ADVERTISEMENT

മിനാ ∙ അറഫ സംഗമത്തിൽ പങ്കെടുക്കാത്തവരുടെ ഹജ് പൂർണമാകില്ല എന്നതിനാൽ ആശുപത്രികളിൽ ഐസിയുവിൽ ആയിരുന്ന തീർഥാടകരെ വരെ പ്രത്യേക ആംബുലൻസിലും എയർ ആംബുലൻസിലുമായി സൗദി അധികൃതർ അവിടെ എത്തിച്ചു. 

മക്കയിലും മിനായിലുമുള്ള ചികിത്സാകേന്ദ്രങ്ങളിൽ നിന്ന് ഒരു കുഴപ്പവും കൂടാതെ ഇവരെയെത്തിക്കാൻ നൂതന പരിചരണ സംവിധാനങ്ങളും ഒരുക്കി. അറഫയുടെ ധന്യതയിൽ അൽപനേരം ചെലവഴിച്ച ശേഷം രോഗികളെ ആശുപത്രികളിലേക്കു തിരികെ കൊണ്ടുപോയി.

അതേസമയം, അറഫ പ്രഭാഷണം തുടങ്ങിയ സമയത്തും ഒട്ടേറെ മലയാളി തീർഥാടകർക്ക് മിനായിലെ ടെന്റിൽ കഴിയേണ്ടിവന്നത് പ്രയാസമുണ്ടാക്കി. കേന്ദ്ര ഹജ് കമ്മിറ്റിക്കു കീഴിൽ എത്തിയവരാണ് ബസ് യഥാസമയം കിട്ടാതെ വിഷമിച്ചത്. റോഡിലെ തിരക്കുമൂലമുണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണെന്നും എല്ലാവരെയും അറഫയിൽ എത്തിച്ചെന്ന് ഉറപ്പാക്കിയതായും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മനോരമയോടു പറഞ്ഞു. ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീലും ഹജ് മിഷൻ ഉദ്യോഗസ്ഥരും വൊളന്റിയർമാരുമെല്ലാം 24 മണിക്കൂറും കർമനിരതരായിരുന്നു.

അറഫ സംഗമത്തിനിടെ പൊള്ളുന്ന വെയിലിൽ വിയർത്തൊലിച്ച തീർഥാടകർക്ക് ആശ്വാസം പകരാൻ വെള്ളം സ്പ്രേ ചെയ്യുന്ന ഫാനുകൾ ഇടതടവില്ലാതെ പ്രവർത്തിച്ചു. ചിലരുടെ തലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കുപ്പിവെള്ളം ഒഴിച്ചു തണുപ്പിക്കുന്നതും കാണാമായിരുന്നു. പ്രാർഥനകൾക്കിടെ വെള്ളം നൽകിയും തളർച്ച അനുഭവപ്പെട്ടവർക്ക് യഥാസമയം പ്രഥമശുശ്രൂഷ നൽകിയും സുരക്ഷാ ജീവനക്കാർ താങ്ങും തണലുമായി.

ഭൂരിഭാഗം പേരും ജബലു റഹ്മയിൽ (കാരുണ്യത്തിന്റെ മല) കയറിനിന്ന് പ്രാർഥിച്ചപ്പോൾ വയോധികരും വയ്യാത്തവും ഭിന്നശേഷിക്കാരും ടെന്റുകളിലിരുന്ന് അറഫയുടെ ധന്യമുഹൂർത്തം ഏറ്റുവാങ്ങി.

ബുധനാഴ്ച വരെ കല്ലേറു കർമം തുടരും. തുടർന്ന് ഹാജിമാർ മിനായിൽ നിന്ന് മക്കയിൽ എത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഹജ്ജിനു വിരാമമാകും. ഹജ് നിർവഹിച്ച 18,22,164 പേരിൽ 16,11,310 വിദേശത്തു നിന്ന് എത്തിയവരാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. തീർഥാടകരിൽ 63.3% പേരും ഇന്ത്യ ഉൾപ്പെടെയുള്ള അറബ് ഇതര ഏഷ്യൻ രാജങ്ങളിൽനിന്നാണ്.

English Summary:

Arafa Sangamam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com