ADVERTISEMENT

മക്ക ∙ ഇത്തവണ നാലു ലക്ഷത്തോളം പേര്‍ അനധികൃതമായി ഹജ് നിര്‍വഹിച്ചുവെന്നാണ് കണക്കാക്കുന്നതെന്ന് സൗദി അധികൃതർ സൂചിപ്പിച്ചു. ഈജിപ്ത് സ്വദേശികളാണ് അനധികൃത ഹാജിമാരിൽ ഏറെയും. ഈജിപ്തിലെ ടൂറിസം കമ്പനികള്‍ ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്ന് വാദ്ഗാനം ചെയ്ത് നിരവധി പേരെ വിസിറ്റ് വീസയില്‍ സൗദിയിലെത്തിച്ച ശേഷം കൈയൊഴിയുകയായിരുന്നു. ഇത് സൗദി, ഈജിപ്ഷ്യന്‍ അധികൃതര്‍ക്കും ഈജിപ്ഷ്യന്‍ തീര്‍ഥാടകര്‍ക്കും വലിയ തലവേദന സൃഷ്ടിച്ചു. 

തട്ടിപ്പ് നടത്തിയ ടൂറിസം കമ്പനികള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ഈസ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹജ് കാലത്ത് വിസിറ്റ് വീസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നത് സൗദി അറേബ്യ വിലക്കിയിരുന്നു. ഇതിനു പുറമെ, മക്കയിലുള്ള വിസിറ്റ് വീസക്കാര്‍ നഗരം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹജിന് തൊട്ടു മുമ്പ് മക്കയില്‍ നിന്ന് രണ്ടര ലക്ഷത്തിലേറെ വിസിറ്റ് വീസക്കാരെ പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

രണ്ടായിരത്തിലേറെ സർവീസുമായി ഇലക്ട്രിക് സ്കൂട്ടറുകൾ
ഇത്തവണത്തെ ഹജിന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 2,000 ലേറെ സര്‍വീസുകള്‍ നടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. രണ്ടു വര്‍ഷത്തിനിടെ ഹജ് കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിച്ചത് വിജയകരമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാരും പ്രായമായവരും അടക്കമുള്ളവരുടെ സഞ്ചാരം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിച്ചത്. 

ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്നു സ്ഥിരം ട്രാക്കുകള്‍ സജ്ജീകരിച്ചിരുന്നു. അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് നാലു കിലോമീറ്റര്‍ നീളത്തിലും ജംറയിലേക്കുള്ള പടിഞ്ഞാറന്‍ പാലത്തില്‍ 1.2 കിലോമീറ്റര്‍ നീളത്തിലും ജംറയിലേക്കുള്ള കിഴക്കന്‍ പാലത്തില്‍ 1.2 കിലോമീറ്റര്‍ നീളത്തിലുമാണ് ട്രാക്കുകള്‍ നീക്കിവെച്ചിരുന്നത്. ഹാജിമാരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിൽ നാലു ടയറുകളും മൂന്നു ടയറുകളും രണ്ടു ടയറുകളും വീതമുള്ള വ്യത്യസ്ത രൂപത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗത്തിനുണ്ടായിരുന്നു. 

English Summary:

Around four lakh people performed Hajj without authorization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com