ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 105 ദിവസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കും. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി 12ന് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കായുള്ള പരിശോധന നാളെ മുതൽ  ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്കുശേഷവും രാജ്യത്തു തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

മാർച്ച് 17ന് ആരംഭിച്ച 3 മാസത്തെ പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കാനിരിക്കെ 2 ആഴ്ചത്തേക്കുകൂടി നീട്ടുകയായിരുന്നു. നടപടി പൂർത്തിയാക്കാൻ അൽപംകൂടി സാവകാശം വേണമെന്ന് അഭ്യർച്ചതിനെ തുടർന്ന് നീട്ടിയ കാലാവധിയാണ് ഇന്നു രാത്രിയോടെ തീരുന്നത്. 

കുവൈത്തിൽ നിയമലംഘകരായി 1.2 ലക്ഷം പേർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ 105 ദിവസം ലഭിച്ചിട്ടും പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം വളരെ കുറവാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കും. 

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ കുവൈത്തിൽ തിരിച്ചുവരാം. പിഴ അടച്ച് പുതിയ വീസയിലേക്ക് മാറാനും അവസരമുണ്ട്. ഇവർ നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടിവരും. നിയമലംഘകരെ പാർപ്പിക്കുന്നതിന് 3500 പേരെ ഉൾക്കൊള്ളുന്ന 4 കേന്ദ്രങ്ങൾ സജ്ജമാണന്നും അറിയിച്ചു.

English Summary:

Kuwait Braces for Massive Crackdown on Visa Violators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com