തേൻ പരിശോധനയ്ക്കും എഐ; ആദ്യ കേന്ദ്രം അബുദാബിയിൽ
Mail This Article
അബുദാബി ∙ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യുഎഇയിലെ ആദ്യത്തെ തേൻ പരിശോധനാ കേന്ദ്രം അബുദാബിയിൽ തുറന്നു. പ്രാദേശിക, രാജ്യാന്തര തേൻ ഉൽപന്നങ്ങളുടെ നിലവാരം, പരിശുദ്ധി, ആധികാരികത എന്നിവ ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും.
അബുദാബി ക്വാളിറ്റി ആൻഡ് കൺഫേമിറ്റി കൗൺസിലിന്റെ പങ്കാളിത്തത്തോടെ എം42 തുറന്ന ഹണി ക്വാളിറ്റി ലബോറട്ടറി മസ്ദാർ സിറ്റിയിലെ സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറിയിലാണ് പ്രവർത്തിക്കുന്നത്. തേനിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനും മാലിന്യം കണ്ടെത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സമഗ്ര പരിശോധനകൾ നടത്തി സർട്ടിഫിക്കറ്റ് നൽകും. തേനീച്ച വളർത്തുന്നവർക്കും ഉപഭോക്താക്കൾക്കും നിലവാരം ഉറപ്പാക്കാൻ പരിശോധനാഫലം സഹായിക്കുമെന്ന് ലബോറട്ടറി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ മുഐനി പറഞ്ഞു. തേനിൻ മായമില്ലെന്ന് ഉറപ്പാക്കാനും പരിശോധന കഴിയും. പ്രാദേശിക, രാജ്യാന്തര ഉൽപാദകർക്ക് തേനിന്റെ സാംപിളുകൾ ഇവിടെ എത്തിച്ചും പരിശോധന നടത്താം.