കഅ്ബയുടെ താക്കോലും അൽ ശൈബി കുടുംബവും; ചരിത്രം തൊടുന്ന പാരമ്പര്യം
Mail This Article
മക്ക∙ മുസ്ലിംകൾ ഏറെ വിശുദ്ധമായി കരുതുന്ന ഭവനങ്ങളിലൊന്നാണ് മക്കയിലെ ഹറമിലെ കഅ്ബാലയം. ഹജിന്‍റെയും ഉംറയുടെയും ഭാഗമായി തീർത്ഥാടകർ പ്രദക്ഷിണം വെക്കുന്നത് കഅ്ബയെയാണ്. ഈ കഅ്ബയുടെ താക്കാൽ സൂക്ഷിപ്പുക്കാരനാണ് ഇന്ന് അന്തരിച്ച ഷെയ്ഖ് ഡോ. സ്വാലിഹ് ബിന്‍ സൈനു ല്‍ആബിദീന്‍ അല്‍ശൈബി. കഅ്ബാലയത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവരാണ് ഇദ്ദേഹം.
മുഹമ്മദ് നബി മക്കയിൽ ഇസ്ലാമിക പ്രബോധനം ആരംഭിച്ച കാലത്ത് അല്-ശൈബ കുടുംബത്തിലെ കാരണവരായ ഉസ്മാൻ ഇബ്നു തൽയുടെ സൂക്ഷിപ്പിലായിരുന്നു കഅ്ബയുടെ താക്കോൽ ഉണ്ടായിരുന്നത്. കഅ്ബയുടെ സൂക്ഷിപ്പുകാരൻ എന്ന അധികാരവും പദവിയും ശൈബ കുടുംബത്തെ അറബികൾക്കിടയിൽ ആദരീണയരാക്കിയിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലം മുതൽ, കഅ്ബാലയത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല വഹിച്ച 77-ാമത്തെയാളാണ് ഷെയ്ഖ് സ്വാലിഹ് അല്‍ശൈബി. സാദിൻ എന്നാണ് ഈ ചുമതല വഹിക്കുന്നവരെ വിളിക്കുന്ന പേര്. കഅ്ബാലയത്തിന്‍റെ കഴുകല്‍ ചടങ്ങില്‍ 100 ലേറെ തവണ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഹറമിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ തൊഴിലാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല. 35 സെന്‍റീമീറ്റര്‍ നീളമുള്ള, ഇരുമ്പില്‍ നിര്‍മിച്ചതാണ് കഅ്ബയുടെ താക്കോൽ. ഈ താക്കോല്‍ കൈവശം വയ്ക്കാന്‍ അധികാരമുള്ള ഏക വ്യക്തിയാണ് സാദിന്‍. കഅ്ബാലയത്തെ അണിയിച്ച പുടവ (കിസ്വ) മാറ്റല്‍, കഅ്ബാലയം കഴുകല്‍, അത്തര്‍ പൂശല്‍, കഅ്ബാലയം തുറക്കല്‍, അടക്കല്‍ തുടങ്ങി കഅ്ബാലയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല സാദിന് ആണ്.
'ത്വല്‍ഹയുടെ മക്കളേ, വിശുദ്ധ കഅ്ബാലയത്തിന്‍റെ താക്കോല്‍ എക്കാലവും നിങ്ങള്‍ കൈവശം വെക്കുക, അക്രമിയല്ലാതെ ഇത് നിങ്ങളില്‍ നിന്ന് പിടിച്ചുപറിക്കില്ല' - എന്ന് മുഹമ്മദ് നബി പറഞ്ഞ ശൈബ ബിന്‍ ഉസ്മാന്‍ ബിന്‍ അബീത്വല്‍ഹയുടെ സന്തതി പരമ്പരയില്‍ പെട്ട പേരമകനാണ് ഷെയ്ഖ് ഡോ. സ്വാലിഹ് അല്‍ശൈബി.
മക്കയിലാണ് ഷെയ്ഖ് സ്വാലിഹ് അല്‍ശൈബി ജനിച്ചത്. ഇസ്ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി. പിതൃസഹോദരന്‍ അബ്ദുല്‍ഖാദിര്‍ ത്വാഹാ അല്‍ശൈബി 2014 ല്‍ മരണപ്പെട്ടതോടെയാണ് ഡോ. സ്വാലിഹ് അല്‍ശൈബിക്ക് കഅ്ബാലയത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല ലഭിച്ചത്.
കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനെ അൽശൈബ കുടുംബം വൈകാതെ പ്രഖ്യാപിക്കും.