ADVERTISEMENT

ഇങ്ങള് ഇഞ്ഞിം വെരീ.. ഞമ്മക്ക്  കിസയും പറഞ്ഞിരിക്കാം. തനി ഏറനാടൻ മലയാളവുമായി സൗദി അറേബ്യയിലെ  ജിദ്ദയിൽ  ജീവിക്കുന്ന സൗദി പൗരൻ യാത്ര പറഞ്ഞിറങ്ങുന്നവരെ ഈ വാ‌ചകം പറഞ്ഞ് വീണ്ടും പിടിച്ചിരുത്തും. ഷെയ്ഖ് തലാൽ ബക്കൂർ മലൈബാരിക്ക് പറയാൻ ഒരുപാടു കഥകൾ ബാക്കിയുണ്ട്. തലമുറകളോളം നീണ്ടു കിടക്കുന്ന ഏറനാടൻ വേരുകളുടെ കഥകൾ. കപ്പലേറി  ജിദ്ദയിലേക്ക് വന്ന മുത്തശ്ശന്റെ സാഹസീകത.

പതിറ്റാണ്ടുകൾക്ക് മുമ്പ് മലപ്പുറത്തുനിന്ന് മക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ കണ്ണികളിൽ ഒരാളാണ്  ഷെയ്ഖ് തലാൽ ബക്കൂർ മലൈബാരി. സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത തസ്തികയിൽനിന്ന് വിരമിച്ച ബക്കൂർ മലൈബാരി ഇക്കഴിഞ്ഞ ഈദ് ആഘോഷത്തിന് തായിഫിലായിരുന്നു. തായിഫിലും അദ്ദേഹം തിരഞ്ഞത് പച്ചമലയാളം സംസാരിക്കുന്നവരെ. 

ഇംഗ്ലിഷും അറബിയും അടക്കമുള്ള ഭാഷകൾ അച്ചടി ഭാഷയിൽ സംസാരിക്കുമ്പോഴും ബക്കൂർ മലൈബാരിയുടെ മലയാളം തനി ഏറനാടനാണ്. അതും പതിറ്റാണ്ടുകൾ പഴക്കമുള്ളത്. ഉമ്മ അടിച്ചേൽപ്പിച്ച ഭാഷയാണിത്. 

∙ഉമ്മാന്റെ അടി പേടിച്ചാണ് മലയാളം പഠിച്ചത്
'ന്റെ ഉമ്മാന്റെ അടി പേടിച്ചാണ് ഞാൻ മലയാളം പഠിച്ചത്. ഉമ്മ എന്തേലും മലയാളത്തിൽ ചോയ്ച്ചാൽ അതിന് മലയാളത്തിൽ മറുപടി കൊടുക്കണം. ഇല്ലേച്ചാൽ ഉമ്മ അടിക്ക്ണ അടിക്ക് കണക്ക്ണ്ടാകൂല്ല'. ഉമ്മന്റെ അടി പേടിച്ചാണ് മലയാളം പഠിച്ചത്. 'ഇപ്പളും എവ്ടന്നേലും മലയാളം കേട്ടാൽ മലയാളത്തിൽതന്നെ മറുപടി പറയണന്ന് ഇൻക്ക് നിർബന്ധമാണ്. ഉമ്മ അടുത്തെവിടെയോ വടിയും പുടിച്ച് നിക്കണുണ്ടാകും'.. വർഷങ്ങൾക്ക് മുന്നേ മരിച്ച ഉമ്മയുടെ ഓർമ്മകളിൽ മലൈബാരി പറയുന്നു.  

തലാൽ ബക്കൂറിന്റെ ഉമ്മ ഖൽത്തൂം മുഹയുദ്ദീൻ അലവി മലൈബാരി കേരളത്തിൽ ജനിച്ചതല്ല. തലാലിന്റെ ഉപ്പ ബക്കൂർ മുഹയുദ്ദീൻ മലൈബാരിയും കേരളത്തിലല്ല ജനിച്ചത്. എന്നിട്ടും തന്റെ വേരുകളുടെ ഒരറ്റത്ത് മലയാളം എന്ന ഭാഷയായുണ്ടെന്നും അത് മക്കളെല്ലാം പഠിക്കണമെന്നും ആ മാതാവിനും പിതാവിനും നിർബന്ധമായിരുന്നു. ഉമ്മ തന്റെ ഉപ്പ മുഹയുദ്ദീനിൽനിന്നും പഠിച്ച മലയാളമാണ് മക്കൾക്ക് കൈമാറിയത്.  ആ ഭാഷക്കാണ് ഏറനാടൻ തെളിച്ചമുള്ളത്. ഉമ്മ പോയിട്ടും ബുക്കൂർ മലൈബാരി മലയാളത്തെ വിട്ടില്ല. വീട്ടുജോലിക്ക് പലപ്പോഴായി എത്തിയ മലയാളി ഡ്രൈവർമാരിൽനിന്നും വിവിധ സ്ഥലങ്ങളിൽനിന്ന് പരിചയപ്പെടുന്നവരുമായും സംസാരിച്ച് അദ്ദേഹം നാവിൻത്തുമ്പത്ത് മലയാളത്തെ നിലനിർത്തി. 

