ഡെലിവറി ഡ്രൈവർമാർക്കുള്ള വിശ്രമകേന്ദ്രം വ്യാപിപ്പിക്കാൻ അബുദാബി നഗരസഭ
Mail This Article
അബുദാബി ∙ കൊടുംചൂടിൽ ബൈക്ക് ഡെലിവറി ഡ്രൈവർമാർക്കായി അബുദാബിയിൽ അത്യാധുനിക സൗകര്യമുള്ള വിശ്രമ കേന്ദ്രം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. അബുദാബി ഐലൻഡ്, ഖലീഫ സിറ്റി, ഷഖ്ബൂത്ത് സിറ്റി എന്നിവിടങ്ങളിൽ സ്ഥിരം വിശ്രമ കേന്ദ്രം ഒരുക്കും.
ലഘു ഭക്ഷണത്തിനുള്ള ഡിസ്പെൻസർ, തണുത്ത വെള്ളം, മൊബൈൽ റീചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ വിശ്രമ കേന്ദ്രത്തിലുണ്ടാകും. ഓരോ മേഖലയുടെയും പ്രാധാന്യം അനുസരിച്ച് കുറഞ്ഞത് 10 പേർക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. വിശ്രമകേന്ദ്രത്തിനു പുറത്തും തണൽ ലഭിക്കും വിധത്തിലാകും രൂപകൽപന.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജോലിയുടെ ഇടവേളകളിൽ ഡെലിവറി ഡ്രൈവർമാർക്ക് വിശ്രമിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. ഡെലിവറി ഡ്രൈവർമാർക്ക് സുഗമമായി കൃത്യനിർവഹണം സാധ്യമാക്കുന്നതിന് അനുയോജ്യമായ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിശ്രമകേന്ദ്രങ്ങൾ വ്യാപകമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഡെലിവറി ബിസിനസ് വ്യാപകമായ പശ്ചാത്തലത്തിൽ കാലോചിതമായി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി ഗതാഗത, നഗരസഭ അധികൃതർ അറിയിച്ചു. ഡെലിവറി കമ്പനികളുമായി സഹകരിച്ച് കൂടുതൽ ഡിമാൻഡുള്ള മേഖലകൾ കണ്ടെത്തിയാണ് വിശ്രമകേന്ദ്രം സജ്ജമാക്കിവരുന്നത്.
കഴിഞ്ഞ ജൂലൈയിൽ മേഖലയിൽ ആദ്യമായി അബുദാബിയിൽ ബൈക്ക് വിശ്രമ കേന്ദ്രം സ്ഥാപിച്ചത് ഡെലിവറി ഡ്രൈവർമാർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. കടുത്തചൂടിൽ അൽപം വിശ്രമിക്കാൻ ഇടം ലഭിച്ചത് ഒട്ടേറെ പേരാണ് ഉപയോഗപ്പെടുത്തിയത്. ഇതിനു പുറമെ സഞ്ചരിക്കുന്ന വിശ്രമ കേന്ദ്രവും (ബസ്) ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിർത്തിയിടുന്ന ശീതീകരിച്ച പ്രത്യേക ബസ്സിലും ബൈക്ക് ഡ്രൈവർമാർക്ക് വിശ്രമിക്കാം. ഖലീഫ സിറ്റി, ഷംഖ, അൽവത്ബ, അൽഐൻ എന്നിവിടങ്ങളിലാണ് ബസ് നിർത്തിയിടുക. വിശ്രമസൗകര്യം ലഭിച്ചതോടെ ബൈക്ക് ഡ്രൈവർമാർക്കിടയിൽ അപകടവും മരണവും കുറഞ്ഞതായും റിപ്പോർട്ടുണ്ട്.