‘7 മണിക്കൂറോളം മോർച്ചറിയിൽ നിന്ന് 48 സഹപ്രവർത്തകരുടെ മൃതദേഹം തിരിച്ചറിയേണ്ടി വന്നു’
Mail This Article
കുവൈത്ത് സിറ്റി ∙ ബുധനാഴ്ച രാവിലെ നാലിനുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ സഹായമേകാൻ എൻബിടിസി ജീവനക്കാരും ഒപ്പം ചേർന്നു. രക്ഷാപ്രവർത്തനം 10 വരെ തുടർന്നു. അതിനിടെ നൂറിലേറെപേരെ ആശുപത്രിയിൽ എത്തിച്ചു. രക്ഷപ്പെട്ടവരുടെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തവരുടെയും വിവരങ്ങൾ ഒരു മണിക്കൂറിനകം തന്നെ ശേഖരിച്ചത് തുടർന്നുള്ള പ്രവർത്തനത്തിന് സഹായകമായി. ദുരന്തത്തിൽപെട്ടവരുടെ വിവരങ്ങൾ ലഭിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി. രാത്രിയോടെ 45 പേർ മരിച്ച വിവരം ഔദ്യോഗികമായി സർക്കാർ പുറത്തുവിട്ടു.
വ്യാഴാഴ്ചയ്ക്ക് ശേഷം 9 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് ഈദ് അവധിയാണെന്നതിനാൽ 24 മണിക്കൂറിനകം തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. നടപടികൾ ഊർജിതമാക്കാൻ അസിസ്റ്റന്റ് എച്ച്ആർ മാനേജർ ജിഷാമിനെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. കുവൈത്ത് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയായിരുന്നു തുടർപ്രവർത്തനങ്ങൾ.
വ്യാഴാഴ്ച ഉച്ചയോടെ 49 പേരുടെയും മരണസർട്ടിഫിക്കറ്റ് ലഭ്യമാക്കാനും യാത്രാരേഖകൾ തയാറാക്കാനും സാധിച്ചത് ഈ ഏകോപനത്തിലൂടെയായിരുന്നു. 7 മണിക്കൂറോളം മോർച്ചറിയിൽ നിന്ന് 48 സഹപ്രവർത്തകരുടെ മൃതദേഹം തിരിച്ചറിയേണ്ടിവന്നത് അതീവദുഃഖകരമായിരുന്നെന്ന് ജിഷാം പറഞ്ഞു. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് 45 പേരുടെ മൃതദേഹങ്ങൾ രാത്രി പത്തരയോടെ വ്യോമസേനാ വിമാനത്തിൽ നാട്ടിലേക്ക് അയയ്ക്കാനായി. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 31 പേരെ സന്ദർശിച്ച് പിന്തുണ അറിയിച്ച മാനേജ്മെന്റ് അംഗങ്ങൾ അവർക്ക് മികച്ച ചികിത്സ നൽകി എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുമെന്നും പറഞ്ഞു.