∙മലപ്പുറം പൊന്മളയിലാണ് കുടുംബത്തിന്റെ വേര്
മലപ്പുറം ജില്ലയിലെ പൊന്മളയിലാണ് ബക്കൂർ മലൈബാരിയുടെ കുടുംബത്തിന്റെ വേര്. ബക്കൂറിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പ ഔറുവായിരുന്നു ആദ്യം സൗദിയിലെത്തിയത്. ബക്കൂർ മുഹയുദ്ദീൻ അലവി ഔറു എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കപ്പലിലായിരുന്നു ആ യാത്ര. മക്കയിൽ ഹജിനെത്തുന്നവരെ സഹായിച്ചും മറ്റു ജോലികൾ ചെയ്തും അദ്ദേഹം മക്കയിലെ എല്ലാമെല്ലാമായി. അധികം വൈകാതെ മകൻ അലവിയെയും അദ്ദേഹം കൊണ്ടുവന്നു. അലവിയുടെ മകൻ മുഹയുദ്ദീനും പിന്നീട് മക്കയിലെത്തി. ഔറുവും അലവിയും നാട്ടിലേക്ക് തിരിച്ചുപോയി. മുഹയുദ്ദീൻ മക്കയിൽതന്നെ തുടർന്നു. ഇദ്ദേഹമാണ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരി (തലാൽ ബക്കൂർ മലൈബാരിയുടെ ഉപ്പ) എന്ന പേരിൽ പ്രശസ്തനായത്. മക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന ചുള്ളിയൻ കുടുംബത്തിലെ മുഹയുദ്ദീന്റെ മകൾ ഖൽത്തൂമിനെയാണ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരി കല്യാണം കഴിച്ചത്. ഖൽത്തൂം ജനിച്ചതും മക്കയിലായിരുന്നു. 

തന്റെ ഉപ്പയിൽനിന്നും മറ്റുകുടുംബാംഗങ്ങളിൽനിന്നുമായിരുന്നു ഖൽത്തൂം മലയാളം പഠിച്ചത്. ആ ഭാഷയാണ് അവർ മക്കൾക്ക് നൽകിയത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഖൽത്തൂം കേരളത്തിലേക്ക് പോയത്. അൻപതോ അറുപതോ വയസ്സുള്ള സമയത്ത് ഭർത്താവ് തലാൽ ബക്കൂർ മുഹയുദ്ദീൻ മലൈബാരിക്കൊപ്പമായിരുന്നു ആ യാത്ര. 

∙സൗദിയിൽ സർക്കാർ ജോലി ആരെയും ആകർഷിക്കാതിരുന്ന കാലം
പതിറ്റാണ്ടുകൾക്ക് മുമ്പ്  സൗദിയിൽ സർക്കാർ ജോലി ആരെയും ആകർഷിച്ചിരുന്നില്ല. ആർക്കുവേണമെങ്കിലും ജോലി കിട്ടുന്ന കാലം കൂടിയായിരുന്നു അത്. സർക്കാറിന്റെ പക്കൽ ശമ്പളം കൊടുക്കാൻ കാശുണ്ടായിരുന്നില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ശമ്പളം കിട്ടിയാലായി. അതുകൊണ്ടു തന്നെ എല്ലാവരും സ്വന്തമായി ബിസിനസായിരുന്നു നടത്തിയിരുന്നത്. മുഹയുദ്ദീന്റെ കുടുംബ വീട്ടിൽ 40 തയ്യൽ മെഷീനുകളൊരുക്കി ബിസിനസ് ചെയ്തു. അമീറുമാർ അടക്കമുള്ളവരുടെ വസ്ത്രങ്ങൾ ഒരുക്കുന്നത് ഈ കുടുംബമായിരുന്നു. ഈ ബന്ധമാണ് ബക്കൂറിന്റെ ഉപ്പയെ സർക്കാർ ജോലിയിലേക്ക് എത്തിച്ചത്.

ഷെയ്ഖ് തലാൽ ബക്കൂറിന്റെ ഉപ്പയുടെ വലിയ ജേഷ്ഠൻ മുഹമ്മദ് ഖയ്യാത്തായിരുന്നു സർക്കാർ ജോലിയിലേക്ക് തലാൽ ബുക്കൂർ മുഹയുദ്ദീൻ മലൈബാരിയെ കൊണ്ടുവന്നത്. പോസ്റ്റ് ഓഫിസിലായിരുന്നു ജോലി ലഭിച്ചത്. തലാൽ ബക്കൂർ ഖയ്യാത്ത് എന്ന് മലയാളികൾക്കിടയിൽ അറിയപ്പെട്ട ഇദ്ദേഹം സന്ദൂഖ് അമീൻ എന്ന പോസ്റ്റിൽനിന്നാണ് വിരമിച്ചത്. മക്കയിൽ ബൈത്തുതബാഹ് എന്ന പേരിൽ ഹോട്ടലും തുടങ്ങി. എഴുപത് ജീവനക്കാരുണ്ടായിരുന്ന ഹോട്ടലിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ലാഭത്തിന് വേണ്ടിയായിരുന്നില്ല ഹോട്ടൽ നടത്തിയിരുന്നത്. മലയാളം കേൾക്കാനും കേരളത്തിന്റെ കഥകൾ അറിയാനുമായിരുന്നുവെന്ന് ബക്കൂർ മലൈബാരി ഓർത്തെടുക്കുന്നു.

