പ്രളയത്തിൽ നിന്ന് പാഠം പഠിച്ച് ദുബായ്; 30 ബില്യൻ ദിർഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു
Mail This Article
ദുബായ്∙ ദുബായിൽ 30 ബില്യൻ ദിർഹം ചെലവിൽ മഴവെള്ള ഓവുചാൽ ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കമുണ്ടായി രണ്ട് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. പദ്ധതി എമിറേറ്റിലെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി 700 ശതമാനം വർധിപ്പിക്കുകയും ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാനുള്ള ശേഷി കൂട്ടുകയും ചെയ്യും.
ദുബായിലെ എല്ലാ പ്രദേശളും ഉൾക്കൊള്ളുകയും പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം ആഗിരണം ചെയ്യുകയും ചെയ്യുന്ന പദ്ധതി ഈ മേഖലയിലെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള ഏറ്റവും വലിയ ശൃംഖലയായിരിക്കും. 2033-ഓടെ നിർമാണം പൂർത്തിയാക്കുംവിധം ഉടൻ നിർമാണം തുടങ്ങാനാണ് പദ്ധതി. ഇത് അടുത്ത നൂറു വർഷത്തേയ്ക്ക് ദുബായിൽ സേവനം ചെയ്യുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.