സ്വന്തം ആവശ്യം പോലും മാറ്റിവെച്ച് ഒരുക്കുന്ന 'സ്നേഹപ്പെട്ടികൾ'; നാട്ടിലെത്തും വരെ പ്രവാസികളുടെ ഉള്ളിൽ അടങ്ങാത്ത തീ ആരറിയാൻ!
Mail This Article
പ്രവാസികൾക്ക് ഇതു പെട്ടി കെട്ടൽ കാലമാണ്. പല സമയത്തായി വാങ്ങി സൂക്ഷിച്ചവ ഓരോന്നും ഈ നാളുകളിൽ പെട്ടികളിൽ ഇടം പിടിക്കും. പെട്ടി കെട്ടൽ ഒരു കലയാണ്. സീനിയർ പ്രവാസികളാണ് പെട്ടികെട്ട് വിദഗ്ധർ. ഇളമുറക്കാർ സാധനങ്ങൾ നിറയ്ക്കാൻ പെട്ടിയിൽ ഇടമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ സീനിയേഴ്സിന്റെ ഒരു എൻട്രിയുണ്ട്. അടുക്കും ചട്ടവും പറഞ്ഞ് അവർ ഓരോന്നായി പെട്ടികളിൽ അടക്കും. മൂന്നു പെട്ടിയുണ്ടായിട്ടും സ്ഥലമില്ലെന്നു പരാതി പറഞ്ഞവരുടെ സാധനങ്ങൾ ഒറ്റപ്പെട്ടിയിൽ കൃത്യമായി അടുക്കിയിട്ട് ഒരു നോട്ടമുണ്ട് – ബാക്കിയായ ഈ പെട്ടികൾ കൊടുക്കുന്നോ എന്ന ഭാവത്തിൽ. ഇതെന്തൊരദ്ഭുതം എന്ന് ഓർത്ത് കണ്ണും തള്ളി നിൽക്കുന്നവരുടെ മുന്നിൽ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അവർ നടന്നകലും. അടുത്ത പെട്ടി കെട്ടിന്.
ഈ പെട്ടിയിലെ സാധനങ്ങളിൽ ഓരോന്നിലും അതുപയോഗിക്കുന്നവന്റെ പേരുണ്ട്. ആ പേരുകൾ പ്രവാസികളുടെ മനസിലാണെന്നു മാത്രം. ഓരോന്നും വാങ്ങുമ്പോൾ ഓരോരുത്തരുടെയും മുഖമായിരിക്കും പ്രവാസികൾ ഓർത്തിട്ടുണ്ടാവുക.
കാര്യമായി ഒന്നും കൊണ്ടുവന്നില്ലേ എന്ന് ചോദിക്കുന്ന ബന്ധുവിനോടും നാട്ടുകാരോടും പറയാനുള്ളത്, ഈ കൊണ്ടുവന്നതൊന്നും വെറുതെ കിട്ടിയതല്ല. നിങ്ങൾക്ക് നൽകുന്ന ഓരോന്നിലും പ്രവാസി വേണ്ടെന്നു വച്ച ആവശ്യങ്ങൾ പലതുണ്ട്. അതിൽ ഇഷ്ട ഭക്ഷണമുണ്ടാകും, സിനിമയുണ്ടാകും, മദ്യമുണ്ടാകും, യാത്രകളുണ്ടാകും, നല്ല വസ്ത്രങ്ങളുണ്ടാകും. സ്വരുക്കൂട്ടിയ പണത്തിൽ നിന്നാണ് ആ പെട്ടിയിലെ ഓരോന്നും അവർ സ്വന്തമാക്കിയത്. അതു കിട്ടുമ്പോൾ, അവന്റെ പ്രിയപ്പെട്ടവരുടെ മുഖത്തുണ്ടാകുന്ന ചിരിയാണ്, അവൻ വേണ്ടെന്നു വച്ച പലതിന്റെയും പ്രതിഫലം.
