സൗദിയിൽ വിമാന കമ്പനികള്‍ക്കെതിരെ ഒരു മാസത്തിനിടെ ലഭിച്ചത് 1,300 ലേറെ പരാതികള്‍
Mail This Article
ജിദ്ദ ∙ കഴിഞ്ഞ മാസം സൗദിയില്‍ വിമാന കമ്പനികള്‍ക്കെതിരെ യാത്രക്കാരില്‍നിന്ന് 1,318 പരാതികള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ദേശീയ വിമാനകമ്പനിയായ സൗദിയക്ക് എതിരെയാണ് ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് പത്തു പരാതികള്‍ എന്ന തോതിലാണ് സൗദിയക്ക് എതിരായ പരാതികൾ ലഭിച്ചത്.
ഇവയില്‍ 95 ശതമാനത്തിനും നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. രണ്ടാം സ്ഥാനത്തുള്ള ഫ്‌ളൈ അദീല്‍ കമ്പനിക്കെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 11 പരാതികള്‍ തോതില്‍ മെയ് മാസത്തില്‍ ലഭിച്ചു. 99 ശതമാനം പരാതികള്‍ക്കും കമ്പനി നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു. മൂന്നാം സ്ഥാനത്തുള്ള ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 13 പരാതികള്‍ ലഭിച്ചു. മറ്റു രാജ്യാന്തര വിമാനങ്ങൾക്കെതിരെയാണ് ബാക്കി പരാതികൾ ലഭിച്ചത്.
പ്രതിവര്‍ഷം 60 ലക്ഷത്തിലേറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന രാജ്യാന്തര എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് ദമാം കിങ് ഫഹദ് രാജ്യാന്തര എയര്‍പോര്‍ട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 0.3 എന്ന തോതില്‍ ആകെ മൂന്നു പരാതികളാണ് ദമാം വിമാനത്താവളത്തിനെതിരെ ഉയര്‍ന്നുവന്നത്. ഇവയും പരിഹരിച്ചു.
പ്രതിവര്‍ഷം 60 ലക്ഷത്തില്‍ താഴെ യാത്രക്കാർ ഉപയോഗിക്കുന്ന തബൂക്ക് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് പ്രിന്‍സ് സുല്‍ത്താന്‍ രാജ്യാന്തര എയര്‍പോര്‍ട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 0.4 എന്ന തോതിലാണ് പരാതി. ആഭ്യന്തര വിമാനത്താവളങ്ങളില്‍ നജ്‌റാന്‍ എയര്‍പോര്‍ട്ടിനെതിരെ ആണ് ഏറ്റവും കുറവ് പരാതികള്‍ ഉണ്ടായത്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് രണ്ട് എന്ന തോതില്‍ ആകെ രണ്ടു പരാതികൾ മാത്രമാണ് ലഭിച്ചതെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.