ADVERTISEMENT

ദോഹ ∙ ഖത്തറില്‍ വേനല്‍ചൂട് കത്തികയറുന്നു. താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. വെയിലേറ്റ് തളരാതിരിക്കാനും വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാനും ബോധവല്‍ക്കരണം ശക്തമാക്കി പൊതുജനാരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങളും.

ഈ ആഴ്ച കനത്ത ചൂടു കാലമാണെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ താപനില 41നും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കരാന, ഷഹാനിയ, തുരായന എന്നിവിടങ്ങളിലാണ് ആണ്-46 ഡിഗ്രി സെല്‍ഷ്യസ്. ജുമെയ്‌ലയില്‍ 45, അല്‍ഖോര്‍, ഗുവെയ്‌രിയ, മിസൈമീര്‍ എന്നിവിടങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. പുറം തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ ചട്ടം പ്രാബല്യത്തിലുള്ളതിനാല്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാമെന്നത് തൊഴില്‍ മേഖലയ്ക്ക് വലിയ ആശ്വാസമാണ്.

വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ചേര്‍ന്ന് സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സമഗ്രമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. കടുത്ത ചൂടില്‍ സൂര്യതാപം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചൂടിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായാണ് ബോധവല്‍ക്കരണ ബ്രോഷറുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊഴിലിടങ്ങളില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് ബോധം നഷ്ടപ്പെടുക,  പെട്ടെന്നുള്ള തീവ്ര രോഗം എന്നിവ ഉണ്ടായാല്‍ ഉടന്‍ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ
തലവേദന അല്ലെങ്കില്‍ ഓക്കാനം, തളര്‍ച്ച, തലകറക്കം, അമിത വിയര്‍പ്പ്, വരണ്ട ചര്‍മ്മം, ഉയര്‍ന്ന ശരീര താപനില, അമിതമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക.

പെട്ടെന്ന് സ്വീകരിക്കേണ്ട നടപടികള്‍
∙ 
തളര്‍ന്നു വീഴുന്ന വ്യക്തിക്ക് വേഗം കുടിക്കാന്‍ വെള്ളം നല്‍കണം. തണുപ്പുള്ള ഇടത്തിലേക്ക് മാറ്റിയ ശേഷം വെള്ളം, ഐസ് അല്ലെങ്കില്‍ ഫാന്‍ ഉപയോഗിച്ച് ശരീരം തണുപ്പിക്കണം. 
∙ അനാവശ്യമായ വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്നു മാറ്റുക. വ്യക്തിയെ തനിച്ചാക്കാതെ ഒരാള്‍ ഒപ്പമുണ്ടാകണം.
∙ ആവശ്യമെങ്കില്‍ വൈദ്യ സഹായം തേടണം.

ചൂടിനെതിരെ എന്തൊക്കെ മുന്‍കരുതലുകള്‍
∙ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നതിലൂടെ നിര്‍ജലീകരണത്തെ ചെറുക്കാം. ഓരോ 15 മിനിറ്റ് കൂടുമ്പോഴും തണുത്ത വെള്ളം ധാരാളം കുടിക്കണം. ചായ, കോഫി, ഊര്‍ജ-ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം.
∙ ജോലിക്കിടെ കൂടുതല്‍ ഇടവേളകള്‍ എടുക്കണം.
∙ ശരീരത്തിന് നിര്‍ജലീകരണം സംഭവിച്ചാല്‍ മൂത്രത്തിന് നിറവ്യത്യാസം ഉണ്ടാകും. തീവ്രമായ നിര്‍ജലീകരണമാണെങ്കില്‍ കടുത്ത മഞ്ഞ നിറവും ദുര്‍ഗന്ധവുമുണ്ടാകും. ഉടന്‍ വെള്ളം കുടിക്കുകയും വൈദ്യസഹായം തേടുകയും വേണം. ഇളം മഞ്ഞ നിറം കണ്ടാല്‍ മാത്രമല്ല നിറം മാറ്റമില്ലെങ്കിലും നിര്‍ബന്ധമായും വെള്ളം കുടിക്കണം.
∙ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെങ്കിലും ചില ഭക്ഷണസാധനങ്ങളും മരുന്നുകളും വിറ്റമിന്‍ സപ്ലിമെന്റുകളും കഴിച്ചാലും മൂത്രത്തിന് നിറ വ്യത്യാസമുണ്ടാകും. മൂത്രത്തിന്റെ നിറം മാറ്റത്തില്‍ ആശങ്കയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ ഉപദേശം തേടുകയും വേണം.
∙ അമിതമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ചൂട് കൂടാന്‍ ഇടയാക്കുമെന്നതിനാല്‍ ഭക്ഷണം മിതമായി വേണം കഴിക്കാന്‍. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവും കുറയ്ക്കണം. 
∙ ഇറുകിയതും കടുത്ത നിറങ്ങളിലുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.

English Summary:

Summer Heats up in Qatar; Temperature Near 50 Degrees Celsius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com