 ∙വിരമിച്ചത് അധ്യാപകനായി
മക്കയിലെ സുഹൂഹ തർബിയ സ്‌കൂളിൽനിന്ന് അധ്യാപകനായാണ് ബക്കൂർ മലൈബാരി വിരമിച്ചത്. ജിദ്ദയിലെ ജാമിഅ മലിക്ക് അബ്ദുൽ അസീസ് കോളജ് അടക്കം നിരവധി വിദ്യാലയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ പകർന്നുനൽകിയ അധ്യാപകൻ എന്നതിന് പുറമെ, മക്കയുടെ ചരിത്രം ആഴത്തിലറിയുന്ന പണ്ഡിതൻ എന്ന ഖ്യാതി കൂടിയുണ്ട് തലാലിന്.

മക്കളെ എല്ലാം ഉന്നതമായ വിദ്യാഭ്യാസം നൽകിയാണ് ഷെയ്ഖ് തലാൽ ബക്കൂർ മലൈബാരി വളർത്തിയത്. മൂത്ത മകൾ റുബ അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിൽ ഫിനാൻസ് മാനേജറാണ്. രണ്ടാമത്തെ മകൾ ഡോ. ഗദീർ മക്ക ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. ലണ്ടനിൽനിന്ന് ജേണലിസത്തിൽ ഉന്നതപഠനം പൂർത്തിയാക്കിയാണ് ഗദീർ ഉമ്മുൽ ഖുറയിലെത്തിയത്. ഇവരുടെ ഭർത്താവ് അല പ്രമുഖ കമ്പനിയുടെ ലോജിസ്റ്റിക് മാനേജറാണ്. മറ്റൊരു മകൾ ഹദീർ ഐടി വിദഗ്ധയാണ്. മകൻ മുഹമ്മദ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ഓർത്തോപീഡിക് സർജനാണ്. മറ്റൊരു മകൾ ഡോ. ബറ ഇന്റേണൽ മെഡിസിനിൽ പ്രാക്ടീസ് ചെയ്യുന്നു. ബക്കൂർ തലാൽ, അബ്ദുല്ല എന്നിവർ വിദ്യാർഥികളാണ്. ബക്കൂർ മലൈബാരിയുടെ ഭാര്യ ഡോ. നജില ഉസ്മാൻ റിട്ട. ഇംഗ്ലിഷ് അധ്യാപികയാണ്.

∙കേരളത്തിൽ എത്തിയത് ഒരുതവണ 
ബക്കൂർ മലൈബാരി ഒരിക്കൽ കേരളത്തിൽ പോയിട്ടുണ്ട്. ഉമ്മ ഖൽത്തൂം മുഹയുദ്ദീൻ അലവി മലൈബാരി മരിച്ചശേഷമായിരുന്നു അത്. ഉമ്മയുടെ ആഭരണങ്ങൾ കുടുംബ മഹല്ലായ പൊന്മളയിലെ പള്ളിക്ക് സംഭാവന നൽകാനായിരുന്നു അത്. തന്റെ ഉമ്മയുടെ അതേ ഭാഷ ബക്കൂർ മലൈബാരി ഒരിക്കൽ കൂടി പൊന്മളയിൽനിന്ന് കേട്ടു. അവരുടെ അതേഭാഷയിൽ അദ്ദേഹം സംസാരിച്ചു. ഒരു സൗദി പൗരൻ തങ്ങളുടെ ഏറനാടൻ ഭാഷ സംസാരിക്കുന്നത് കേട്ട് അവർ അദ്ഭുതപ്പെട്ടു കാണും. ബക്കൂർ മലൈബാരിക്ക് അതുപക്ഷെ തന്റെ ഭാഷ മാത്രമായിരുന്നു. ഉമ്മ നാവിലെഴുതി തന്ന മായാത്ത പാരമ്പര്യമുദ്രയായിരുന്നു. ആ ഭാഷയിലാണ് ബക്കൂർ മലൈബാരി മലബാറിലെ ഏറനാടൻ മണ്ണിൽനിന്ന് ഉമ്മയെ തൊട്ട് സംസാരിച്ചത്.. ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്.     

English Summary:

Saudi citizen in Jeddah speaks Malayalam - Shaikh Talal Bakhoor Malaibari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com