ADVERTISEMENT

ദുബായ്∙ ദുബായില്‍ ഏറ്റവുമധികം സന്ദർശകരെത്തുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മാള്‍. ജൂലൈ ഒന്നു മുതല്‍ ദുബായ് മാളിലെത്തുന്ന സന്ദർശകർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി പണം നല്‍കേണ്ടിവരും. അതേസമയം ചില മേഖലകളില്‍ ഇപ്പോഴും സൗജന്യപാർക്കിങ് അനുവദിച്ചിട്ടുണ്ട്.

∙ സൗജന്യപാർക്കിങ് എവിടെ, പണം നല്‍കേണ്ടത് എവിടെ
ഫാഷന്‍, ഗ്രാന്‍ഡ് ആൻഡ് സിനിമ പാർക്കിങ് സോണുകളില്‍ ജൂലൈ ഒന്നുമുതല്‍ പണം കൊടുത്തുമാത്രമെ വാഹനം പാർക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. അതേസമയം സബീല്‍, ഫൗണ്ടെയ്ന്‍ വ്യൂ പാർക്കിങ് നിലവില്‍ സൗജന്യമാണ്.

ഭിന്നശേഷിയുള്ളവർക്ക് സൗജന്യപാർക്കിങ് അനുവദിച്ചിട്ടുണ്ട്. സാലിക് വെബ്സൈറ്റില്‍ നേരത്തെ തന്നെ ഇളവിനായി അപേക്ഷ നല്‍കണം. സാലിക് വെബ്സൈറ്റില്‍ പിഒഡി എലിജിബിലിറ്റി ലിസ്റ്റ് പരിശോധിച്ചാല്‍ ഇളവ് ബാധകമാണോയെന്ന് മനസിലാക്കാം. സാലിക്കില്‍ ഇളവുളള വാഹനങ്ങള്‍ക്ക് ദുബായ് മാളിലെ പാർക്കിങ് ഫീസിലും ഇളവുണ്ട്. അതായത് പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് എന്നിവയ്ക്കെല്ലാം ഇളവുണ്ട്.

മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും പാർക്കിങ് ഫീസില്‍ ഇളവില്ല. പാർക്ക് ചെയ്യുന്ന സമയത്തിന് അനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്. പാർക്ക് ചെയ്ത ആദ്യ നാല് മണിക്കൂറിന് ഫീസ് ഈടാക്കില്ല. വാരാന്ത്യത്തില്‍ ആറുമണിക്കൂർ വരെ ഫീസ് നല്‍കേണ്ടതില്ല.

∙ ഫീസ് ഇപ്രകാരം
4 മുതല്‍ 5 മണിക്കൂർ വരെ 20 ദിർഹം, 5 മുതല്‍ 6 മണിക്കൂർ വരെ 60 ദിർഹം, 6 മുതല്‍ 7 മണിക്കൂർ വരെ 80 ദിർഹം, 7 മുതല്‍ 8 മണിക്കൂർ വരെ 100 ദിർഹം, 8 മുതല്‍ 12 മണിക്കൂർ വരെ 200 ദിർഹവും 12 മണിക്കൂറില്‍ കൂടുതലായാല്‍ 500 ദിർഹവും 24 മണിക്കൂറിലെ പാർക്കിങിന് 1000 ദിർഹവുമാണ് ഫീസ്.

വാഹനം പെയ്ഡ് പാർക്കിങ് സോണിലേക്ക് കയറുമ്പോള്‍ നമ്പർ പ്ലേറ്റ് ക്യാമറയില്‍ പകർത്തും. പ്ലേറ്റ് നമ്പർ തിരിച്ചറിഞ്ഞ് സാലിക്ക് അക്കൗണ്ടില്‍ നിന്നാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. പ്രവേശന സമയം മുതല്‍ പുറത്തുകടക്കുന്നതുവരെയുളള സമയം കണക്കാക്കിയാണ് ഫീസ് ഈടാക്കുക. അതായത് വാഹനത്തിന് സാലിക്ക് അക്കൗണ്ട് നിർബന്ധമാണ്. സാലിക്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ പിന്നീട് റീചാർജ് ചെയ്യുമ്പോള്‍ ഈ തുക ഈടാക്കും. പാർക്കിങ് ഫീസ് അടക്കാത്തവർക്ക് പിഴ ഈടാക്കുമോയെന്നുളളതില്‍ നിലവില്‍ വ്യക്തതയില്ല.

പാർക്കിങ് ഫീസ് എന്നിവ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ customerservice@salik.ae എന്നതിലേക്ക് ഇമെയില്‍ അയക്കാം. 800-സാലിക്കിലേക്ക് വിളിച്ചും സാലിക്ക് ഉപഭോക്തൃസേവന കേന്ദ്രത്തിലെത്തിയും പരാതി നല്‍കാവുന്നതാണ്. സാലിക്ക് ടാഗ് ഓണ്‍ലൈനിലൂടെയും കരീം ക്യുക്കിലൂടെയും യുഎഇയിലെ വിവിധ പെട്രോള്‍ സ്റ്റേഷനുകളിലൂടെയും വാങ്ങാം. നിലവില്‍ ദുബായ് മാളില്‍ മാത്രമാണ് സാലിക്കിലൂടെ പാർക്കിങ് ഫീസ് അടയ്ക്കാന്‍ സാധിക്കുന്നത്. അതായത് ദുബായ് മാളില്‍ സാലിക്കിലൂടെ മാത്രമെ ഫീസ് അടയ്ക്കാന്‍ സാധിക്കൂ, നേരിട്ട് ഫീസ്  അടയ്ക്കാന്‍ സാധിക്കില്ലെന്ന് സാരം.

English Summary:

Paid Parking at Dubai Mall from July 1: All You Need to Know About the New Parking System at Dubai Mall, Free Areas, Exemptions & More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com