ADVERTISEMENT

ദോഹ ∙ പുറത്തേക്ക് ഇറങ്ങിയാല്‍ പൊള്ളുന്ന ചൂടാണ്. പ്രായം ചെന്നവര്‍ ആരോഗ്യകാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ട സമയമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍.

ചൂടും അന്തരീക്ഷ ഈര്‍പ്പവും ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ പ്രായം ചെന്നവര്‍ക്ക് വേനല്‍ക്കാല രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നതിനാല്‍ പ്രത്യേക ശ്രദ്ധയും പരിചരണവും അനിവാര്യമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്‍ (പിഎച്ച്‌സിസി) അധികൃതരാണ് നിര്‍ദേശിച്ചത്. വയോധികരെ സംബന്ധിച്ച് ശരീരോഷ്മാവ് നിയന്ത്രിച്ചു നിര്‍ത്താനുള്ള ശരീരത്തിന്റെ കഴിവിന് വേനല്‍ചൂട് വലിയ വെല്ലുവിളിയാണ്. മറ്റു പ്രായക്കാരെ അപേക്ഷിച്ച് പ്രായം ചെന്നവരുടെ ശരീരത്തിന് താപനിലയിലുണ്ടാകുന്ന മാറ്റങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുക പ്രയാസമാണെന്നും മിസൈമീര്‍ ഹെല്‍ത്ത് സെന്റര്‍ ഫാമിലി മെഡിസിന്‍ കണ്‍സല്‍റ്റന്റ് ഡോ. ഖാമര്‍ മന്‍സല്‍ജി വ്യക്തമാക്കി. 

കനത്ത ചൂട് സൂര്യതപം, സൂര്യാഘാതം, അമിതമായ തളര്‍ച്ച തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗുരുതരമോ ദീര്‍ഘസമയം നീണ്ടു നില്‍ക്കുന്നതോ ആയ നിര്‍ജലീകരണം ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. തളര്‍ച്ച, തലകറക്കം, പേശിവലിവ്, കണങ്കാലിലും കാലുകളിലും നീര്‍വീക്കം, ഛര്‍ദ്ദി, ക്ഷീണം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടണം. പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിച്ച് ചൂടുകാലം സുരക്ഷിതമായി അതിജീവിക്കാന്‍ വയോധികര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോ. ഖാമര്‍ നിര്‍ദേശിച്ചു. 

മുന്‍കരുതലുകള്‍ എന്തൊക്കെ
∙ ദാഹിക്കാന്‍ കാത്തിരിക്കാതെ ധാരാളം വെള്ളം കുടിക്കണം. പ്രായം ചെന്നവര്‍ക്ക് ദാഹം അനുഭവപ്പെടുന്നത് കുറവായതിനാല്‍ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജലീകരണത്തിന് ഇടയാക്കും. ചൂടിനെ പ്രതിരോധിക്കാന്‍ ഫ്രഷ് ജ്യൂസ് പോലുള്ളവയും കുടിക്കാം. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. 

∙ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ പഴവര്‍ഗങ്ങള്‍ക്ക് കഴിയുമെന്നതിനാല്‍ ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, സ്‌ട്രോബറി, ഗ്രേപ്പ്ഫ്രൂട്ട്, പൈനാപ്പിള്‍, കുക്കുംബര്‍, ലെറ്റൂസ്, സെലറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം. 

∙ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത്, പ്രത്യേകിച്ചും നട്ടുച്ച സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഷോപ്പിങ് പോലുള്ള കാര്യങ്ങള്‍ രാവിലെ നേരത്തെ ചെയ്യാം. വീടിനു പുറത്തിറങ്ങുമ്പോഴും നടത്തം പോലുള്ള വ്യായാമം ചെയ്യുമ്പോഴുമെല്ലാം ഒരു കുപ്പി വെള്ളം കൈവശം കരുതിയാല്‍ ഇടയ്ക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താം. 

∙ ഉച്ചയ്ക്ക് വിശ്രമിക്കണം. നടത്തം പോലുള്ള വ്യായാമങ്ങള്‍ താപനില കുറഞ്ഞ ശേഷം വൈകുന്നേരങ്ങളില്‍ മാത്രമേ പാടുള്ളു. ചില ആരോഗ്യാവസ്ഥകളും വ്യായാമങ്ങളും വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശം പ്രകാരമേ വ്യായാമം ചെയ്യാന്‍ പാടുള്ളു. 

∙ വീട്ടിനകത്ത് ഇരിക്കുന്നതും കിടക്കുന്നതും വിശ്രമിക്കുന്നതുമെല്ലാം തണുപ്പുള്ള സ്ഥലത്തോ എയര്‍കണ്ടീഷനുള്ള മുറിയിലോ ആണെങ്കില്‍ നല്ലത്. പകല്‍ സമയത്ത് ജനാലകള്‍ അടച്ചിട്ടാല്‍ വീട്ടിനകത്തേക്ക് ചൂട് എത്തുന്നത് കുറയ്ക്കാം. ഉറങ്ങുമ്പോള്‍ മുറിയിലെ കൃത്രിമ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതും ചൂട് കുറയ്ക്കും.  

∙ ദിവസത്തില്‍ ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ നല്ലതാണ്. 

∙ വയോധികര്‍ വീടിന് പുറത്തു പോകുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം. ഭാരം കുറഞ്ഞ കോട്ടണ്‍, ലിനന്‍ പോലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. കടുത്ത നിറം ഒഴിവാക്കി ഇളം നിറത്തിലുള്ളവ ആയിരിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. 

∙ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുട ചൂടാം. മുഖവും തലയും സംരക്ഷിക്കാന്‍ തലയില്‍ വലിയ തൊപ്പി ധരിക്കാം. സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ ഗ്ലാസ് ധരിക്കുന്നതും വളരെ നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കണം. 

English Summary:

Heat: Care and precautions should be taken to protect your health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com