ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്
Mail This Article
ദമാം ∙ ആശുപത്രി മോർച്ചറിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്. സൗദിയിലെ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽനിന്ന് നൽകിയ മൃതദേഹം കുളിപ്പിക്കാനെടുത്തപ്പോഴാണ് നാൽപതുകാരനായ തങ്ങളുടെ മകന്റെ മൃതദേഹം അല്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്. ഉടൻ മൃതദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അല്‍ഹസയില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ച മൃതദേഹം അല്‍ഹസ ആശുപത്രി മോര്‍ച്ചറി നിറഞ്ഞതിനാല്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കുടുംബം മൃതദേഹം സ്വീകരിച്ച് അല്‍ഹസയിലേക്ക് കൊണ്ടുപോവുകയും മയ്യിത്ത് നമസ്‌കാരം ബന്ധുക്കളെയും മറ്റും അറിയിക്കുകയും ചെയ്തു.
മയ്യിത്ത് കുളിപ്പിക്കാനായി എടുത്ത സമയത്താണ് ഇത് തങ്ങളുടെ മകന്റെതല്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്. മയ്യിത്ത് നമസ്‌കാരം നീട്ടിവയ്ക്കുകയും മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയുമായിരുന്നു.