ഉംറ സീസണിലേക്കുള്ള വീസ അനുവദിച്ചു തുടങ്ങി
Mail This Article
ജിദ്ദ ∙ പുതിയ ഉംറ സീസണിലേക്കുള്ള വീസകൾ അനുവദിക്കാൻ തുടങ്ങി. ഇന്നലെ മുതലാണ് ഹജ്, ഉംറ മന്ത്രാലയം പുതിയ ഉംറ വീസ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയത്. മുൻ വർഷങ്ങളിൽ ഹജ് സീസൺ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് വീസകൾ അനുവദിച്ചിരുന്നത്. എന്നാൽ, ഈ വർഷം മുതൽ ഹജ് പൂർത്തിയായാലുടൻ വീസ അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വീസകൾ അനുവദിക്കുന്നത്. കൂടുതൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. വിദേശങ്ങളിൽ നിന്നെത്തിയ ഹജ് തീർഥാടകരിൽ ബഹുഭൂരിഭാഗവും ഇനിയും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടില്ല. ഇതിനു മുമ്പു തന്നെ ഉംറ വീസ അനുവദിക്കുകയാണിപ്പോൾ.
2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയർത്താനാണ് വിഷൻ 2030 ലക്ഷ്യമിടുന്നത്. കഴിഞ്ഞ കൊല്ലം വിദേശങ്ങളിൽ നിന്ന് 1.355 കോടിയിലേറെ ഉംറ തീർഥാടകരെത്തിയിരുന്നു. ഉംറ വീസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വീസാ കാലാവധിയിൽ സൗദിയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും.