ദുബായിയോട് ഇഷ്ടംകൂടി കുടുംബങ്ങൾ; ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നഗരങ്ങളുടെ പട്ടികയിലും സ്ഥാനം
Mail This Article
ദുബായ് ∙ ലോക മൽസര ക്ഷമതാ റിപ്പോർട്ടിൽ യുഎഇ 7ാം സ്ഥാനത്ത്. നോർവേ, ഐസ്‌ലൻഡ്, ജപ്പാൻ, കാനഡ, ഫിൻലൻഡ് എന്നിവയെ പിന്തള്ളി, 10ാം സ്ഥാനത്ത് നിന്നാണ് ഏഴിലേക്കുള്ള യുഎഇയുടെ കുതിപ്പ്.
സർക്കാർ കാര്യക്ഷമത, വിദ്യാഭ്യാസം, നവീകരണം എന്നിവയുൾപ്പെടെ സാമ്പത്തിക, ഭരണ, സാമൂഹിക മേഖലകളിലെ 4 പ്രധാന മാനദണ്ഡങ്ങളെയും 20 ഉപമാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ് ലോക മത്സരക്ഷമത റിപ്പോർട്ട് തയാറാക്കിയത്. തൊഴിൽ, ഇന്റർനെറ്റ് ഉപഭോഗം, വ്യവസായിക തർക്കങ്ങൾ പരിഹരിക്കൽ എന്നിവയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശേഷം രാജ്യം കഴിഞ്ഞ വർഷം ആദ്യ 10ൽ എത്തിയിരുന്നു.
സർക്കാർ നയങ്ങൾ, ടൂറിസം, ചുവപ്പു നാടയില്ലാത്ത ഭരണ സംവിധാനം എന്നിവയിൽ രാജ്യം രണ്ടാം സ്ഥാനത്താണ്. സമാഹരിച്ച മൂലധന നികുതി, ഇമിഗ്രേഷൻ നിയമങ്ങൾ, നഗരങ്ങളുടെ മാനേജ്മെന്റ്, മിച്ച ബജറ്റ് എന്നിവയിൽ ആഗോളതലത്തിൽ യുഎഇ മൂന്നാം സ്ഥാനത്താണ്. ഉപഭോക്തൃ വിലക്കയറ്റം, ദീർഘകാല തൊഴിലില്ലായ്മ, ആകെ ഉൽപാദനക്ഷമത, തൊഴിൽ നിയന്ത്രണം, വാണിജ്യ സേവനങ്ങളുടെ ബാക്കിപത്രം, പൊതുമേഖലയിലെ തൊഴിൽ എന്നിവ നിയന്ത്രിക്കുന്നതിൽ നാലാമതുമാണ്. വ്യോമഗതാഗതം, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, ശാസ്ത്ര ബിരുദധാരികൾ, സ്റ്റാർട്ടപ്പ് നടപടിക്രമങ്ങൾ, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ഉദ്യോഗസ്ഥർ, ദേശീയ സംസ്കാരം എന്നിവയുടെ നിലവാരത്തിലും രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചു.
യുഎഇയുടെ പുരോഗതി എന്ന ഒരൊറ്റ ലക്ഷ്യത്തിനായി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന സർക്കാർ, സാമ്പത്തിക, വികസന മേഖലകളിലെ എല്ലാ ടീമുകൾക്കും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നന്ദി അറിയിച്ചു.
