പൂച്ചക്കുട്ടിയെ രക്ഷിച്ച് ഡെലിവറി ബോയ്; മലയാളിയുടെ വിഡിയോ വൈറല്‍, ഇതൊന്നുമറിയാതെ പെരുന്നാളാഘോഷിച്ച് സുബൈർ
Mail This Article
അബുദാബി/ ദുബായ് ∙ അന്ന് ദുബായിൽ പൂച്ചയെ രക്ഷിച്ച് മലയാളികൾ ഉൾപ്പെടെയുള്ളവർ താരമായെങ്കിൽ അടുത്തിടെ അബുദാബിയിൽ പാക്കിസ്ഥാനി ഡെലിവറി ജീവനക്കാരനാണ് വാഹനത്തിനടിയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിച്ച് ശ്രദ്ധേയനായത്. തലസ്ഥാന നഗരിയിലെ അൽ മന്‍ഹാൽ കൊട്ടാരത്തിനടുത്തെ തിരക്കേറിയ അൽ ഫലാഹ് സ്ട്രീറ്റില്‍ ബലിപെരുന്നാളിന് മുൻപത്തെ ഒരുച്ചയ്ക്കായിരുന്നു സംഭവം.
ഭക്ഷണം എത്തിക്കാനായി ബൈക്കിൽ പോകുമ്പോൾ തെരുവിലെ ട്രാഫിക് സിഗ്നലിൽ പച്ച വെളിച്ചം കാത്ത് നിൽക്കുകയായിരുന്നു സുബൈർ അൻവർ മുഹമ്മദ് എന്ന ഡെലിവറി ജീവനക്കാരൻ. പെട്ടെന്ന് ഒരു പൂച്ചക്കുട്ടി എവിടെ നിന്നോ ഓടിയെത്തി സിഗ്നൽ കാത്ത് റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന എസ്‌യുവിയുടെ അടിയിൽ കയറി. വാഹനം മുന്നോട്ടെടുത്താൽ പൂച്ചക്കുട്ടി അതിനടിയിൽ കുടുങ്ങി മരണം സംഭവിക്കുമെന്ന് ഉറപ്പായിരുന്നു.
അതേസമയം, പച്ച സിഗ്നലാകാൻ വെറു അഞ്ച് സെക്കൻഡ് മാത്രം. മറ്റൊന്നും ആലോചിച്ചില്ല, സുബൈർ പൂച്ചക്കുട്ടിയെ എടുത്ത് റോഡിന്റെ മറുവശത്ത് സുരക്ഷിതമായ സ്ഥലത്ത് വിട്ടു തിരിച്ചു വന്നപ്പോഴേയ്ക്കും ചുവന്ന സിഗ്നൽ കത്തി. എല്ലാം ഞൊടിയിടയിലാണ് സംഭവിച്ചത്. നല്ല ചൂടുണ്ടായിരുന്നു. എത്രയും പെട്ടെന്ന് തണലത്ത് എത്തിപ്പെടാൻ ഏതൊരു ഡെലിവറി ജീവനക്കാരനും ആഗ്രഹിക്കുന്ന സമയം. പെട്ടെന്നുണ്ടായ പ്രേരണയാണെങ്കിലും ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് സുബൈർ പറയുന്നു.
സുബൈർ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തുന്ന ദൃശ്യം മറ്റൊരു വാഹനത്തിലുണ്ടായിരുന്ന മലയാളി യുവാവ് മനാഫ് കെ.അബ്ബാസ് ആണ് പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അബുദാബി ചേംബർ ഒാഫ് കൊമേഴ്സ് മാധ്യമവിഭാഗത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ മനാഫ് അവധി ദിവസമായതിനാൽ സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു പൂച്ചക്കുട്ടി എസ് യുവിയുടെ അടിയിലേയ്ക്ക് നുഴഞ്ഞുകയറുന്നത് കണ്ടത്. പൂച്ചക്കുട്ടി അപകടത്തിൽപ്പെടുമെന്ന് ഉറപ്പായപ്പോൾ കുറേ ഹോണടിച്ചു. പക്ഷേ, എസ് യുവി ഒാടിക്കുന്നയാൾ അതു ശ്രദ്ധിച്ചില്ല. പെട്ടെന്ന് ഒരു ഡെലിവറി ബോയി ഒാടിവരുന്നതു കണ്ടപ്പോൾ ഉടൻ തന്നെ ആ ദൃശ്യങ്ങൾ മൊബൈൽ ഫോണില്‍ പകർത്തി. ആ മിണ്ടാപ്രാണിയെ രക്ഷിക്കുന്നതുമായ നയന മനോഹരമായ കാഴ്ച തൻ്റെ ഹൃദയത്തെ സ്പർശിച്ചതായി മനാഫ് പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ സംഭവം വൈറലാകാൻ ഏറെ നേരം വേണ്ടിവന്നില്ല. ഇതിനകം രണ്ടു ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഇൗ നന്മ പുറംലോകത്തിന് കാണിച്ചുകൊടുത്തതിന് മനാഫിന് പല ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങളുമെത്തി അതേസമയം, ഇതൊന്നും അറിയാതെ പാക്കിസ്ഥാനിൽ ബലിപെരുന്നാളാഘോഷിക്കുകയായിരുന്നു സഹജീവികളോട് കരുണ കാത്തുസൂക്ഷിക്കുന്ന ഈ 29കാരൻ. കഴിഞ്ഞ 5 വർഷമായി ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന സുബൈറിനെ വിഡിയോ കണ്ടവർ അഭിനന്ദനങ്ങൾ കൊണ്ടുമൂടുന്നു.
മാനവികത വെളിവാക്കുന്ന ഇത്തരം സംഭവങ്ങൾ യുഎഇ ഭരണാധികാരികൾ വൻ പ്രാധാന്യത്തോടെയാണ് കാണാറുള്ളത്. അതിന് തെളിവാണ് 2021 ഓഗസ്റ്റ് 24ന് രാവിലെ ദുബായ് ദെയ്റയിൽ നടന്ന സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണിയായ പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം 4 പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം ലഭിച്ചു.
ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശിയും തൊട്ടടുത്തെ ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്ക് 10 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം ഭരണാധികാരിയുടെ ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് സമ്മാനിക്കുകയായിരുന്നു. പ്രിയപ്പെട്ട ഭരണാധികാരിയിൽ നിന്ന് ഇത്തരമൊരു സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നസീർ മുഹമ്മദ്, അബ്ദുൽ റഷീദ് എന്നിവർ അന്ന് മനോരമ ഓൺലൈനോട് പറഞ്ഞിരുന്നു.
ദെയ്റ നായിഫ് ഫ്രിജ് മുറാറിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ റോഡിന് അഭിമുഖമായുള്ള ബാൽക്കണിയുടെ അരികിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ തൊട്ടടുത്ത് താമസിക്കുന്ന നസീർ മുഹമ്മദ്, അഷ്റഫ്, ആതിഫ് എന്നിവർ ചേർന്ന് തുണിയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൂച്ച പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.
ഇത് തൊട്ടുമുൻപിൽ ഗ്രോസറി നടത്തുന്ന അബ്ദുൽറഷീദ് വിഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ വൈറലാകാൻ ഏറെ സമയം വേണ്ടിവന്നില്ല. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് മുഹമ്മദ് നാൽവർ സംഘത്തിന്റെ ധീരപ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെ സംഭവം ലോകശ്രദ്ധ നേടി. അന്ന് രാത്രി തന്നെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോകുകയും ചെയ്തു.