ADVERTISEMENT

ജിദ്ദ ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ ജയിൽ മോചനത്തിനുള്ള പ്രാഥമിക ചർച്ചകൾക്കാവശ്യമായ നടപടിക്രമങ്ങളിൽ പുരോഗതി. മധ്യസ്ഥ ചർച്ചക്ക് ആവശ്യമായ 40000 ഡോളർ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിൽ ഇരുപതിനായിരം ഡോളർ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ബാക്കി തുകയായ ഇരുപതിനായിരം ഡോളർ കൂടി സമാഹരിച്ചതായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ അറിയിച്ചു.

പണം സ്വീകരിക്കാൻ യെമനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് തുക കൈമാറാനായത്. ചർച്ചകളുടെ ഭാഗമായി ഗോത്രം ഒത്തുതീർപ്പിന് സമ്മതിച്ചാൽ ദിയാധനം സംബന്ധിച്ച ചർച്ച പുരോഗമിക്കും.

കൊല്ലപ്പെട്ട യെമൻ യുവാവ് തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രവിഭാഗത്തലവന്മാരുമായുമാണു ചർച്ച നടക്കേണ്ടത്. ചർച്ച സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന. കുടുംബം ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ചു മാപ്പു നൽകിയാലേ ശിക്ഷയിൽനിന്നു മോചനം സാധ്യമാകൂ. ഇന്ത്യൻ എംബസി വൃത്തങ്ങൾ നിയോഗിച്ച യെമൻകാരനായ അഭിഭാഷകനാണു ഗോത്രത്തലവന്മാരുമായും കുടുംബവുമായും ചർച്ചകൾ നടത്തുക. കുടുംബം സന്നദ്ധമായാൽ നൽകേണ്ട ആശ്വാസധനം സ്വരൂപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതായി ആക്‌ഷൻ കൗൺസിൽ അറിയിച്ചു. ആശ്വാസധനം നൽകി തുക ശേഷിക്കുന്നുണ്ടെങ്കിൽ അതു നിമിഷപ്രിയയുടെയും മകളുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിനു വിനിയോഗിക്കാനാണു പരിപാടിയെന്നു കൗൺസിൽ ഭാരവാഹികൾ അറിയിച്ചു

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നിലവിൽ യെമനിലാണ്. നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യുവാവിന്റെ കുടംബവുമായി ബന്ധപ്പെട്ട് മാപ്പപേക്ഷിക്കാനുമാണ് പ്രേമകുമാരി യെമനിലെത്തിയത്. ഇവർ ജയിലിലെത്തി നിമിഷ പ്രിയയെ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.

English Summary:

Progress on Nimisha Priya's Case. Action Council Secured the $40,000 Needed for Mediation in her Release Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com