ADVERTISEMENT

ഷാർജ ∙  'ഇദാ വഖഅത് ഹുനാ, ഫസൗഫ് അറാ മയി മാ ലാ യഖിലു അൻ അഷറത് വ ഖംസത് അഷർ ഷക് സൻ ' ( ഞാനിവിടെ വീഴുവാണേൽ എന്റെ കൂടെ പത്തുപതിനഞ്ച് പെരെങ്കിലും കാണുവേ...) ടർബോ ജോസേട്ടായിയാണ് അറബിക്കിൽ കത്തിക്കയറുന്നത്. ഇന്ത്യയിലെ തിയറ്ററുകളെ രോമാഞ്ചം കൊള്ളിച്ച ടർബോ ജോസ് അറബിക് ഭാഷ സംസാരിച്ച് ഗൾഫ് സ്വദേശികളെ കൈയിലെടുക്കാനൊരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ടർബോ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മുട്ടി അവതരിപ്പിച്ച നായക കഥാപാത്രമായ ടർബോ ജോസിന് വേണ്ടി അറബിക് സംസാരിക്കുന്നത് പക്ഷേ, ഒരു മലയാളിയും.ഷാർജ സ്പെയിസ് അക്കാദമിയിൽ അസ്ട്രോനേറ്ററും കണ്ടന്റ്ക്രിയേറ്ററുമായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അഹമദ് സലാഹാണ് അറബി ജോസേട്ടായിക്ക് ശബ്ദം നൽകിയത്. ഇതിനകം ഡബ്ബിങ് പൂർത്തിയായ ചിത്രം ജൂലൈ പകുതിയോടെ യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും തിയറ്ററുകളിൽ പ്രദർശനം തുടങ്ങും. ഇതാദ്യമായാണ് ഒരു മലയാള ചിത്രം നേരിട്ട് അറബിക്കിലേയ്ക്ക് ഡബ്ബ് ചെയ്യുന്നത്. മമ്മുട്ടിക്ക് ഗൾഫിൽ സ്വദേശികളായ ഒട്ടേറെ ആരാധകരുണ്ട് എന്നതിനാൽ ചിത്രം വൻവിജയമാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. അറബിക് ടീസർ റിലീസ് കഴിഞ്ഞ ദിവസം ഷാർജയിൽ നടന്നു. അതേസമയം, മലയാളം ടർബോ യുഎഇയിലെ തിയറ്ററുകളിൽ ഇപ്പോഴും പ്രദർശിപ്പിച്ചുവരുന്നുണ്ട്.

∙ ഡബ്ബിങ് കണ്ട് മമ്മുട്ടി പറഞ്ഞു: സബാഷ്
യുഎഇയിൽ ബിസിനസുകാരനായിരുന്ന, പരേതനായ സലാഹുദ്ദീന്റെയും ജസീലയുടെയും മകനായ അഹമദ് സലാഹ് ജനിച്ചുവളർന്നതും പഠിച്ചതുമെല്ലാം യുഎഇയിൽ തന്നെയാണ്. ഷാർജ യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് ഫിസിക്സിൽ ബിരുദം നേടി. കുട്ടിക്കാലത്ത് കളിക്കൂട്ടുകാരെല്ലാം സ്വദേശി ബാലന്മാരായിരുന്നു. അതുകൊണ്ട് തന്നെ അന്നുമുതലേ സ്ഫുടതയോടെ അറബിക് സംസാരിക്കാൻ പഠിച്ചു. ഇതാണ് സംഭാഷണത്തിൽ അതീവ ശ്രദ്ധ പാലിക്കാറുള്ള മമ്മുട്ടിയുടെ കഥാപാത്രത്തിന് വേണ്ടി ഇൗ യുവാവ് തിരഞ്ഞെടുക്കപ്പെടാൻ കാരണം. ടർബോയുടെ ഗൾഫിലെ വിതരണക്കാരായ ഗ്ലോബൽ ട്രൂത്തിന്റെ സാരഥി അബ്ദുൽ സമദാണ് അറബിക് ടർബോയിൽ ഡബ്ബ് ചെയ്യാനുള്ള അവസരം നൽകിയത്.

Image Credits:  instagram/mammoottykampany
Image Credits: instagram/mammoottykampany

∙ അഭിനയമോഹി; ഇതിനകം 2 അറബിക് ചിത്രങ്ങൾ
ഇതിനകം അഹമദ് സലാഹ് രണ്ട് അറബിക് ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ടും യുഎഇ സംവിധായകനായ അഹമദ് സെയിൻ അൽ ഹാഷിമി സംവിധാനം ചെയ്തവ. 2019ലായിരുന്നു ആദ്യ ചിത്രമായ ബിത–കുല്ലയിൽ സൈക്യാസ്ട്രിസ്റ്റായി വേഷമിട്ടത്. 2021ൽ അംനോജി–2 എന്ന ചിത്രത്തിലും കുഞ്ഞു റോളിൽ അഭിനയിച്ചു. രണ്ട് ചിത്രങ്ങളും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇനി മലയാളത്തിലും അഭിനയിക്കണമെന്നാണ് മോഹം.

