വൈകിപ്പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കുറവ് 'കാരണം': വ്യാപക പരാതി
Mail This Article
നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ റദ്ദാക്കലും വൈകിപ്പറക്കലും യാത്രക്കാർക്ക് ദുരിതമാകുന്നു. വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതായും പരാതിയുണ്ട്.
ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള വിമാനം 12 മണിക്കാണ് എത്തിയത്. രാത്രി 9.20ന് എത്തേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.10നാണ് എത്തിയത്. ഇന്നലെ രാവിലെ 5.30ന് എത്തേണ്ട അബുദാബിയിൽ നിന്നുള്ള വിമാനം 10 മണിക്കാണ് എത്തിയത്. ഉച്ചയ്ക്ക് 12ന് എത്തേണ്ട ഷാർജ വിമാനം റദ്ദാക്കി. വൈകിട്ട് 5.45ന് എത്തേണ്ട മസ്കത്തിൽ നിന്നുള്ള വിമാനം രാത്രി ഒൻപതരയോടെയാണ് എത്തിയത്.
ചൊവ്വാഴ്ച രാവിലെ 10.45ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ വിമാനം ഉച്ചയ്ക്ക് 2 മണിക്കാണ് പുറപ്പെട്ടത്. രാത്രി 8.15ന് പുറപ്പെടേണ്ട ദോഹ വിമാനം ഇന്നലെ രാത്രി 12.30നാണ് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ 2.05ന് പുറപ്പെടേണ്ടിയിരുന്ന ഷാർജ വിമാനം റദ്ദാക്കി. 8.55ന് പുറപ്പെടേണ്ട മസ്കത്ത് വിമാനം 11നാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ട ദുബായ് വിമാനം രാത്രി വൈകി പുറപ്പെടുമെന്നാണ് അവസാനം കിട്ടിയ അറിയിപ്പ്.
വിമാന ജീവനക്കാരുടെ കുറവാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമായി പറയുന്നത്. രാജ്യാന്തര വിമാനത്തിൽ പോകാനായി 4 മണിക്കൂർ മുൻപും മറ്റും എത്തുന്ന യാത്രക്കാർ പിന്നെയും മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്. എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷം കേരളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം 33 ശതമാനം വർധിച്ചുവെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.
പുതിയ സർവീസ് ഏർപ്പെടുത്തിയ ചില റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കമ്പനിയെ വെട്ടിലാക്കിയിട്ടുണ്ട്. കണ്ണൂർ – റാസൽഖൈമ റൂട്ടിൽ പ്രതീക്ഷിച്ചപോലെ യാത്രക്കാരെ ലഭിച്ചില്ല. എന്നാൽ വിമാനജീവനക്കാരെ പരിശീലിപ്പിക്കുന്നതിലെ സംവിധാനത്തിലെ പരിമിതികൾ മൂലം പരിശീലനം സിദ്ധിച്ച ജീവനക്കാരെ കിട്ടാത്ത അവസ്ഥയുണ്ട്. ഇത് സർവീസ് മുടങ്ങുന്നതിനും കാരണമായെന്നാണ് കമ്പനിയുടെ വാദം. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലും സർവീസ് റദ്ദാക്കുന്ന സ്ഥിതിയുണ്ട്.