1000 ഡോളർ പ്രതിമാസ സ്റ്റൈപൻഡ്, സൗജന്യ താമസവും വീസയും; സൗദി കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി വിളിക്കുന്നു
Mail This Article
റിയാദ് ∙ ആയിരം ഡോളർ പ്രതിമാസ സ്റ്റൈപൻഡ് അടക്കമുള്ള മികച്ച ആനുകൂല്യങ്ങളും സൗജന്യ സൗകര്യങ്ങളുമായി ഉന്നതപഠന, ഗവേഷണ രാജ്യാന്തര വിദ്യാർഥികൾക്ക് ഇനി സൗദി കിങ് അബ്ദുല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാം. ഇരുപതിലധികം വിവിധ രാജ്യങ്ങളിലുളള ലോകപ്രശസ്തമായ യൂണിവേഴ്സിറ്റികളുമായി വിദ്യാഭ്യാസ, പഠന സഹകരണ പങ്കാളിത്തമുള്ള ജിദ്ദയിലെ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ വിഷയങ്ങളിൽ ആറ് മാസം വരെ ഇന്റേർൺഷിപ്പ് ചെയ്യാനുള്ള വാതായനമാണ് തുറന്നിട്ടിരിക്കുന്നത്.
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‍സ് വിഷയങ്ങളിലെ രാജ്യാന്തര ഡിഗ്രി, മാസ്റ്റർ ഡിഗ്രി വിദ്യാർഥികൾക്ക് കിങ് അബ്ദുല്ല യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് സ്റ്റുഡൻസ് പ്രോഗ്രാം (വിഎസ്ആർപി) വഴിയാണ് പഠന സൗകര്യം ലഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക എൻജിനീയറിങ് മേഖലയിലെ ഗവേഷണമേഖലയിലെ പ്രവർത്തി പരിജ്ഞാനവും അറിവും ഉന്നത അക്കാദമിക് നിലവാരമുള്ള കിങ് അബ്ദുല്ല യൂണിവേഴ്സിറ്റിയില ഫാക്കൽറ്റി അംഗങ്ങളുടെ ഗൈഡൻസും പിന്തുണയും അവർ നടത്തുന്ന ഗവേഷണ മേഖലയിൽ ഇടചേരാനും വിദ്യാർഥികൾക്ക് വലിയ അവസരങ്ങൾ നൽകും. 16 സ്റ്റെം വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 100-ലധികം പ്രോജക്റ്റുകൾക്കൊപ്പം സൈബർ സുരക്ഷ, പരിസ്ഥിതി ശാസ്ത്രവും എഞ്ചിനീയറിങും, ഭൂമി ശാസ്ത്രവും എഞ്ചിനീയറിങും, കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സും കംപ്യൂട്ടേഷണൽ സയൻസ് എന്നിവയും പുതുതായി തുടങ്ങിയിരിക്കുന്നു.
പ്രവേശനം ലഭിക്കുന്ന അർഹതപ്പെട്ട ഗവേഷണ വിദ്യാർഥികൾക്ക് 1000 ഡോളർ പ്രതിമാസ സ്റ്റൈപ്പെൻഡിനൊടൊപ്പം സൗജന്യ താമസം, വീസ, വിമാന യാത്രാ ആനുകൂല്യങ്ങൾ, അരോഗ്യ സുരക്ഷ ഇൻഷൂറൻസ് ആനുകൂല്യങ്ങളും സാമൂഹിക, സാംസ്കാരിക വിനിമയ അവസരവും കിട്ടുന്നതാണ്. കൂടാതെ ആധുനിക പരീക്ഷണ ശാലകൾ ഉപയോഗിക്കാനുള്ള അവസരവും ആക്കാദമിക് സമൂഹമായി ഇടപഴകാനുള്ള അവസരവും ലഭിക്കും.
അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ:
മൂന്ന് വർഷമോ അതിലുപരിയുള്ള ഡിഗ്രി, അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രി വിദ്യാർഥികൾ, GPA 3.5/4 അല്ലെങ്കിൽ 14/20 (ECTS B) കരസ്ഥമാക്കിയവർ കൂടാതെ ഉന്നത ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം - TOEFL -79 IBT IELTS - 6.5 എന്നിവയുണ്ടായിരിക്കണം.
കോഴ്സ് കാലാവധി ഗവേഷണ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് 3 മുതൽ 6 മാസം വരെയായിരിക്കും. വിസിറ്റിങ് സ്റ്റുഡൻസ് പ്രോഗ്രാമിനുള്ള അപേക്ഷകൾ വർഷം മുഴുവനും സമർപ്പിക്കാവുന്നതാണ്.
അപേക്ഷക്കൊപ്പം വേണ്ട രേഖകൾ: നിലവിലെ ഡിഗ്രിയുടെ ഔദ്യോഗിക ഇംഗ്ലീഷ് ട്രാൻസ്‌ക്രിപ്റ്റുകൾ, ശുപാർശ കത്ത്, പാസ്പോർട്ട്, ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രസ്താവന, സ്വന്തം വ്യക്തിവിവരണം (സിവി), വാക്സിൻ സർട്ടിഫിക്കേറ്റ്. സ്വന്തം ഇമെയിൽ മുഖാന്തിരമാണ് രജിസ്ട്രർ ചെയ്യേണ്ടത്.
അംഗീകരിക്കപ്പെട്ടാൽ നോട്ടിഫിക്കേഷൻ ഇമെയിൽ ലഭിക്കും. തുടർന്ന് മതിയായ വിവരങ്ങളോടും രേഖകളോടും കൂടിയ അപേക്ഷ സമർപ്പിക്കപ്പെട്ടാൽ ആദ്യമായി അപേക്ഷ അവലോകനം ചെയ്യും. കൂടാതെ അപേക്ഷകൻ്റെ അക്കാദമിക, ഗവേഷണ പശ്ചാത്തലം ചർച്ച ചെയ്യുന്നതിനും ഇന്റേറൺഷിപ്പിനുള്ള താൽപര്യം കൂടുതൽ അറിയുന്നതിനും വേണ്ടി സൂം അഭിമുഖത്തിനായി ഒരു ഫാക്കൽറ്റി അംഗം ബന്ധപ്പെടും. തിരഞ്ഞെടുക്കപ്പെട്ടാൽ അഡ്മിഷൻ ഓഫിസുമായി സൂം അഭിമുഖം ക്രമീകരിക്കുന്നതിനായി ക്ഷണം ലഭിക്കും. യൂണിവേഴ്സിറ്റിയിലെ കാര്യങ്ങൾ വിശദമായി അറിയാൻ ഈ മീറ്റിങ് ഉപകരിക്കും. തീരുമാനമാവുന്നതോടെ ഒരു ട്രാവൽ അഡ്വൈസർ നിങ്ങളെ ബന്ധപ്പെട്ട് ക്യാംപസിലേക്ക് വരുന്നതിനുളള മാർഗനിർദേശങ്ങൾ നൽകും.
അപേക്ഷിക്കാനുള്ള ലിങ്ക്: https://vsrp.kaust.edu.sa/about-vsrp