വ്യാജ രേഖ ചമച്ച് പാസ്പോർട്ട് നേടി വിദേശത്തേക്ക് മുങ്ങി ക്രിമിനൽ കേസ് പ്രതികൾ; സഹായിച്ച് പൊലീസുകാർ
Mail This Article
തിരുവനന്തപുരം ∙ ക്രിമിനൽ കേസ് പ്രതിക്കു വ്യാജരേഖ ചമച്ച് പാസ്പോർട്ട് തരപ്പെടുത്താൻ കൂട്ടുനിന്ന പൊലീസുകാരൻ കൈക്കൂലിയായി വാങ്ങിയത് 10,000 രൂപ. പൂന്തുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രവീൺ കുമാർ ആണ് ഓൺലൈനായി പണം കൈപ്പറ്റിയത്. ഇടപാടിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പ്രവീണിന് എതിരെ പൂന്തുറ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരാളുടെ വിലാസത്തിൽ വ്യാജരേഖ ചമച്ച് പാസ്പോർട്ട് തരപ്പെടുത്തി നൽകുന്ന ഇടനിലക്കാരൻ വർക്കല സ്വദേശി സുനിൽകുമാറിൽ നിന്നാണ് പണം വാങ്ങിയത്. ക്രിമിനൽ കേസ് പ്രതിയായ സായൂജിന് വേണ്ടിയാണ് വ്യാജവിലാസത്തിൽ പാസ്പോർട്ട് തരപ്പെടുത്തിയത്. രണ്ടാം പ്രതി സായൂജ് വിദേശത്തക്കു കടന്നു. പ്രതികൾക്ക് എതിരെ വ്യാജരേഖ ചമയ്ക്കൽ, പാസ്പോർട്ട് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി. വ്യാജ രേഖ ചമച്ച് പാസ്പോർട്ട് സംഘടിപ്പിച്ചെന്ന വിവരം പുറത്തുവന്നതോടെ പ്രവീൺ നടത്തിയ പാസ്പോർട്ട് വെരിഫിക്കേഷനുകൾ പുനഃപരിശോധിക്കാനാണു തീരുമാനം.
2023 ഡിസംബറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിവിധ കേസുകളിൽ പ്രതിയായതിനാൽ വള്ളക്കടവിലെ വിലാസത്തിൽ ആധാർകാർഡ് നിർമിച്ചാണു സായൂജിന്റെ പേരിൽ പാസ്പോർട്ടിന് അപേക്ഷ നൽകിയത്. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ നിന്നു വെരിഫിക്കേഷനു വേണ്ടി പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. പാസ്പോർട്ട് വെരിഫിക്കേഷൻ ഓഫിസറായ പ്രവീൺ സ്ഥലത്തു പോയി അന്വേഷണം നടത്താതെ ഒന്നാം പ്രതി സുനിൽകുമാറിൽ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങി പാസ്പോർട്ട് വെരിഫിക്കേഷൻ ക്ലിയറൻസ് അയച്ചു നൽകുകയായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത വ്യാജ പാസ്പോർട്ട് കേസിൽ പിടിയിലായ സുനിൽകുമാറിൽ നിന്നാണ് പൂന്തുറയിലും വ്യാജ വിലാസത്തിൽ പാസ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
തുമ്പ എസ്എച്ച്ഒ നൽകിയ റിപ്പോർട്ട് ഡിസിപി ഓഫിസിൽ നിന്നു പൂന്തുറ പൊലീസിനു കൈമാറുകയായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനിൽ പരിധിയിൽ 13 പാസ് പോർട്ടുകളാണ് വ്യാജ വിലാസത്തിൽ തരപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. പൂന്തുറയിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ഒട്ടേറെ ക്രിമിനൽ കേസ് പ്രതികൾ പാസ്പോർട്ട് സംഘടിപ്പിച്ചിട്ടുണ്ടെന്നാണു സൂചന.
നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് പാസ്പോർട്ട് തരപ്പെടുത്തി ക്രിമിനൽ കേസ് പ്രതികളായ 14 പേർ വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കഴക്കൂട്ടം, തുമ്പ, ശ്രീകാര്യം, വലിയതുറ, പൂന്തുറ, പേട്ട എന്നിവിടങ്ങളിലെ ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് വ്യാജവിലാസത്തിൽ പാസ്പോർട്ട് തരപ്പെടുത്തി മുങ്ങിയത്.
തുമ്പ പൊലീസ് സ്റ്റേഷനിലെ സസ്പെൻഷനിലായ സിപിഒ അൻസിൽ അസീസിന്റെ നേതൃത്വത്തിൽ ഗുണ്ടാപട്ടികയിലുള്ളവർക്കും വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് പാസ്പോർട്ട് കൈവശപ്പെടുത്താൻ അവസരം ഒരുക്കി.