ADVERTISEMENT

അജ്മാൻ∙ വാഹനമോടിക്കുന്നവരോട് ലെയ്ൻ അച്ചടക്കം പാലിക്കണമെന്നും നിയമവിരുദ്ധമായി വാഹനം തിരിക്കരുതെന്നും അജ്മാൻ പൊലീസ് നിർദേശിച്ചു. നിയമലംഘകർക്ക് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളുമായിരിക്കും ചുമത്തുക. ഇന്നലെ ആരംഭിച്ച ‘യുവർ കമ്മിറ്റ്മെന്‍റ് മീൻസ് സേഫ്റ്റി’ എന്ന  റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാംപെയ്നിന്‍റെ ഭാഗമാണ് ഈ ഓർമപ്പെടുത്തൽ. സുരക്ഷിതമല്ലാത്ത വാഹന ടയറുകൾ പെട്ടെന്ന് തെറിച്ചുപോകുന്നതിനും പതിവായി വാഹനം പരിശോധിച്ച് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നതിനും ഒട്ടേറെ ഘടകങ്ങൾ കാരണമാകുമെന്ന് സമൂഹമാധ്യമ പോസ്റ്റിൽ അധികൃതർ ചൂണ്ടിക്കാട്ടി. പാത മാറുമ്പോൾ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക, മഴയത്ത് വാഹനമോടിക്കുമ്പോൾ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക, ശ്രദ്ധ തെറ്റി വാഹനമോടിക്കുന്നത് ഒഴിവാക്കുക, നിശ്ചിത വേഗപരിധി കവിയരുത് എന്നിവയും അധികൃതർ വാഹനമോടിക്കുന്നവരെ അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പെട്രോൾ ഡിപ്പാർട്ട്‌മെന്‍റ് ഡപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി ഓർമിപ്പിച്ചു.  

 2023-ൽ യുഎഇ റോഡുകളിൽ സംഭവിച്ച ആകെ മരണങ്ങളുടെ 71 ശതമാനവും പരുക്കുകളുടെ 61 ശതമാനവും സംഭവിച്ചതിന് കാരണമായ ആദ്യത്തെ അഞ്ച് നിയമലംഘനങ്ങളിൽ പെട്ടന്നുള്ള വ്യതിയാനവും  ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ  കണക്കനുസരിച്ച് കഴിഞ്ഞ വർഷം രാജ്യത്തുടനീളം 352 റോഡ് മരണങ്ങൾ ഉണ്ടായി. 2022 ൽ റജിസ്റ്റർ ചെയ്ത 343 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 3 ശതമാനം വർധിച്ചു, എന്നാൽ 2021 ൽ രേഖപ്പെടുത്തിയ 381 മരണങ്ങളിൽ നിന്ന് 8 ശതമാനം കുറഞ്ഞു. അജ്മാനിൽ കഴിഞ്ഞ വർഷം 11 മരണങ്ങൾ സംഭവിച്ചു. 133 പേർക്ക് പരുക്കുമേറ്റു.

∙ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ

റോഡിലെ ലെയ്നുകൾ മാറ്റുന്നതിന് മുമ്പ് വാഹനമോടിക്കുന്നവർ താഴെ പറയുന്ന സുരക്ഷാ നടപടികൾ പാലിക്കണമെന്ന് അധികൃതരും റോഡ് സുരക്ഷാ വിദഗ്ധരും അഭ്യർഥിച്ചു.  

∙ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക 

ഇടത്തും വലുത്തും പിൻഭാഗത്തുമുള്ള കണ്ണാടികൾ പരിശോധിക്കുക. പുറകിലും അരികിലും വാഹനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക മാറുന്നതിന് മുമ്പ് പാത വ്യക്തമാണെന്ന് ഉറപ്പാക്കാൻ ഇരുവശവും നോക്കുക മറ്റ് വാഹനങ്ങൾക്കായി ബ്ലൈൻഡ് സ്പോട്ടുകൾ പരിശോധിക്കുക.അടുത്ത പാതയിലേക്ക് നീങ്ങുന്നതിന് മുമ്പ് കാറിന് മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുക.

English Summary:

Ajman Police urge motorists to maintain lane discipline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com