യുഎഇ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി
Mail This Article
അബുദാബി ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന വിരുന്ന് സത്കാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, കാലാവസ്ഥ വ്യതിയാനം തുടങ്ങി എല്ലാ മേഖലകളിലും സംയുക്ത സഹകരണം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങൾ ഷെയ്ഖ് അബ്ദുല്ലയും ജയശങ്കറും അവലോകനം ചെയ്തു. സമഗ്രമായ വികസനവും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ട് യുഎഇയും ഇന്ത്യയും ശക്തവും തന്ത്രപരവുമായ പങ്കാളിത്തം പങ്കിടുന്നുവെന്ന് ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
2022 മേയിൽ ആരംഭിച്ച യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) സാമ്പത്തിക, വ്യാപാര സഹകരണം ഗണ്യമായി ഉയർത്തിയതായും ഇരു രാജ്യങ്ങളുടെയും ദേശീയ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യാന്തര സംഘടനകൾക്കുള്ളിലെ സഹകരണത്തെക്കുറിച്ചും മധ്യപൂർവദേശത്തെ സാഹചര്യം ഉൾപ്പെടെയുള്ള നിലവിലെ പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ ജയശങ്കറിനെ ഷെയ്ഖ് അബ്ദുല്ല അഭിനന്ദിച്ചു.