യുഎഇയില്‍ വിവാഹിതരാവുകയാണോ, അറിയാം വിവാഹത്തിന് മുന്‍പുളള രാജ്യത്തെ നിർബന്ധിത പരിശോധനകള്‍
Mail This Article
ദുബായ് ∙ യുഎഇയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വിവാഹത്തിന് മുന്‍പുളള നിർബന്ധിത പരിശോധനകള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. അബുദാബിയിലെ ആരോഗ്യവകുപ്പാണ് എമിറേറ്റില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നിർബന്ധമായും നടത്തിയിരിക്കേണ്ട പരിശോധനകള്‍ ഏതൊക്കെയാണെന്ന് വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ് പകർച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിടുകയാണ് അബുദാബിയിലെ ആരോഗ്യവകുപ്പ്.
∙ പകർച്ചവ്യാധികള്‍
എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി ആന്റ് സി, സിഫിലിസ് തുടങ്ങിയ പകർച്ചാവ്യാധികള്‍ക്കുളള പരിശോധനകള്‍ നിർബന്ധമായും ചെയ്തിരിക്കണം. ബീറ്റാ-തലസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങള്‍ക്കുളള പരിശോധനയും നടത്തണം. കൂടാതെ ജർമൻ മീസിൽസ് (റുബെല്ല) പരിശോധനയും രക്ത ഗ്രൂപ്പ് അനുയോജ്യമാണോയെന്ന പരിശോധനയും നടത്തണം. 840 ലധികം രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ജനിതക പരിശോധന ആവശ്യമെങ്കില്‍ നടത്താമെന്നും അബുദബി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനും രോഗങ്ങള്‍ പകരുന്നത് തടയാനും ഇത്തരം പരിശോധനകളിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ജനിതക രോഗങ്ങളുളളവർക്ക് അത് മുന്‍കൂട്ടി അറിഞ്ഞ് പരിഹരിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും ഈ പരിശോധനകള്‍ സഹായകരമാകും.
∙ കൗണ്‍സിലിങ്
വിവാഹത്തിന് മുന്‍പ് വ്യക്തികള്‍ക്ക് സൗജന്യ കൗണ്‍സിലിങ് നല്‍കും, ഇത് നിർബന്ധിതമല്ല. താല്‍പര്യമുളളവർക്ക് വിവാഹപൂർവ്വ കൗണ്‍സിലിങിന്റെ ഭാഗമാകാം. വിവാഹത്തിന് ശേഷം ദമ്പതികള്‍ക്ക് ഉണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇത് സഹായകരമാകും. ഭാവിയെ കുറിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും കൗണ്‍സിലിങ് ഉപകാരപ്രദമാകും. വിവാഹത്തിനു മുമ്പുള്ള പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിനുളള അറിവും സജീവമായ നടപടികളും നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം.
∙ നടപടിക്രമങ്ങള്‍
∙ ആരോഗ്യകേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെയും നേരിട്ടെത്തിയും പരിശോധകള്‍ക്കായി രജിസ്ട്രർ ചെയ്യാം.
∙ ഏതെങ്കിലും ജനിതക രോഗമുണ്ടെങ്കില്‍ പരിശോധനാഫലങ്ങള്‍ നല്‍കണം.
∙ രക്തപരിശോധന നടത്തണം.
∙ ആവശ്യമെങ്കില്‍ വിവാഹപൂർവ്വ കൗണ്‍സിലങിന്റെ ഭാഗമാകുക.
∙ പരിശോധനകളില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ വിവാഹപൂർവ്വ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാം.
∙ ആരൊക്കെയാണ് പരിശോധനകള്‍ നടത്തേണ്ടത്
∙ 18 വയസ്സിന് മുകളില്‍ പ്രായമുളള യുഎഇ സ്വദേശികള്‍, താമസക്കാർ.
∙ 18 വയസ്സിൽ താഴെയുളളവരാണെങ്കില്‍ രക്ഷകർത്താവ് വേണം.
∙ പരിശോധന ഫലങ്ങള്‍ രഹസ്യമായിരിക്കും.
∙ പരിശോധന ഫലങ്ങളുടെ കാലാവധി 3 മാസമായിരിക്കും.