വിവിധ സേവനങ്ങൾ നല്‍കുന്ന ഓഫിസ് ദുബായില്‍ സജ്ജീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. അറബിക്കിൽ നല്‍കിയ സേവനങ്ങള്‍ വിലയിരുത്തി ദുബായ് സർക്കാർ അൽഹിന്ദിയ്യ എന്ന ഓൺലൈൻ അറബി ന്യൂസ് പോർട്ടലിന്‍റെ ചീഫ് എഡിറ്റർ കൂടിയായ നസീമിന് ഗോള്‍ഡന്‍ വീസ നല്‍കിയിട്ടുണ്ട്. ഈ കാറ്റഗറിയില്‍ ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യമലയാളി കൂടിയാണ് നസീം.
കോവിഡ് കാലത്തു തുടങ്ങിയ ഓൺലൈൻ ക്ലാസുകളിലൂടെ എഴുന്നൂറിലധികം വിദ്യാർഥികളെ നസീം അറബിക് പഠിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാഷയിൽ അവഗാഹം ആഗ്രഹിക്കുന്നവർ വ്യാകരണത്തോടു കൂടി മോഡേൺ സ്റ്റാൻഡേർഡ് അറബിക് പഠിക്കുമ്പോൾ പ്രാദേശിക സംസാര രീതികൾ മാത്രം പഠിക്കുന്നവരും ധാരാളം. കൂടാതെ ആശുപത്രികള്‍, ഡിപ്ലോമാറ്റിക് സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവക്ക് കസ്റ്റമൈസ്ഡ് ബിസിനസ് അറബിക് കോഴ്സുകളും നൽകുന്നുണ്ട്. നസീമിന്‍റേതായി ഗൾഫ് പ്രാക്ടിക്കൽ അറബിക് എന്ന പേരിൽ ഒരു പുസ്തകം പ്രസാധനത്തിന് തയ്യാറായിട്ടുണ്ട്.
മജ്ഞു വാര്യർ നായികയായെത്തിയ ആയിഷയെന്ന മലയാളചിത്രം അറബിക്കിൽ ഒരുങ്ങിയപ്പോള്‍ അതിന്‍റെ സംഭാഷണം സൗദി പ്രാദേശിക ശൈലിയിൽ ഒരുക്കിയതും നസീമാണ്. അണിയറപ്രവർത്തകരുമായുളള ബന്ധവും സംവിധായകന്‍ സക്കറിയുമായുളള പരിചയവുമാണ് സിനിമയുടെ ഭാഗമാകാൻ വഴിയൊരുക്കിയത്.
മലയാളിയുടെ പ്രവാസത്തിന്‍റെ വലിയൊരു പങ്കുളളത് ഗള്‍ഫ് നാടുകള്‍ക്കാണ്. ആ നാടും ഭാഷയുമെല്ലാം അവരറിയാതെ അവരുടേതായി മാറുന്ന മാന്ത്രികതകൂടി ഗള്‍ഫ് പ്രവാസത്തിനുണ്ട്. ഷാർജയിലെ ക്ലാസ് മുറികളില്‍ സ്വദേശികളായ സഹപ്രവർത്തകർക്കൊപ്പം സ്വദേശികളായ വിദ്യാർഥികളെയടക്കം നസീം അറബിക് പഠിപ്പിക്കുമ്പോള്‍ ഈ നാടും ഭാഷയും നമ്മുടേതുകൂടിയായി മാറുകയാണ് ഒരിക്കല്‍ കൂടി.