ഫോണിലൂടെ ഭാര്യയെ അപമാനിച്ചു; 500 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബഹ്‌റൈൻ കോടതി
Mail This Article
മനാമ ∙ ഫോൺ വിളിക്കിടെ ഭാര്യയെ അപമാനിച്ച ബഹ്‌റൈൻ യുവാവ് 500 ദിനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് സിവിൽ ബഹ്‌റൈൻ കോടതി ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഫോൺ വിളിക്കിടയിൽ ഭാര്യയോട് മോശമായ വാക്കുകൾ ഉപയോഗിച്ചതായി ഭർത്താവ് സമ്മതിച്ചിരുന്നു. ഈ കുറ്റത്തിന് ക്രിമിനൽ കോടതി അദ്ദേഹത്തിന് മുമ്പ് 30 ദിനാർ പിഴ ചുമത്തിയിരുന്നു.
പ്രതിയുടെ വാക്കുകൾ തന്റെ കക്ഷിയുടെ അന്തസ്സിനും പ്രശസ്തിക്കും കോട്ടം വരുത്തിയെന്നും ഫോൺ വിളിയിലൂടെയാണ് അദ്ദേഹം അപമാനിച്ചതെന്നും ഭാര്യയുടെ അഭിഭാഷകൻ ഖലീൽ ഇബ്രാഹിം പറഞ്ഞു. ഭാര്യ പൊലീസിൽ പരാതി നൽകുകയും ഭർത്താവ് കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഭർത്താവിന് ക്രിമിനൽ പിഴ ചുമത്തിയത് .പ്രതിയുടെ പ്രവൃത്തികൾ തന്റെ കക്ഷിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും അതാണ് നഷ്ടപരിഹാരം തേടാൻ അവരെ പ്രേരിപ്പിച്ചുവെന്നും ഇബ്രാഹിം വാദിച്ചു.
ഒരു വ്യക്തിയുടെ ബഹുമാനം, പ്രശസ്തി, വികാരങ്ങൾ, എന്നിവയ്ക്ക് എന്തെങ്കിലും നാശനഷ്ടം വരുത്താനാണ് പ്രതി ലക്ഷ്യമിട്ടന്നതെന്ന് കോടതി അംഗീകരിച്ചു. വൈകാരിക ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തുക, വാദി അനുഭവിച്ച നാശനഷ്ടങ്ങൾക്ക് ആനുപാതികമായിരിക്കണമെന്നും ഇരയുടെ അന്തസ്സ് വീണ്ടെടുക്കണമെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ഭർത്താവിന്റെ പ്രവൃത്തികൾ കാരണം ഭാര്യക്ക് വൈകാരിക ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അവർ അനുഭവിച്ച വൈകാരിക ക്ലേശങ്ങൾ നികത്താൻ 500ദിനാർ ഉചിതമായ തുകയായി കണക്കാക്കുമെന്നും കോടതി നിഗമനത്തിലെത്തുകയും ചെയ്തു.