∙ മത്സര ക്ഷമതയിൽ കുതിച്ച് യുഎഇ
പറന്നിറങ്ങുന്ന സഞ്ചാരികളിൽ ഭൂരിപക്ഷവും ദമ്പതികളും കുടുംബങ്ങളും. കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ച 1.7 കോടി പേരിൽ 80% ദമ്പതികളോ കുടുംബാംഗങ്ങൾ ഒരുമിച്ചോ ആയിരുന്നുവെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിന്റെ സർവേ വ്യക്തമാക്കുന്നു. 5 വർഷത്തിനിടയിലെ ഏറ്റവും വലിയ സംഘ സന്ദർശനമാണ് കഴിഞ്ഞ വർഷത്തേത്. 2019 വർഷത്തെ സന്ദർശകരുമായി താരതമ്യപ്പെടുത്തുമ്പോൾ കുടുംബങ്ങളുടെയും ദമ്പതികളുടെയും എണ്ണത്തിൽ 74 ശതമാനം വർധനയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
കുടുംബ സൗഹൃദ വിനോദ കേന്ദ്രമെന്ന ഖ്യാതി കഴിഞ്ഞ വർഷവും ദുബായ്ക്ക് നിലനിർത്താനായി. യാത്രക്കാരിൽ 8% പേർ വ്യവസായം ലക്ഷ്യമിട്ടാണ് എമിറേറ്റിലെത്തിയത്. വാണിജ്യ നഗരമായി ദുബായ് മാറിയെന്നതിന്റെ സൂചനയാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ 'ബക്കറ്റ് ലിസ്റ്റിൽ' ദുബായ് മുന്നിലാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട നഗരങ്ങളുടെ പട്ടികയിലും ദുബായ് ഇടം പിടിച്ചു. ഒരു രാജ്യാന്തര സന്ദർശകൻ ശരാശരി 13.8 ദിവസമെങ്കിലും ദുബായിൽ ചെലവിടുന്നുണ്ട്. ദുബായ് കാണാനെത്തുന്നവരിൽ 20% വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ ഇവിടെ എത്തുന്നവരാണ്.
∙ ദുബായ് മാൾ
കഴിഞ്ഞ വർഷം ദുബായിൽ എത്തിയ രാജ്യാന്തര സഞ്ചാരികളിൽ ഭൂരിഭാഗവും സന്ദർശിച്ച സ്ഥലം ദുബായ് മാൾ തന്നെ. 99% പേരും ദുബായ് മാൾ കണ്ടാണ് മടങ്ങിയത്. ഇവിടുത്തെ ഫൗണ്ടനാണ് കൂടുതൽ പേരെ ആകർഷിച്ചത്. ബുർജ് ഖലീഫ ആകർഷിച്ചത് 40% പേരെ. സബീൽ പാർക്കിലെ ദുബായ് ഫ്രെയിം ആകർഷിച്ചത് 36% സഞ്ചാരികളെ. ദുബായിലെ സന്ദർശന, താമസ വേളകളിൽ 100% പേരും സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചവരിൽ 93 ശതമാനവും സംതൃപ്തരാണ്. ദുബായിൽ ഒരു ദിവസം ഹോട്ടലിൽ തങ്ങാനുള്ള ശരാശരി തുക 643 ദിർഹമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന വാടക ഏഴ് ശതമാനം കൂടിയതായാണ് റിപ്പോർട്ട്. 2023ൽ ഇടത്തരം വാടക 535 ദിർഹമായിരുന്നു.
∙ വളർന്ന് വളർന്ന് ദുബായ്
ജനുവരിയിൽ ദുബായ് സ്വീകരിച്ചത് 10.77 ലക്ഷം രാജ്യാന്തര വിനോദ സഞ്ചാരികളെ. 2023 ജനുവരിയിലെ സഞ്ചാരികളെക്കാൾ 21% വർധന. കഴിഞ്ഞ വർഷം ജനുവരി പിന്നിടുമ്പോൾ 10.47 ലക്ഷം രാജ്യാന്തര വിനോദ സഞ്ചാരികളാണ് ദുബായിൽ എത്തിയത്.
ജനുവരിയിൽ എത്തിയവരിൽ കൂടുതലും യൂറോപ്യൻ സഞ്ചാരികളാണ്.3.27 ലക്ഷം പേർ. ജിസിസി രാജ്യക്കാർ 3.11 ലക്ഷമാണ്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യക്കാർ 2. 94 ലക്ഷം. റഷ്യയാണ് പട്ടികയിൽ തുടർന്നു വരുന്നത്. ഈ വർഷം ജനുവരി അവസാനത്തോടെ 823 ഹോട്ടലുകളിലായി ഒന്നര ലക്ഷത്തിലധികം മുറികള്‍ സജ്ജമായിരുന്നു. 2023 ജനുവരിയിൽ ഇത് 1.47 ലക്ഷവും സ്ഥാപനങ്ങൾ 809 ആയിരുന്നു. ഹോട്ടലുകളിൽ 83 ശതമാനവും സന്ദർശകരാൽ നിറഞ്ഞ മാസം കൂടിയായിരുന്നു ജനുവരി. 2023 ജനുവരിയിൽ താമസക്കാരുടെ സാന്നിധ്യം 80 ശതമാനമായിരുന്നു.