‘ഇനി ആകാശയാത്ര എമിറേറ്റ്സ് എയർലൈൻസിൽ മാത്രം’; 101 വയസ്സുകാരിയുടെ മനം നിറച്ച് വിമാന കമ്പനി
Mail This Article
ദുബായ്∙ ഇനി ആകാശയാത്ര എമിറേറ്റ്സ് എയർലൈൻസിൽ മാത്രമാക്കുന്നതിന് 101 വയസ്സുകാരി റാചിദ സ്മതി തീരുമാനിച്ചു. തീരുമാനത്തിന് പിന്നിൽ അൾജീരിയയിലേക്കുള്ള യാത്രയിൽ എമിറേറ്റ്സ് വിമാനത്തിൽ ലഭിച്ച സ്നേഹമസൃണമായ സ്വീകരണമാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ അൾജീരിയയിലേക്കുള്ള യാത്രയിലാണ് ഈ വയോധിക എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തത്
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ റാചിദയ്ക്ക് അത്ഭുതമായിരുന്നു. വിമാന അധികൃതർ ഇവർക്ക് പ്രമുഖ അതിഥികൾക്കുള്ള ഫസ്റ്റ് ക്ലാസ് സൗകര്യമാണ് നൽകിയത്. വിമാനത്താവള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഫസ്റ്റ് ക്ലാസ് ലോഞ്ചിലേക്ക് കൊണ്ടുപോയി.
വിമാനത്തിൽ കയറുന്നതിന് മുമ്പ് റാചിദക്ക് അവിടെ വിശ്രമിക്കാൻ അവസരം ലഭിച്ചു. പിന്നീട് വിമാനത്തിൽ കയറിയപ്പോൾ, വിഐപി യാത്രക്കാരിയായ റാചിദയുടെ എല്ലാ കാര്യങ്ങളും കാബിൻ ക്രൂ ഏറ്റെടുത്തു. യാത്ര സുഖകരവും അവിസ്മരണീയവുമാക്കാൻ ജീവനക്കാർ പരമാവധി ശ്രമിച്ചു. ഇതെല്ലാം കണ്ട്, എമിറേറ്റ്‌സിനെ നന്നായി മനസ്സിലാക്കിയെന്നും സ്ഥിരം യാത്രക്കാരിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും റാചിദ അറിയിച്ചു. എല്ലാ ടച്ച്‌പോയിന്‍റുകളിലും തനിക്ക് സുഗമമായ യാത്രാനുഭവം ഒരുക്കിയ എല്ലാവരോടും റാചിദ നന്ദി പറഞ്ഞു.
ദുബായിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാനാണ് റാചിദ അൾജീരിയയിൽ നിന്ന് എത്തിയത്. 1923-ൽ അൾജീരിയയിൽ ജനിച്ച റാചിദ 21-ാം വയസ്സിൽ പാരിസിലേക്കായിരുന്നു ആദ്യമായി വിമാനയാത്ര നടത്തിയത്. അതിന് ശേഷം റാചിദ ഒരു സഞ്ചാരപ്രിയയായി മാറി. എമിറേറ്റ്‌സിന്‍റെ ഊഷ്മളമായ സ്വീകരണവും സുഖകരമായ യാത്രയും റാചിദയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. യാത്രക്കാരെ ഇത്രയും ശ്രദ്ധിക്കുകയും അവരുടെ എല്ലാ കാര്യത്തിലും ശ്രദ്ധ കാണിക്കുകയും ചെയ്യുന്ന മറ്റൊരു വിമാനക്കമ്പനിയും ഇല്ലെന്ന് ഈ മുത്തശ്ശിയുടെ ഉറച്ച അഭിപ്രായം.