അബുദാബിയിൽ പുതിയ എഐ ക്യാമറകൾ; നിയമലംഘനത്തിന് 3000 ദിർഹം വരെ പിഴ
Mail This Article
അബുദാബി ∙ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കി അബുദാബി പൊലീസ്. നിയമലംഘകർക്ക് 300 മുതൽ 3000 ദിർഹം വരെ പിഴ ഈടാക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിച്ചത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമം ഉൾപ്പെടെ വിവിധ മേഖലകളിൽ ബോധവൽക്കരണവും ശക്തമാക്കി.
കുറ്റവും ശിക്ഷയും
മണിക്കൂറിൽ നിശ്ചിത വേഗത്തേക്കാൾ 20 കി.മീ വരെയുള്ള നിയമലംഘനത്തിന് 300 ദിർഹം പിഴ ചുമത്തും. 20-30 കി.മീ. 600, 30-40 കി.മീ. 700, 40-50 കി.മീ. 1000 ദിർഹം എന്നിങ്ങനെയാണ് പിഴ. വേഗപരിധിയെക്കാൾ 50 മുതൽ 60 കി.മീ വരെയുള്ള നിയമലംഘനത്തിന് 1,500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 60 കിലോമീറ്ററിൽ കൂടിയാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും 80 കി.മീ കടന്നാൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാകും ശിക്ഷ.
അതിവേഗ പാതയിൽ വേഗം കുറച്ചാൽ
അതിവേഗ പാതയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വേഗം കുറച്ച് വാഹനമോടിച്ചാലും ശിക്ഷയുണ്ട്. 400 ദിർഹമാണ് പിഴ ചുമത്തുക. ഓരോ റോഡുകളിലെയും വേഗപരിധിയും സുരക്ഷിത അകലവും പാലിക്കണമെന്നും ഓർമിപ്പിച്ചു. പെട്ടെന്ന് ലെയ്ൻ മാറരുതെന്നും സിഗ്നൽ ഇട്ട് മുന്നറിയിപ്പ് നൽകി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ മറ്റൊരു ലെയ്നിലേക്ക് മാറാവൂ എന്നും പൊലീസ് വ്യക്തമാക്കി.
പിടികൂടും എഐ ക്യാമറകൾ
അബുദാബി റോഡുകളിൽ അമിതവേഗക്കാരെ പിടികൂടാൻ ഒട്ടേറെ ക്യാമറകളും സ്ഥാപിച്ചു. നിർമിത ബുദ്ധി ക്യാമറകൾ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ രേഖപ്പെടുത്തും. മറ്റു യാത്രക്കാർക്ക് അപകടം വരുത്തുംവിധം എക്സിറ്റിലേക്കും സീബ്രാ ക്രോസിലേക്കും പ്രവേശിക്കുന്ന വാഹന ഡ്രൈവർമാരെയും നിർമിത ബുദ്ധി ക്യാമറ കണ്ടെത്തും. കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്തവരെയും പിടികൂടും. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനവും ക്യാമറ പകർത്തും.
വേനൽകാലത്ത് വാഹനമോടിക്കുമ്പോൾ ടയറിലെ വായു പരിശോധിച്ച് ഉറപ്പാക്കണം. നിലവാരമുള്ളതും കാലഹരണപ്പെടാത്തതുമായ ടയറുകളാണെന്നും ഗതാഗത യോഗ്യമാണെന്നും യാത്രയ്ക്കു മുൻപ് പരിശോധിച്ച് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.