ദുബായ് പൊലീസിന്റെ കരുത്ത് കൂട്ടി ടെസ്‌ല സൈബർ ബീസ്റ്റ്; 2.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കും
Mail This Article
ദുബായ് ∙ അത്യാഢംബര വാഹനങ്ങൾക്കു പേരു കേട്ട ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരാൾ കൂടി എത്തി, ടെസ്‌ല സൈബർ ട്രക്ക് ബീസ്റ്റ്. കുന്നും മലയും കീഴടക്കാനുള്ള കരുത്തുമായി പുതിയ രൂപത്തിലും ഭാവത്തിലും ടെസ്‌ല അവതരിപ്പിച്ച ഇലക്ട്രിക് വാഹനമായ സൈബർ ട്രക്ക് വാണിജ്യാടിസ്ഥാനത്തിൽ നിരത്തിൽ ഇറങ്ങും മുൻപേ ദുബായ് പൊലീസിന്റെ പട്രോളിങ് വാഹനമായി.
സ്റ്റെയിൻലെസ് സ്റ്റീലിന്റെ നിറത്തിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനം, ദുബായ് പൊലീസിന്റെ തനത് വെള്ളയിൽ പച്ച ഡിസൈൻ സ്വീകരിച്ചു കഴിഞ്ഞു.
2.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയും എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. ഒറ്റ ചാർജിങ്ങിൽ 547 കിലോമീറ്റർ താണ്ടാനാവും. 4,990 കിലോ ഭാരം വരെ കെട്ടിവലിക്കാനുമാകും. 15 മിനിറ്റ് ചാർജ് ചെയ്തു 206 കിലോമീറ്റർ വരെ ഓടിക്കാമെന്നതും പ്രത്യേകതയാണ്. 6 േപർക്ക് സഞ്ചരിക്കാം.
പിന്നിലെ ട്രങ്കിൽ ഇഷ്ടം പോലെ ലഗേജും സൂക്ഷിക്കാം. ടെസ്‌ലയുടെ സൈബർ ട്രക്ക് സ്വന്തമാക്കുമെന്ന് 2019ൽ തന്നെ ദുബായ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തുമിന് അകമ്പടിയായി സൈബർ ട്രക്ക് നീങ്ങുന്നതിന്റെ ചിത്രം ദുബായ് പൊലീസ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ എക്സിൽ പ്രസിദ്ധീകരിച്ചു. ഇതേ ചിത്രം ടെസ്‌ലയുടെയും എക്സിന്റെയും ഉടമയായ ഇലോൺ മസ്ക് റീ ട്വീറ്റും ചെയ്തു. 96,390 ഡോളറാണ് സൈബർ ബീസ്റ്റിന്റെ വില. ദുബായ് പൊലീസിന്റെ സൈബർ ട്രക്ക് ദുബായ് മാളിൽ പ്രദർശനത്തിനു വച്ചു. 21വരെ രാവിലെ 10 മുതൽ രാത്രി 10വരെ വാഹനം കാണാം.