ദേശീയ സർവീസ് റിക്രൂട്ട്‌മെന്റുകൾക്കായി ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള 'ഏകദിന ടെസ്റ്റ്' റാസൽഖൈമയിലും
Mail This Article
റാസൽഖൈമ ∙ ദേശീയ സർവീസ് റിക്രൂട്ട്‌മെന്റുകൾക്കായി ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള 'ഏകദിന ടെസ്റ്റ്' സംരംഭം റാസൽഖൈമയിലും. നേരത്തെ ഷാർജയിലും ഫുജൈറയിലും നടപ്പിലാക്കി വിജയിച്ച പദ്ധതിയാണിത്.
ദേശീയ സർവീസ് റിക്രൂട്ട്‌മെന്റുകൾക്കായി ഡ്രൈവിങ് ലൈസൻസുകൾ സുഗമമാക്കുന്നതിനുള്ള സംരംഭം റാസൽഖൈമ പൊലീസ്, ഓട്ടോമോട്ടീവ് ആൻഡ് ഡ്രൈവർ ലൈസൻസിങ് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ആൻഡ് ലൈസൻസിങ് സെന്റർ വഴി അവതരിപ്പിച്ചു. ഈ മാസം മുതൽ ഡിസംബർ വരെ നടത്താനിരിക്കുന്ന ഫാസ്റ്റ് ട്രാക്ക് നടപടിക്രമം, സൈനികർക്ക് ഒറ്റ ദിവസം കൊണ്ട് നേത്രപരിശോധനയും ആന്തരികവും ബാഹ്യവുമായ പ്രായോഗിക പരിശോധനകൾ പൂർത്തിയാക്കാൻ കഴിയുന്ന കാര്യക്ഷമമായ പ്രക്രിയ വാഗ്ദാനം ചെയ്യുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദേശീയ സേവനത്തിലെ സൈനികരുടെ സമയവും പ്രയത്‌നവും ലാഭിക്കുന്നതിനാണ് ഏകദിന ടെസ്റ്റ് സർവീസ് ആരംഭിച്ചതെന്ന് റാസൽഖൈമ പൊലീസ് മെഷിനറി ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പ് ഡയറക്ടർ കേണൽ സഖിർ ബിൻ സുൽത്താൻ അൽ ഖാസിമി വിശദീകരിച്ചു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ദിവസങ്ങളോളം ഹാജരാകുന്നത് ഇതോടെ ഒഴിവാകും.
തിയറി, ഇന്റേണൽ, എക്സ്റ്റേണൽ (ഓൺ-റോഡ്) ടെസ്റ്റുകൾ ഒരു ദിവസത്തേയ്ക്ക് സംയോജിപ്പിച്ച്, തിയറി പരീക്ഷ വിജയകരമായി പാസാക്കി, ആവശ്യമായ പരിശീലന സമയം, മൂല്യനിർണയം, എക്‌സ്പ്രസ് വേ ടെസ്റ്റുകൾ എന്നിവ പൂർത്തിയാക്കിയാൽ ഒരാൾക്ക് ഒരു ദിവസം കൊണ്ട് ഡ്രൈവിങ് ലൈസൻസ് നേടാനാകും. ആവശ്യമായ നടപടികളും മാർഗനിർദ്ദേശങ്ങളും വിശദീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ആപ്പ് ഉപയോഗിച്ച് ഈ സംരംഭം പ്രയോജനപ്പെടുത്താൻ അഭ്യർഥിച്ചു. അപേക്ഷകർ ബിരുദധാരികളായിരിക്കണം. ഫുജൈറയിലും കഴിഞ്ഞ വർഷം ഷാർജയിലും ഏകദിന ഡ്രൈവിങ് ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എമിറേറ്റിലെ ഏകദിന ടെസ്റ്റ് സംരംഭത്തിൽ നിന്ന് 194 പുരുഷന്മാരും സ്ത്രീകളും പരിശീലനം നേടിയതായി ഷാർജ പൊലീസ് അറിയിച്ചു.