ADVERTISEMENT

മനാമ ∙ അവധി ദിനങ്ങൾ ലഭിക്കുമ്പോൾ ബഹ്‌റൈൻ മറ്റു ജിസിസി രാജ്യങ്ങളിലെ സന്ദർശകരെക്കൊണ്ട് വീർപ്പുമുട്ടുന്നു. സൗദിയിൽ നിന്നുള്ള സന്ദർശകരാണ് അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ബഹ്‌റൈനിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ. കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇപ്പോൾ റോഡ് മാർഗം ബഹ്‌റൈൻ സന്ദർശനം പതിവാക്കിയിട്ടുണ്ട്. സൗദിയിൽ നിന്നുള്ളവരിൽ സ്വദേശികളാണ് കൂടുതലും ഉള്ളതെങ്കിലും ഈ രാജ്യങ്ങളിലുള്ള മലയാളി പ്രവാസികളും അവധി സന്ദർശനം ഇപ്പോൾ ബഹ്റൈനിലേക്ക് ആക്കിയിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണം കൂടുതൽ ലഭ്യമാകുന്ന ബഹ്‌റൈനിൽ, പല മലയാളികളും പ്രത്യേകം തേടിവരുന്ന ഭക്ഷണ ശാലകളും യഥേഷ്ടമുണ്ട്. മറ്റ് രാജ്യങ്ങളിലെ സന്ദർശകരെ മാത്രം ലക്ഷ്യമിട്ട് നിരവധി ആയുർവേദ ടൂറിസം മേഖലയും ഇപ്പോൾ ബഹ്‌റൈനിൽ സജീവമായിട്ടുണ്ട്. സൗദിയിൽനിന്ന് നേരിട്ട് ഓൺലൈൻ ബുക്കിങ് സ്വീകരിച്ചു കൊണ്ടുള്ള നിരവധി ആയുർവേദ കേന്ദ്രങ്ങളും മസാജ് പാർലറുകളും ബഹ്‌റൈന്റെ ടൂറിസം രംഗത്ത് സജീവമായി ചുവടുറപ്പിച്ചിട്ടുണ്ട്.

∙ സന്ദർശകരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും; അവധി വന്നാൽ ബഹ്‌റൈനിൽ പാർക്കിങ് ദുരിതത്തിൽ 
ബഹ്‌റൈനിലെയോ മറ്റു ജിസിസി രാജ്യങ്ങളിലോ അവധി ദിവസങ്ങൾ ആണെങ്കിൽ ബഹ്‌റൈൻ റോഡുകൾ സന്ദർശകരുടെ വാഹനങ്ങൾ കൊണ്ട് നിറയുന്നു. ഇത് പലപ്പോഴും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് സൗദി, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വാഹനങ്ങളാണ് പലപ്പോഴും വഴി തെറ്റി സഞ്ചരിച്ച് ഗതാഗതക്കുരുക്കുകൾക്ക് കാരണമാകുന്നത്. ബഹ്‌റൈൻ ഒരു ചെറിയ രാജ്യമായത് കൊണ്ട് തന്നെ പൊതുവെ രൂക്ഷമായ ഗതാഗത കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. അതിനിടയിലാണ് നീണ്ട അവധി ദിവസങ്ങളും വന്നു ചേരുന്നത്. ഹോട്ടൽ സമുച്ഛയങ്ങൾ കൂടുതലായുള്ള ജുഫൈർ ,ഹൂറ എക്സിബിഷൻ റോഡ് എന്നിവിടങ്ങളിലാണ് പലപ്പോഴും ഇത്തരത്തിലുള്ള ഗതാഗത കുരുക്കുകൾ അനുഭവപ്പെടുന്നത്.

ബഹ്‌റൈൻ റോഡുകൾ സന്ദർശകരുടെ വാഹനങ്ങൾ കൊണ്ട് നിറയുന്നു. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ബഹ്‌റൈൻ റോഡുകൾ സന്ദർശകരുടെ വാഹനങ്ങൾ കൊണ്ട് നിറയുന്നു. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

സൗദിയിൽ നിന്നുള്ള സന്ദർശകർ പലപ്പോഴും വൺ വേ റോഡുകളിൽ ഗതാഗത നിയമം തെറ്റിച്ച് യാത്ര ചെയ്യുന്നത് സ്വദേശികളുമായുള്ള വഴക്കിന് വരെ കാരണമാകുന്നുണ്ട്. കൂടാതെ ഫ്ലാറ്റുകളുടെ പാർക്കിങ് ഏരിയകളിൽ വാഹനങ്ങൾ നിർത്തിയിട്ട് പോവുക, മറ്റു വാഹനങ്ങൾക്ക് വഴി തടസ്സം ഉണ്ടാകുന്ന വിധത്തിലുള്ള പാർക്കിങ് തുടങ്ങിയവയെല്ലാം രാജ്യത്തെ ഗതാഗത  സംവിധാനത്തെ താറുമാറാക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഈദ് അവധിയായിരുന്നതിനാൽ നിരവധി സന്ദർശകരാണ് മറ്റു രാജ്യങ്ങളിൽ നിന്ന് റോഡ് മാർഗം ബഹ്‌റൈനിൽ എത്തിയിട്ടുള്ളത്. പൊതു അവധിയായത് കാരണം സ്വാദേശികളും വാഹനങ്ങളുമായി പുറത്തിറങ്ങിയതോടെ പല ഇടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക്  അനുഭവപ്പെട്ടിരുന്നു.

English Summary:

Long Holidays: Visitors crowded in Bahrain; Vegeratian foods, Ayurveda and More Attracted Visitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com