ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ജീവിത ചെലവ് കുതിച്ചുയരുന്നു. ഈ വർഷം ആദ്യപകുതിയിലെ കണക്കനുസരിച്ച് ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവാണ് കുത്തനെ ഉയർന്നത്. ഓൺലൈൻ ഡേറ്റാബേസ് കമ്പനി നമ്പിയോ നടത്തിയ സർവേയിൽ ദുബായിലെ ജീവിതച്ചെലവ് സൂചിക ജനുവരിയിൽ 138ാം സ്ഥാനത്തുനിന്ന് ജൂൺ ആയപ്പോഴേക്കും 70ലേക്ക് ഉയർന്നു. 

അബുദാബി 164ാം സ്ഥാനത്തുനിന്ന്  75ലേക്ക് കുതിച്ചു. നിത്യോപയോഗ സാധനങ്ങളെല്ലാം ഇതര രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ആഗോള ഘടകങ്ങളും പണപ്പെരുപ്പത്തെ സ്വാധീനിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനുവരിയിൽ പെട്രോൾ ലീറ്ററിന് 2.71 ദിർഹമുണ്ടായിരുന്നത് മേയ് ആകുമ്പോഴേക്കും 3.22 ദിർഹമായി. ജൂണിൽ അൽപം കുറവുണ്ടായെങ്കിലും ജനുവരിയിലെ നിരക്കിലേക്ക് തിരിച്ചെത്തിയിട്ടില്ല. കോവിഡിനുശേഷം വാടക ഗണ്യമായി വർധിക്കുകയാണ്. 

ആഗോള വിദഗ്ധരുടെയും നിക്ഷേപകരുടെയും യുഎഇയിലേക്കുള്ള ഒഴുക്കും റിയൽ എസ്റ്റേറ്റ് നിരക്ക് വർധനയ്ക്കു കാരണമായിട്ടുണ്ട്. 5 മാസത്തിനിടെ ദുബായിൽ 2.55 ലക്ഷം വാടക കരാറുകളാണ് റജിസ്റ്റർ ചെയ്തത്. മുൻവർഷത്തെക്കാൾ 6 ശതമാനത്തോളം വർധന. പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 109.91ൽനിന്ന് മേയ് ആയപ്പോഴേക്കും 111.34 ആയി ഉയർന്നു. വെള്ളം, വൈദ്യുതി, പാചക വാതകം, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഗതാഗതം എന്നിവയ്ക്കുള്ള ചെലവേറി. ഭക്ഷ്യോൽപ്പന്നങ്ങളിൽ 9 എണ്ണത്തിന് വില പരിധി വച്ചിട്ടുണ്ടെങ്കിലും ശേഷിച്ചവയുടെ വിലയിൽ വൻ വർധന ഉണ്ടായത് സാധാരണ, ഇടത്തരം കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മറ്റു ചെലവുകളും കൂടുകയാണ്. 

ദുബായ്.
അബുദാബി നഗരം.

യുഎസ്, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ യുഎഇയും ഇടംപിടിച്ചിരുന്നു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും  ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ മേഖലകളിൽ ബഹുമുഖ പദ്ധതികളാണ് യുഎഇ നടപ്പാക്കിവരുന്നത്. 

കൂടാതെ കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസ് ജീവനക്കാരുടെ ശുഭാപ്തി വിശ്വാസം കൂട്ടി. അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന പ്രഖ്യാപനവും ജീവിതനിലവാരം ഉയർത്താനിടയാക്കും. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി എട്ടാം തവണയും അബുദാബി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ദുബായ്, അജ്മാൻ, റാസൽഖൈമ എന്നീ നഗരങ്ങളും ആദ്യ ആറിൽ ഇടംപിടിച്ചു. ജനത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിലും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലും അബുദാബിയുടെ മികവാണ് നേട്ടത്തിനു തുണയായത്. ആഗോളതലത്തിൽ 329 നഗരങ്ങളിൽ നടത്തിയ സർവേയിലാണ് അബുദാബി സുരക്ഷിത നഗരമെന്ന പദവി നിലനിർത്തിയത്. സ്ഥിരതയുള്ള ഈ റാങ്കിങ് താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കും.

English Summary:

Cost of living in Dubai, Abu Dhabi rises in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com