കോടീശ്വരന്മാർ വാഴും യുഎഇ: ഈ വർഷം യുഎഇയിലേക്ക് താമസം മാറ്റുന്നത് 6,700 പേർ; ആകർഷിക്കുന്ന ഘടകങ്ങൾ
Mail This Article
അബുദാബി ∙ ബിസിനസ്, സാമ്പത്തിക രംഗത്ത് വൻ കുതിപ്പുതുടരുന്ന യുഎഇയിലേക്ക് ആഗോള കോടീശ്വരന്മാരുടെ ഒഴുക്ക്. ഈ വർഷം 6,700 കോടീശ്വരന്മാരാണ് യുഎഇയിലേക്കു താമസം മാറുക.
ഇതിൽ ഏറെയും ഇന്ത്യ, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരും. യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ കോടീശ്വരന്മാരും യുഎഇയിൽ എത്തുമെന്നാണ് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024ൽ പറയുന്നത്.
കുറഞ്ഞത് 10 ലക്ഷം ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവരെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് കോടീശ്വരന്മാരെ ആകർഷിക്കുന്നതിൽ യുഎഇ മുന്നിലെത്തിയത്. കോടീശ്വരന്മാരുടെ എണ്ണത്തിൽ ആഗോളാടിസ്ഥാനത്തിൽ 14ാം സ്ഥാനത്തുള്ള യുഎഇയിൽ നിലവിൽ 1,16,500 കോടീശ്വരന്മാരും 208 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരുമാണുള്ളത്.
∙ ആകർഷിക്കുന്ന ഘടകങ്ങൾ
നികുതിയിളവ്, ഗോൾഡൻ വീസ, ആഡംബര ജീവിത സൗകര്യം, സുരക്ഷ, സമ്പത്ത് സംരക്ഷണം, ഏതു രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റി തുടങ്ങിയവയാണ് കോടീശ്വരന്മാരെ യുഎഇയിലേക്ക് ആകർഷിച്ച ഘടകങ്ങൾ. യുഎസ്, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഇറ്റലി, സ്വിറ്റസർലൻഡ്, ഗ്രീസ്, പോർച്ചുഗൽ ജപ്പാൻ എന്നിവയാണ് ഈ വർഷം കോടീശ്വരന്മാരെ ആകർഷിക്കുന്ന മറ്റു രാജ്യങ്ങൾ.
സുരക്ഷിത ഇടം തേടി മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്ന കോടീശ്വരന്മാരിൽ ഇന്ത്യക്കാർക്കു പുറമെ ചൈന, യുകെ, ദക്ഷിണ കൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തായ്‍വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവരുമുണ്ട്. 2023ൽ 1.2 ലക്ഷം കോടീശ്വരന്മാരാണ് വിവിധ രാജ്യങ്ങളിലേക്കു താമസം മാറിയത്. ഈ വർഷം അത് 1.28 ലക്ഷവും അടുത്തവർഷം 1.35 ലക്ഷവുമായി ഉയരുമെന്നാണ് പ്രതീക്ഷ.