വിദേശയാത്രകളിലെ സുരക്ഷിത ഇടപാട്; യാത്രകൾ ബാങ്കുകളെ മുൻകൂട്ടി അറിയിക്കാം
Mail This Article
ദുബായ് ∙ വിദേശയാത്ര പോകുന്നവർ ആ വിവരം ബാങ്കുകളെ അറിയിച്ചാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാമെന്ന് ബാങ്കിങ് വിദഗ്ധർ. യാത്രയുടെ തീയതി, പോകുന്ന സ്ഥലങ്ങൾ, തിരിച്ചെത്തുന്ന തീയതി എന്നിവ മുൻകൂട്ടി അറിയിച്ചാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകും.
ഇതര രാജ്യങ്ങളിൽ നിന്നു ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വിനിമയത്തെക്കുറിച്ച് ബാങ്കുകൾക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നതിനാണിത്. യുഎഇയിലെ ബാങ്കുകളിൽ അക്കൗണ്ട് ഉള്ള ഒരാൾ രാജ്യം വിടുമ്പോൾ ബാങ്കുകളെ അറിയിക്കുക വഴി സൈബർ തട്ടിപ്പുകൾ തടയാനാകും. ഇടപാടുകാരൻ തന്നെയാണ് പണം പിൻവലിക്കുന്നതെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്ക് കഴിയുമെന്നതാണ് പ്രധാന നേട്ടം. വിദേശത്ത് നിന്നുള്ള ബാങ്കിങ് ഇടപാടുകൾ ദുരൂഹമായാൽ ബാങ്കുകൾ അക്കൗണ്ടും കാർഡുകളും മരവിപ്പിക്കും. ഓൺലൈൻ പണമിടപാടുകളിൽ സംശയം തോന്നിയാലും കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാറുണ്ട്.
അക്കൗണ്ട് ഉടമയുടെ സുരക്ഷയെ കരുതിയാണിത്. കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ കാർഡുകൾ വിദേശ രാജ്യങ്ങളിലെ വിനിമയങ്ങൾക്ക് ഉപയോഗിക്കരുത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ നിന്നു പണം പിൻവലിക്കാനും പാടില്ല. വിദേശത്ത് നിന്നുള്ള ഇടപാടുകൾക്ക് ബാങ്കുകളോട് പ്രത്യേക രഹസ്യ നമ്പർ ആവശ്യപ്പെടുന്നതും അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ സഹായിക്കും.
കോൺടാക്റ്റ്‌ലെസ് കാർഡ് പേയ്മെന്റുകൾ (സ്വൈപ്പിങ് മെഷീനിൽ ഉരയ്ക്കാതെ) നടത്തുന്നതും കരുതലോടെ വേണമെന്ന് ബാങ്കുകൾ ഓർമിപ്പിച്ചു. രാജ്യത്തിന് പുറത്തുള്ള പണമിടപാടുകൾക്ക് പ്രത്യേക കാർഡ് ഉപയോഗിക്കുന്നതാണ് ഉചിതം.
പ്രധാന അക്കൗണ്ടുമായി ബന്ധപ്പെട്ട കാർഡുകൾ വിദേശ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. ആവശ്യത്തിനു മാത്രമുള്ള പണം കാർഡിലേക്ക് മാറ്റാൻ ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്താം.വിദേശങ്ങളിൽ നിന്നു യുഎഇ ബാങ്ക് കാർഡ് വഴി പണം പിൻവലിക്കുമ്പോൾ നിരക്ക് കൂടുതലാണ്. വിദേശ എടിഎം സർവീസ് ചാർജിനു പുറമേ കറൻസികളുടെ മൂല്യ വിനിമയ നിരക്കും ഈടാക്കും.
ഇതൊഴിവാക്കാൻ പ്രത്യേക പർച്ചേസ് കാർഡ് യാത്രയ്ക്ക് മുൻപ് തയാറാക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗം പരിമിതമാക്കണം. സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് ഉപയോഗിക്കാവൂ. ഏതെങ്കിലും ഇടപാടുകളിൽ സംശയം തോന്നിയാൽ ഉടൻ ബാങ്കുകളെ ബന്ധപ്പെടണമെന്നും ബാങ്കിങ് വിദഗ്ധർ പറഞ്ഞു.