യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പക്ഷേ ചൂട് കുറയില്ല
Mail This Article
ദുബായ് ∙ യുഎഇയിൽ ഇന്ന് ഭാഗിക മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനും വടക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും സാധ്യതയുണ്ട്. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഈ പ്രദേങ്ങളിലെ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതും നല്ലതാണ്. ഇന്നലെ അൽ ഐനിലെ ഖതം അൽ ഷിക്‌ലയിൽ കനത്ത മഴ പെയ്തു. ആലിപ്പഴ വർഷവുമുണ്ടായിരുന്നു. ദൈദിലേക്കുള്ള പുതിയ ഖോർഫക്കൻ റോഡിൽ കനത്തതും ഷാർജയിലെ മലിഹയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു.
∙ മാറുന്ന വേഗപരിധി പാലിക്കാൻ അഭ്യർഥന
ഇന്ന് രാവിലെ മൂടൽമഞ്ഞ് രൂപപ്പെടുന്നതുമൂലമുള്ള കുറഞ്ഞ ദൃശ്യപരതയെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിലെ പോസ്റ്റിൽ അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർഥിക്കുന്നു.
∙മഴ പെയ്താലും ചൂടു കുറയില്ല
ഉൾ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കാലാവസ്ഥ എപ്പോഴും ചൂടായിരിക്കും. അതേസമയം, മെർക്കുറി 48 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അബുദാബിയിലും ദുബായിലും ഇത് യഥാക്രമം 47 ഡിഗ്രി സെൽഷ്യസ്. ഈ മാസം 21ന് യുഎഇയിൽ ഇതുവരെയുള്ള വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് മെസൈറയിൽ (അൽ ദഫ്ര മേഖല) 49.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.