പരിസ്ഥിതിക്കായി ടിക്കറ്റ് നിരക്ക് കൂട്ടാൻ വിമാനക്കമ്പനികൾ
Mail This Article
ദുബായ് ∙ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്താൻ വിമാന കമ്പനികൾ ആലോചിക്കുന്നു. യൂറോപ്യൻ യൂണിയനാണ് പരിസ്ഥിതി സംരക്ഷണ ഫീസ് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ആഗോള താപനത്തിൽ 4% വിഹിതം വ്യോമയാന മേഖലയിൽ നിന്നാണെന്നാണ് കണക്ക്. അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ നേരിടുന്നതിനു കൂടുതൽ പണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ടിക്കറ്റിൽ കാലാവസ്ഥ സംരക്ഷണ തുക കൂടി ഈടാക്കാൻ ആലോചിക്കുന്നത്.
ജർമനിയുടെ ദേശീയ വിമാന കമ്പനി ലുഫ്താൻസ ടിക്കറ്റിൽ 72 യൂറോ (ഏകദേശം 6500 രൂപ) പരിസ്ഥിതി ചാർജ് എന്ന പേരിൽ ഈടാക്കിത്തുടങ്ങി. എയർ ഫ്രാൻസ് കെഎൽഎം സുസ്ഥിര വ്യോമയാന ഇന്ധനം (എസ്എഎഫ്) ഉപയോഗിക്കുന്നതിനായി ബിസിനസ് ക്ലാസ് യാത്രകൾക്ക് 12 യൂറോയും (1080 രൂപ) ഇക്കോണമിയിൽ 4 യൂറോയും (360 രൂപ) അധികമായി ഈടാക്കുന്നു. സിംഗപ്പൂർ സർക്കാരും എസ്എഎഫിന് പ്രത്യേക നികുതി ചുമത്തി. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ജൈവ വസ്തുക്കളിൽ നിന്നാണ് എസ്എഎഫ് നിർമിക്കുന്നത്.
അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനുള്ള ശ്രമം പൂർണ വിജയത്തിലെത്താൻ കുറച്ചു കാലത്തേക്കെങ്കിലും ടിക്കറ്റ് നിരക്കിൽ വർധന വേണ്ടി വരുമെന്നാണ് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വാർഷിക ജനറൽ ബോഡിയുടെ വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാർബൺ പുറന്തള്ളലിൽ 2% വിമാനങ്ങളിൽ നിന്നാണ്. ഹരിത ചട്ടം പാലിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലയും വ്യോമയാന രംഗമാണ്.
∙ സ്വപ്നമാകുമോ കുറഞ്ഞ നിരക്ക്
പരമ്പരാഗത ഇന്ധനത്തിനു പകരം മറ്റൊന്ന് കണ്ടെത്താത്തതാണ് വലിയ വെല്ലുവിളി. 2025 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയനു കീഴിലുള്ള വിമാനത്താവളങ്ങളിൽ 2% സുസ്ഥിര വ്യോമയാന ഇന്ധനമാക്കണമെന്നും 2030 ആകുമ്പോഴേക്കും ഇത് 6% ആയി ഉയർത്തണമെന്നും ഇന്ധന കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട്. 2050ൽ 70 ശതമാനവും സുസ്ഥിര ഇന്ധനമായിരിക്കണമെന്ന് നിർദേശമുണ്ട്. ലോകമെമ്പാടുമുള്ള വിമാന കമ്പനികൾ ഈ മാതൃക പിന്തുടരാനാണ് സാധ്യത. അങ്ങനെ വന്നാൽ, കുറഞ്ഞ വിമാന ടിക്കറ്റ് എന്ന ആശയത്തിന് അത് ഭീഷണിയാകുമെന്ന് വ്യോമയാന രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.