ഇങ്ങനെ ആഘോഷമായി കെട്ടി പെട്ടികൾ നാട്ടിലെത്തും വരെ പ്രവാസികളുടെ ഉള്ളിലൊരു തീയുണ്ട്. അതിൽ ആദ്യത്തേത് ബോർഡിങ് പാസ് എടുക്കുന്നിടത്താണ്. പെട്ടികളുടെ ഭാരം തൂക്കി നോക്കും വരെ ഹൃദയം വേഗത്തിൽ ഇടിക്കും. ആകെ 30 കിലോ ആണ് പ്രവാസികൾക്ക് നാട്ടിൽ കൊണ്ടു പോകാൻ കിട്ടുന്നത്. ഒരാൾ മാത്രമാണ് പോകുന്നതെങ്കിൽ സ്വന്തം വസ്ത്രങ്ങൾ വയ്ക്കുമ്പോൾ തന്നെ പകുതി ഭാരമാകും. ഏറ്റവും വേണ്ടപ്പെട്ടവർക്കു മാത്രം സാധനം കൊണ്ടു പോകാമെന്നു വച്ചാൽ പോലും 30 കടക്കും. അങ്ങനെ തൂക്കം കൃത്യം ഒപ്പിച്ചു വരുമ്പോഴായിരിക്കും എയർപോർട്ടിലെ ത്രാസിൽ നമ്മുടെ പെട്ടിയിങ്ങനെ കിടക്കുന്നത്. കൗണ്ടറിലെന സ്റ്റാഫിന്റെ അന്നത്തെ മൂഡ് ശരിയല്ലെങ്കിൽ 31ാമത്തെ കിലോ മുതൽ പിഴ ഈടാക്കി തുടങ്ങും. കിലോയ്ക്ക് 100 ദിർഹമാണ് അധികനിരക്ക്. 10 ദിർഹത്തിന്റെ സാധനത്തിനായിരിക്കും 100 ദിർഹം അടയ്ക്കാൻ അവർ വാശി പിടിക്കുന്നത്.
പെട്ടിയിലെ അധിക ഭാരത്തിന് മുന്നിൽ കയ്യിലെ കാശ് കീഴടങ്ങുമ്പോൾ, കെട്ടിയ പെട്ടി പൊട്ടിക്കാൻ പ്രവാസികൾ നിർബന്ധിതരാകും. ആഗ്രഹിച്ചു വാങ്ങിയ പലതും അവർ പെട്ടിയിൽ നിന്നെടുക്കും, എന്നിട്ട് വേദനയോടെ എയർ പോർട്ടിലെ വേസ്റ്റ് ബിന്നിലേക്ക് ഇടും.
∙ കൂടുതൽ കൊണ്ടുപോകാൻ കാർഗോ സർവീസ്
ഇങ്ങനെ എത്രയോ കാഴ്ചകൾക്കാണ് ഈ അവധിക്കാലം സാക്ഷിയാകാൻ പോകുന്നത്. കൂടുതൽ സാധനങ്ങൾ കൊണ്ടു പോകുന്നവർ കാർഗോ സർവീസുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം സീനിയർ പ്രവാസികൾക്ക് ഉണ്ട്.
എയർ കാർഗോയിൽ കിലോ 12 ദിർഹമാണ് ഈടാക്കുന്നത്. കുറഞ്ഞത് 30 കിലോ ഉണ്ടെങ്കിലേ കാർഗോ അയയ്ക്കാൻ കഴിയൂ. ചെലവ് 360 ദിർഹം. വിമാന ടിക്കറ്റിനൊപ്പം അധിക ബാഗേജ് വാങ്ങണമെങ്കിൽ 10 കിലോയ്ക്ക് 250 ദിർഹം മുതലാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ 360 ദിർഹത്തിന് 30 കിലോ നാട്ടിൽ എത്തുമല്ലോയെന്ന് ദുബായ് ഒയാസിസ് ട്രാവൽസ് ഉടമ ജാഫർ ഷെരീഫ് പറയുന്നു. എയർ കാർഗോയിൽ സാധനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വീട്ടിൽ എത്തുമെന്നാണ് കമ്പനികളുടെ വാഗ്ദാനം. യാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് കാർഗോ അയച്ചാൽ, നാട്ടിലെത്തുമ്പോൾ കാർഗോയും വീട്ടിലെത്തും. പതുക്കെ കിട്ടിയാൽ മതിയെങ്കിൽ കപ്പൽ മാർഗം അയയ്ക്കാം. കിലോയ്ക്ക് 4 – 5 ദിർഹം. തുറമുഖത്തെ ക്ലിയറൻസ് കിട്ടുന്ന മുറയ്ക്ക് 20 – 30 ദിവസം കൊണ്ട് കാർഗോ വീട്ടിൽ കിട്ടും. ആഗ്രഹിച്ചു വാങ്ങിയതൊക്കെ കുപ്പയിൽ കളയുന്നതിലും ഭേദം അതൊക്കെ നാട്ടിലെത്തിക്കാനുള്ള മറ്റു വഴികൾ നോക്കുന്നതാണ്. കാരണം, പ്രവാസികളുടെ പെട്ടികളും അതിലെ സാധനങ്ങളും വെറും സാധനങ്ങളല്ല, ജീവൻ തുടിക്കുന്ന, സ്നേഹം തുളുമ്പുന്ന, കരുതലിന്റെ അടയാളങ്ങളാണ്.