യുഎഫ്ഐ ഗ്ലോബൽ കോൺഫറൻസ്; ബഹ്‌റൈൻ ആദ്യമായി ആതിഥേയത്വം വഹിക്കുന്നു
Mail This Article
മനാമ ∙ 2026-ൽ നടക്കുന്ന 93-ാമത് യുഎഫ്ഐ ഗ്ലോബൽ കോൺഫറൻസ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ബഹ്റൈന് ലഭിച്ചു. ഇത് സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബഹ്‌റൈൻ വിജയിച്ചതായി അധികൃതർ പറഞ്ഞു. അടുത്തിടെ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടന്ന യുഎഫ്ഐ യൂറോപ്യൻ കോൺഫറൻസ് 2024-ൽ എക്‌സിബിഷൻ ഇൻഡസ്ട്രി ബോർഡിൻ്റെ ഗ്ലോബൽ അസോസിയേഷനായ യുഎഫ്ഐ, ബഹ്‌റൈന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് 2026 ലെ കോൺഫറൻസിന് ബഹ്റൈന് നറുക്ക് വീണത്.
അന്താരാഷ്ട്ര പ്രദർശന വ്യവസായത്തിലെ ഏറ്റവും വലിയ പരിപാടിയായി അംഗീകരിക്കപ്പെട്ട വാർഷിക സംഗമം ബഹ്‌റൈനിൽ നടക്കാൻ പോകുന്നത് ഇതാദ്യമാണ്. 2026 നവംബറിൽ സഖീറിലെ പുതിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിലായിരിക്കും ഇത് നടക്കുക. അത്യാധുനിക സൗകര്യങ്ങളുള്ളതും ഇതിനകം തന്നെ നിരവധി വിജയകരമായ ആഗോള ഇവൻ്റുകൾക്ക് ആതിഥേയത്വം വഹിച്ചതുമായ ബഹ്‌റൈനിലെ ഈ പുതിയ സെന്റർ മിഡിൽ ഈസ്റ്റിലെ തന്നെ ലാർജ് സ്കെയിൽ വെഡ്ഡിംഗ് വേദി എന്ന രീതിയിൽ പ്രശസ്തമാണ്.
യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസിൻ്റെ ആതിഥേയസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) ചെയർപേഴ്‌സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു. ബഹ്‌റൈന്റെ ആതിഥ്യമര്യാദയും രാജ്യം വാഗ്ദാനം ചെയ്യുന്ന നിരവധി അവസരങ്ങളും അനുഭവിക്കാൻ ലോകമെമ്പാടുമുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും യുഎഫ്ഐ പ്രതിനിധി ജെഫ് ഡിക്കിൻസണും പറഞ്ഞു.
പ്രാദേശിക കമ്പനികൾ അടക്കമുള്ളവരുടെ പിന്തുണയോടെ ബഹ്‌റൈനിൽ ആദ്യമായി അന്താരാഷ്ട്ര പ്രശസ്തമായ ഈ പരിപാടി ബഹ്റൈനിലേക്ക് എത്തിക്കാനുള്ള ശ്രമം ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ (ബിടിഇഎ) നേതൃത്വത്തിലാണ് നടന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് വ്യവസായ പ്രഫഷനലുകളെയും വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ തീരുമാനമെടുക്കുന്നവരെയും ആകർഷിക്കാൻ ഈ പരിപാടി രാജ്യത്തെ പ്രാപ്‌തമാക്കും.
യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസ് ബഹ്റൈനിലേക്ക് എത്തുമ്പോൾ അത് പ്രവാസികൾക്കും പരോക്ഷമായി പല മേഖലയിലും വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് ടൂറിസം മേഖലയിൽ ഉള്ളവർ പ്രതീക്ഷിക്കുന്നു. ഹോട്ടൽ, ട്രാവൽ, ഈവന്റ് മാനേജുമെന്റ് രംഗത്തെ നിരവധി തൊഴിൽ സാധ്യതകളും ഇതിലൂടെ സംജാതമാകും എന്നത് ശ്രദ്ധേയമാണ്.