ചെറുപ്പം മുതലേ മമ്മുട്ടി ചിത്രങ്ങൾ കണ്ടാസ്വദിച്ചയാളാണ് 32കാരൻ. തകർപ്പൻ സംഭാഷണങ്ങളുള്ള ദ് കിങ്ങാണ് ഇഷ്ടചിത്രം. വാത്സല്യം, അമരം എന്നിവയും പ്രിയപ്പെട്ടവ തന്നെ. തന്റെ എല്ലാ സിനിമകളിലും ഡബ്ബിങ്ങിൽ മമ്മുട്ടി കാണിക്കുന്ന സൂക്ഷ്മതയായിരുന്നു ടർബോയ്ക്ക് വേണ്ടി അറബിക് സംഭാഷണങ്ങളുരുവിടുമ്പോൾ മനസിലുണ്ടായിരുന്നത്. കഥാപാത്രത്തിന്റെ വികാരവിക്ഷാഭങ്ങൾക്കനുസരിച്ച് വാക്കുകളുടെ പ്രയോഗം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്തു. ഉച്ചാരണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട അറബിക് ഡയലോഗുകൾ നന്നായി പരിശീലിച്ചാണ് ഇതിനായി ഇറങ്ങിയതെന്ന് അഹമദ് പറയുന്നു. രണ്ടാഴ്ച കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കാനും സാധിച്ചു. ഒരു മലയാളിയാകുമ്പോൾ രംഗങ്ങളുടെ  തീവ്രത ചോർന്നുപോകാതെ ഡയലോഗുകൾ പറയാന്‍ കഴിയുമെന്നത് അഹമദ് സലാഹിന് നറുക്കുവീഴാൻ കാരണമായി. ഷാർജ അൽ നഹ്ദയിലെ സ്റ്റുഡിയോയിലായിരുന്നു ഡബ്ബിങ്.

മറിയമും നൂറയും
മറിയമും നൂറയും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്. Image Credits: instagram/mammoottykampany

∙ ബിന്ദുപണിക്കർക്ക് വേണ്ടി മറിയം; സഞ്ജനയ്ക്ക് വേണ്ടി നൂറ
കേരളത്തെയും മലയാളത്തെയും നെഞ്ചോട് ചേർത്ത്, മലയാളികളെ തോൽപ്പിക്കുംവിധം മലയാളം സംസാരിച്ച് ശ്രദ്ധേയരായ സ്വദേശി സഹോദരികളായ മറിയമിനും നൂറയ്ക്കും ടർബോയിൽ പ്രധാന റോളുകളുണ്ട്. മലയാള സിനിമകളുടെ ആരാധകാരയ ഇരുവരും ചേർന്ന് മിഥുൻ മാനുവൽ തോമസ് മലയാളത്തിൽ രചിച്ച സംഭാഷണങ്ങൾ അറബിക്കിലാക്കിയത് കൂടാതെ, മറ്റെല്ലാ കാര്യത്തിനും ചുക്കാൻ പിടിക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അമ്മച്ചിയെ അവതരിപ്പിച്ച ബിന്ദു പണിക്കര്‍ക്ക് വേണ്ടി മറിയമും നായിക ഇന്ദുവായി വേഷമിട്ട അഞ്ജന ജയപ്രകാശിന് വേണ്ടി നൂറയും സംഭാഷണമുരുവിട്ടു. സ്വദേശിയായ അലിയാണ് രാജ് ബി.ഷെട്ടി അഭിനയിച്ച വില്ലൻ കഥാപാത്രത്തിന് ശബ്ദം നൽകിയത്. വെട്രിവേൽ ഷണ്‍മുഖ സുന്ദരം അറബികിലായപ്പോൾ നാസർ സെയ്ദ് ഹുസൈനായി. മറ്റു കഥാപാത്രങ്ങൾക്ക് സ്വദേശി കലാകാരന്മാരും ശബ്ദം നൽകി. ഒരു മാസം കൊണ്ട് എല്ലാവരുടെയും ഡബ്ബിങ് പൂർത്തിയാവുകയും ചെയ്തു.

English Summary:

Mammootty’s Turbo Set to Wow Arabic Audiences, UAE Influencer, Thiruvananthapuram Native Ahmed Salah Dubs for Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com